ശമ്പളം നല്‍കാന്‍ പണമില്ല: വലിയ അളവില്‍ നോട്ട് അടിക്കാനൊരുങ്ങി ശ്രീലങ്ക; വന്‍ അബദ്ധമെന്ന് വിദഗ്ദ്ധര്‍

ശമ്പളം നല്‍കാന്‍ പണമില്ല: വലിയ അളവില്‍ നോട്ട് അടിക്കാനൊരുങ്ങി ശ്രീലങ്ക; വന്‍ അബദ്ധമെന്ന് വിദഗ്ദ്ധര്‍

കൊളംബോ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വലിയ അളവില്‍ നോട്ട് അടിക്കാനൊരുങ്ങി ശ്രീലങ്ക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് പണം അച്ചടിക്കാന്‍ നിര്‍ബന്ധിതനാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതിസന്ധി മുന്നില്‍ കണ്ട് മുന്‍ സര്‍ക്കാര്‍ വ്യാപകമായി പണം അച്ചടിക്കാന്‍ തുടങ്ങിയിരുന്നു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചതില്‍ ഒരു കാരണവും ഇതായിരുന്നു.

രാജ്യത്തെ തകര്‍ത്ത ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം. വേറെ വഴിയില്ലാത്തതിനാല്‍ ഇങ്ങനെ ചെയ്യുന്നു എന്ന വിലാപം മാത്രമാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. 2021ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ 1.2 ട്രില്യണ്‍ രൂപ അച്ചടിച്ചു. 2022ന്റെ ആദ്യ പാദത്തില്‍ തന്നെ 588 ബില്യണ്‍ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ശ്രീലങ്കയുടെ പണ വിതരണം 42%മായാണ് വര്‍ധിച്ചത്.

രാജ്യത്തെ കണക്കുകളിലെ കമ്മി ഒളിപ്പിക്കുന്നതിനായി മനപൂര്‍വം ഈ പണം മിച്ചം വരുത്താനായിട്ടാണ് ഈ വഴി സ്വീകരിക്കുന്നത്. ഈ തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുന്‍ സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംങ് പ്രസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തൊട്ടുമുന്നിലെ പ്രതിസന്ധി ഒഴിവാക്കാന്‍ പണം അച്ചടിക്കുന്നത് ആകര്‍ഷകമായ ഒരു ആശയമായി തോന്നിയേക്കാമെങ്കിലും അതൊരു കെണിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നില്ല. എന്നാല്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ ഇറങ്ങുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതല്‍ പണം ഉള്ളതിനാല്‍ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടും.

എന്നാല്‍ ഉല്‍പാദനത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും രാജ്യം എത്തുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും. തെറ്റായ സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ കോവിഡ് കാലത്ത് രാജ്യത്തെ അഞ്ചാമത്തെ വലിയ വിദേശ വരുമാന സ്രോതസായ ടൂറിസം തകര്‍ന്നതും തിരിച്ചടിയായി. 2019 ഡിസംബറില്‍ നികുതി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയും സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കുകയായിരുന്നു.

ഇതിന് പുറമേ രാസവളങ്ങളുടെ ഇറക്കുമതി ആശ്രിതത്വം ഇല്ലാതാക്കാന്‍ രാജപക്സെ സര്‍ക്കാര്‍ ജൈവകൃഷി പ്രോത്സാഹിപ്പിച്ചതും രാജ്യത്തെ കാര്‍ഷിക ഉല്‍പാദനത്തെ ബാധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.