വത്തിക്കാന്‍ സിറ്റി: ലോകത്ത് സംഘര്‍ഷങ്ങളും യുദ്ധങ്ങളും വര്‍ധിക്കുമ്പോള്‍ സമാധാനത്തിന്റെ പാതയിലേക്കു നയിക്കപ്പെടാന്‍ നവ വിശുദ്ധര്‍ പ്രചോദനമേകുമെന്ന് ഫ്രാന്‍സിസ് പാപ്പ. ലോക നേതാക്കള്‍ യുദ്ധത്തിന്റെയും വെറുപ്പിന്റെയുമല്ല, മറിച്ച് സമാധാനത്തിന്റെ നായകന്മാരാകണമെന്നും പാപ്പ അഭ്യര്‍ഥിച്ചു.
കത്തോലിക്ക സഭയ്ക്ക് പുതുതായി 10 വിശുദ്ധരെ പ്രഖ്യാപിച്ച ദിവ്യബലിക്ക് നേതൃത്വം നല്‍കിയ ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ലോകമെമ്പാടു നിന്നുമുള്ള 50,000-ത്തിലധികം വിശ്വാസികളും ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ വൈദികരും സന്യസ്തരും സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
വലിയ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ലോക നേതാക്കള്‍ ഹൃദയത്തില്‍ സംവാദത്തിന്റെ പാത സ്വീകരിക്കണമെന്നും സമാധാനത്തിന്റെ നായകന്മാരാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഈ നവവിശുദ്ധര്‍ സുവിശേഷ സാക്ഷ്യത്തിലൂടെ അവരവരുടെ രാജ്യങ്ങളുടെയും മുഴുവന്‍ മനുഷ്യകുടുംബത്തിന്റെയും ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയെ പരിപോഷിപ്പിച്ചിരിക്കുന്നതായി കാണാം. ലോകസമാധാനത്തെ തകര്‍ക്കുന്ന യുദ്ധത്തെ മാര്‍പ്പാപ്പ അപലപിക്കുകയും ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്നും പാപ്പ പറഞ്ഞു.
ദുഃഖകരമെന്നു പറയട്ടെ, ലോകത്ത് മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുകയും ചെയ്യുന്നു. നവവിശുദ്ധര്‍ ഒത്തൊരുമയുടെയും സംവാദത്തിന്റെയും പാതയിലേക്കു നയിക്കാനും പ്രശ്‌ന പരിഹാരങ്ങള്‍ക്കു പ്രചോദനമേകുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട 10 പേരുടെയും വിലയേറിയ സാക്ഷ്യത്തെ ഉയര്‍ത്തിക്കാട്ടിയാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.