കാലിഫോര്‍ണിയയില്‍ വന്‍ മയക്കുമരുന്നു വേട്ട; മെക്സിക്കോയില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന ഭീമന്‍ തുരങ്കം യുഎസ് പൊലീസ് കണ്ടെത്തി

കാലിഫോര്‍ണിയയില്‍ വന്‍ മയക്കുമരുന്നു വേട്ട; മെക്സിക്കോയില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന ഭീമന്‍ തുരങ്കം യുഎസ് പൊലീസ് കണ്ടെത്തി

കാലിഫോര്‍ണിയ: മെക്‌സിക്കോയിലെ ടിജുവാനയില്‍ നിന്ന് യുഎസിലെ സാന്‍ ഡിയാഗോയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഭീമന്‍ തുരങ്കം യുഎസ് പൊലീസ് കണ്ടെത്തി. സാന്‍ ഡിയാഗോയിലെ ഒരു വെയര്‍ഹൗസുമായി ബന്ധിപ്പിച്ച തുരങ്കത്തിന് 1,744 അടി (531 മീറ്റര്‍) നീളവും നാല് അടി (ഒരു മീറ്റര്‍) വ്യാസവുമുണ്ടെന്ന് കാലിഫോര്‍ണിയയിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഇതുവരെ യുഎസ് പൊലീസ് കണ്ടെത്തിയ രണ്ടാമത് വലുപ്പമുള്ള മയക്കുമരുന്ന് കടത്ത് തുരങ്കമാണിത്. ഇതോടൊപ്പം തുരങ്കംവഴി അമേരിക്കയിലേക്ക് കടത്തിയ 25 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന 875 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു

സാന്‍ ഡിയാഗോയിലെ ഒരു വെയര്‍ഹൗസില്‍ നിന്ന് സംശയാസ്പദമായി വാഹനങ്ങള്‍ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മെക്സികോയില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നുകള്‍ യുഎസിലേക്ക് കടത്താന്‍ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തിയത്.

വെയര്‍ഹൗസില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍ വരുന്നതും പോകുന്നതും പൊലീസ് നിരീക്ഷിച്ചു. ഗാരേജില്‍ എത്തിയ വാഹനത്തിനുള്ളില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ചെറുപ്പക്കാരായ ചിലര്‍ കാഡ്ബോര്‍ഡ് ബോക്സുകള്‍ ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ പൊലീസ് പിടികൂടി.

വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 799 കിലോ കൊക്കെയ്ന്‍, 74 കിലോ മെത്താംഫെറ്റാമൈന്‍, 1.5 കിലോ ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 31 നും 55 നും ഇടയില്‍ പ്രായമുള്ള ആറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെല്ലാം കാലിഫോര്‍ണിയ സ്വദേശികളാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് തുരങ്കത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ലഭിച്ചത്.

വെയര്‍ഹൗസിന്റെ രഹസ്യ മുറിക്കുള്ളിലായിരുന്നു തുരങ്കപാതയിലേക്കുള്ള വാതില്‍. വാതില്‍ തുറന്ന് താഴേക്ക് ഇറങ്ങി പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതാവശ്യമായ എല്ലാ സൗകര്യങ്ങളോടെയുള്ളതായിരുന്നു തുരങ്കം. മയക്കുമരുന്നുകള്‍ ചെറിയ ട്രോളിയില്‍ കൊണ്ടുപോകുന്നതിനായി റെയില്‍വേയ്ക്ക് സമാനമായ ട്രാക്കും വെളിച്ചത്തിന് ബള്‍ബുകളും വായുസഞ്ചാരത്തിന് വെന്റിലേഷനുകളുമൊക്കെ തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു.

'നിരോധിത മയക്കുമരുന്നുകള്‍ രാജ്യത്ത് എത്താതിരിക്കാനും അതു ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും എല്ലാ ഭൂഗര്‍ഭ കള്ളക്കടത്ത് വഴികളും നീക്കം ചെയ്യുമെന്ന് യുഎസ് അറ്റോര്‍ണി റാന്‍ഡി ഗ്രോസ്മാന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ സാന്‍ ഡീഗോയിലെ ഒട്ടേമെസ അതിര്‍ത്തി പ്രദേശത്ത് ഒരു ഡസനിലധികം മയക്കുമരുന്നു കടത്ത് തുരങ്കങ്ങളാണ് യുഎസ് പോലീസ് കണ്ടെത്തിയത്. 1993 മുതല്‍, ഇത്തരത്തിലുള്ള 90 രഹസ്യഭാഗങ്ങള്‍ കണ്ടെത്തി.

ഇതിനു മുന്‍പ് 2020 ലാണ് കാലിഫോര്‍ണിയയില്‍ മയക്കുമരുന്ന് കടത്ത് തുരങ്കം കണ്ടെത്തിയത്. 4,309 അടി (1,313 മീറ്റര്‍) നീളമുള്ള ഈ തുരങ്കം ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ഇപ്പോള്‍ കണ്ടെത്തിയത് രണ്ടാമത്തെ വലുപ്പമുള്ള തുരങ്കവും. ഇത്തരം തുരങ്കങ്ങള്‍ കോണ്‍ക്രീറ്റ് നിറച്ച് അടയ്ക്കുകയാണ് രീതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.