യുഎഇയുടെ പുതിയ പ്രസിഡന്‍റിന് ലോകത്തിന്റെ അഭിനന്ദനം

യുഎഇയുടെ പുതിയ പ്രസിഡന്‍റിന് ലോകത്തിന്റെ അഭിനന്ദനം

 അബുദബി: യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനപ്രവാഹം.
കഴിഞ്ഞ ദിവസമാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരിള്‍ ഉള്‍പ്പെടുന്ന ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അബുദബി അല്‍ മുഷ്രിഫ് കൊട്ടാരത്തില്‍ വച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

യുഎഇയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുന്നുവെന്നാണ് ജോ ബിഡന്‍റെ സന്ദേശം. വരും മാസങ്ങളിലും വരും വർഷങ്ങളിലും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു. അന്തരിച്ച പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫയുടെ സ്മരണയെ യുഎസ് ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടനിലെ ക്വീന്‍ എലിസബത്ത്, സൗദി അറേബ്യയിലെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിംഗ്, ബഹ്റിന്‍ രാജാവ് കിംഗ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ എന്നിവരും ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദനം അറിയിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സന്ദർശിച്ചു. ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. പുതിയ പ്രസിഡന്‍റിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു, യുഎഇയുടെ ഇനിയുളള പുരോഗതിക്കും വികസനത്തിനും ചുക്കാന്‍ പിടിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കഴിഞ്ഞ ദിവസം അമീറിന്‍റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനിയും യുഎഇയിലെത്തിയിരുന്നു.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബ, ഈജിപ്ത് പ്രസിഡന്‍റ് ആബെല്‍ ഫത്താ അല്‍ സിസി, ജോർദ്ദാന്‍ രാജാവ് കിംഗ് അബ്ദുളളയും ഷെയ്ഖ് മുഹമ്മദിന് അഭിനന്ദനം അറിയിച്ചു.

യുഎഇയുടെ പുതിയ പ്രസിഡന്‍റിന് അഭിനന്ദനങ്ങള്‍, ഇന്ത്യയും യുഎഇയും തമ്മിലുളള സമഗ്രമായ പങ്കാളിത്തം കൂടുതല്‍ ആഴത്തില്‍ തുടരുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദേശം. ഷെയ്ഖ് മുഹമ്മദിന്‍റെ ചലാത്മകവും ദീർഘവീക്ഷണവുമുളള നേതൃത്വത്തിന് കീഴില്‍ അത് സാധ്യമാകുമെന്നും അദ്ദേഹം കുറിച്ചു. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അബുദബിയിലെത്തിയിരുന്നു.

പാകിസ്ഥാന്‍ പ്രസിഡന്‍റ് ഡോ അർഫി അല്‍വി, റഷ്യന്‍ പ്രസിഡന്‍റ് വ്ളാർഡ്മിർ പുടിന്‍, പലസ്തീന്‍ പ്രസിഡന്‍റ് മുഹമ്മദ് അബാസ്,ജിസിസി സെക്രട്ടറി ജനറല്‍ ഡോ നായെഫ് ഫലാ മുബാറക്ക് അല്‍ ഹജ്റഫ് തുടങ്ങിയവും അഭിനന്ദനങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.