ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം പൈലറ്റുമാര്‍ മനപ്പൂര്‍വം വരുത്തി വച്ചത്? ബ്ലാക്‌ബോക്‌സ് വിവരങ്ങള്‍ പുറത്ത്

ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ  വിമാനാപകടം പൈലറ്റുമാര്‍ മനപ്പൂര്‍വം വരുത്തി വച്ചത്? ബ്ലാക്‌ബോക്‌സ് വിവരങ്ങള്‍ പുറത്ത്

ബീജിംഗ്: ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം പൈലറ്റുമാര്‍ മനപ്പൂര്‍വം വരുത്തി വച്ചതാണോ എന്ന സംശയം ഉയരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധനയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് അധികൃതരെ എത്തിച്ചത്.

കോക്പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂര്‍വം വരുത്തിവച്ചതാണ് ഈ അപകടമെന്നാണ് വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് ഫ്‌ളൈറ്റ് റെക്കോഡറുകളില്‍ നിന്ന് ലഭിച്ച ഡാറ്റ പരിശോധനയില്‍ നിന്ന് വ്യക്തമായത്. അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരാണ് ഇത് പരിശോധിച്ചത്. കോക്പിറ്റില്‍ നിന്നുള്ള ഇന്‍പുട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധ സംഘം വിശദമാക്കുന്നത്.

അപകടത്തിന് തൊട്ടു മുന്‍പ് അസാമാന്യ വേഗതയില്‍ സഞ്ചരിച്ച വിമാനം 29,000 അടി ഉയരത്തില്‍ വച്ച് പെട്ടന്ന് കുത്തനെ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ വിമാനത്തിന്റെ പാതയില്‍ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു.

അപകടം സംഭവിക്കുന്നതിന് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും സമീപത്തെ വിമാനങ്ങളില്‍ നിന്നും ആവര്‍ത്തിച്ച് ലഭിച്ച സന്ദേശങ്ങളോട് ഈ വിമാനത്തിലെ പൈലറ്റുമാര്‍ പ്രതികരിച്ചിരുന്നില്ല എന്നും അധികൃതര്‍ വ്യക്തമാക്കി. ഇതെല്ലാം അപകടത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

അതേസമയം, അപകടത്തില്‍പെട്ട വിമാനത്തിന്റെ പൈലറ്റുമാര്‍ ഡ്യൂട്ടിക്ക് മുമ്പ് പൂര്‍ണ ആരോഗ്യവാന്മാരായിരുന്നുവെന്നും അവര്‍ക്ക് സാമ്പത്തികമായോ കുടുംബരമായോ ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നുമാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. വിമാനത്തില്‍ നിന്ന് യാതൊരുവിധ അടിയന്തര കോഡുകളും അവര്‍ അയച്ചിട്ടില്ലെന്നും കോക്പിറ്റിന്റെ സുരക്ഷ ലംഘിക്കാനുള്ള സാധ്യതയില്ലെന്നും വിമാനക്കമ്പനി ചൂണ്ടിക്കാട്ടി.

കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് യാത്ര തിരിച്ച ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 എംയു 5735 വിമാനം ഗ്വാംഗ്ഷി പ്രവിശ്യയില്‍ വുഷൂ കുന്നിന്‍ പ്രദേശത്താണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 123 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ചൈനയില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമായിരുന്നു ഇത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.