ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഹോങ്കോങ്ങില്‍ അറസ്റ്റിലായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ അടുത്തയാഴ്ച കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കര്‍ദ്ദിനാളിനോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ ഉടനെ ജാമ്യം ലഭിച്ചെങ്കിലും 90 വയസുകാരനായ കര്‍ദിനാള്‍ നിയമക്കുരുക്കില്‍നിന്നു രക്ഷപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഹോങ്കോങ് ദേശീയ സുരക്ഷാ സേന.
ഏഷ്യയില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാന്മാരിലൊരാളാണ് കര്‍ദിനാള്‍ സെന്‍. കുറ്റം ചുമത്തി കര്‍ദ്ദിനാളിനെ വീണ്ടും തടങ്കലില്‍ വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് 24-നാണ് കര്‍ദ്ദിനാളിന് കോടതിയില്‍ ഹാജരാകേണ്ടത്.
സര്‍ക്കാര്‍ നിരോധിച്ച ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് വിദേശശക്തികളുമായി ഒത്തുകളിച്ചു എന്ന ആരോപണത്തിലാണ് കര്‍ദ്ദിനാളിന്റെ അറസ്റ്റ്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും നിലകൊള്ളുന്നവര്‍ക്കു വേണ്ടി നിയമ, ആരോഗ്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘടനയാണിത്. ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗമായ മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരാണ് കര്‍ദ്ദിനാളിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍. അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം നാലു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.
2002 മുതല്‍ 2009 വരെ ഹോങ്കോങ് രൂപതയുടെ ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ സെന്‍ ചൈനയിലെ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കര്‍ക്കു വേണ്ടി ശക്തമായി വാദിച്ചിട്ടുണ്ട്.
ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും അപകടാവസ്ഥയിലാണെന്നതിന്റെ ഉദാഹരണമാണ് കര്‍ദ്ദിനാളിന്റെ അറസ്‌റ്റെന്ന് യു.എസ് ബിഷപ്പുമാരുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിറ്റി ചെയര്‍മാനായ ബിഷപ്പ് മല്ലോയ് പറഞ്ഞു
ഹോങ്കോങ്ങില്‍ മനുഷ്യാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും നേരെ ഉയരുന്ന ഭീഷണികളെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സസ് പ്രസിഡന്റും യാങ്കൂണിലെ കര്‍ദിനാളുമായ ചാള്‍സ് മൗങ് ബോ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചു.
1997 വരെ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ്, ഏഷ്യയിലെ ഏറ്റവും സ്വതന്ത്രമായ പ്രദേശങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇപ്പോഴത് പോലീസ് രാഷ്ട്രമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നു. മതനേതാക്കള്‍ നിരീക്ഷപ്പെടുന്നു - കര്‍ദിനാള്‍ ബോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.