മാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകള്‍ക്കകം നാട്ടുകാരുടെ പ്രതിഷേധം; മുട്ടയേറ്

മാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകള്‍ക്കകം നാട്ടുകാരുടെ പ്രതിഷേധം; മുട്ടയേറ്

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകള്‍ക്കകം മുട്ടയേറ്. ജന്മദേശമായ ലിങ്കണ്‍ഷെയറിലെ ഗ്രാന്‍ഥം നഗരത്തില്‍ സ്ഥാപിച്ച വെങ്കല പ്രതിമയ്ക്കു നേരേയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്.

പുതിയ പ്രതിമയ്ക്കു നേരേ ആക്രമണമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ സ്മാരകത്തിനു ചുറ്റും പോലീസ് താല്‍ക്കാലിക വേലിയും നിരീക്ഷണ കാമറയും സ്ഥാപിച്ചിരുന്നു. ഇന്നലെ രാവിലെ ചടങ്ങുകളില്ലാതെയാണ് 10 അടി ഉയരമുള്ള, ഗ്രാനൈറ്റില്‍ നിര്‍മിച്ച സ്തംഭത്തില്‍ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ പ്രതിമ അനാച്ഛാദനം ചെയ്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞതോടെ നാട്ടുകാരനായ ഒരാള്‍ വേലിക്ക് പിന്നില്‍ നിന്ന് മുട്ടകള്‍ എറിയുകയായിരുന്നു. തുടര്‍ന്ന് വാക്കുകള്‍ കൊണ്ടുള്ള ആക്രോശവുമുണ്ടായി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2019 ഫെബ്രുവരിയിലാണ് 367,349 ഡോളര്‍ ചെലവിട്ട് പ്രതിമ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. കോവിഡ് വ്യാപനം കാരണം അനാച്ഛാദനം നീട്ടിവയ്ക്കുകയായിരുന്നു.

അനാച്ഛാദന ചടങ്ങ് ആസൂത്രണം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ചിലര്‍ ഫേസ്ബുക്കില്‍ പ്രതിമയ്ക്കു നേരേ 'മുട്ട എറിയല്‍ മത്സരം' എന്ന പേരില്‍ പേജ് ക്രിയേറ്റ് ചെയ്തു. 13,000 പേരാണ് താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

മുട്ട എറിയല്‍ പ്രതിഷേധം പ്രദേശത്ത് വലിയ നടുക്കമുണ്ടാക്കി. എന്നാല്‍ ഇതിനെ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. മുട്ട എറിയല്‍ അനിവാര്യമായിരുന്നുവെന്നാണ് ലേബര്‍ കൗണ്‍സിലര്‍ ലീ സ്റ്റെപ്റ്റോ പറഞ്ഞത്. ഈ പ്രതിമ എപ്പോഴും പ്രതിഷേധക്കാരുടെ ഒരു പ്രധാന ലക്ഷ്യമായിരിക്കും. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയായിരുന്നു അവര്‍ - ലീ സ്റ്റെപ്റ്റോ കുറ്റപ്പെടുത്തി.

പ്രതിമ ആദ്യം പാര്‍ലമെന്റിനു സമീപം സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആക്രമണമുണ്ടാകുമെന്ന ഭയം കാരണം ആ പദ്ധതി ഉപേക്ഷിച്ചു.

കടുത്ത യാഥാസ്ഥിതിക നേതാവായിരുന്ന മാര്‍ഗരറ്റ് താച്ചറിനെതിരേ പ്രദേശത്ത് വലിയ എതിര്‍പ്പുണ്ട്. യഥാസ്തിക നയങ്ങള്‍ അടിച്ചേല്‍പ്പിച്ച അവരുടെ ഭരണശൈലി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

1979 മുതല്‍ 1990 വരെയാണ് മാര്‍ഗരറ്റ് താച്ചര്‍ പ്രധാനമന്ത്രി പദം വഹിച്ചത്. 1975 മുതല്‍ 1990 വരെയുള്ള കാലയളവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഒരേയൊരു വനിതയാണിവര്‍. 'ഉരുക്കുവനിത', 'മാഡ് മാഗി' എന്നീ വിളിപ്പേരുകളിലും ഇവര്‍ അറിയപ്പെട്ടിരുന്നു. താച്ചര്‍ അധികാരത്തില്‍ വരുമ്പോള്‍ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മോശാവസ്ഥയിലായിരുന്നു. തൊഴില്‍സമരങ്ങളുടെ വേലിയേറ്റത്തെ ഉരുക്കുമുഷ്ടികൊണ്ടാണ് അവര്‍ അടിച്ചമര്‍ത്തിയത്. എങ്കിലും താച്ചറുടെ നയങ്ങള്‍ പിന്നീട് ഫലം നല്‍കിത്തുടങ്ങി. സമ്പദ് വ്യവസ്ഥ ഉയിര്‍ത്തെഴുന്നേറ്റു. 2013-നാണ് അന്തരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.