മാര്‍പാപ്പ പദവി ഉപേക്ഷിച്ച് ആശ്രമ ജീവിതത്തിലേക്ക് മടങ്ങിയ വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

മാര്‍പാപ്പ പദവി ഉപേക്ഷിച്ച് ആശ്രമ ജീവിതത്തിലേക്ക് മടങ്ങിയ  വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

അനുദിന വിശുദ്ധര്‍ - മെയ് 19

റ്റലിയില്‍ അപുലിയ എന്ന സ്ഥലത്ത് 1221 ലാണ് വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. പന്ത്രണ്ട് മക്കളില്‍ ഒരുവനായ പീറ്ററിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചെങ്കിലും അമ്മ അവന് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹ പ്രകാരം 20-ാമത്തെ വയസില്‍ വിദ്യാഭ്യാസം മതിയാക്കി അവന്‍ മൊറാനി പര്‍വ്വത പ്രദേശത്തെ ഒരു ഗുഹയില്‍ ഏകാന്ത ജീവിതമാരംഭിച്ചു.

മൂന്ന് വര്‍ഷം അവിടെ കഴിഞ്ഞു. പിന്നീട് റോമിലെത്തി വൈദിക പഠനത്തിനു ശേഷം പൗരോഹിത്യ പട്ടം സ്വീകരിച്ചു. എന്നാല്‍ 1246 ല്‍ വീണ്ടും തിരികെ വരികയും പഴയ ഗുഹയില്‍ താമസമാരംഭിക്കുകയും ചെയ്തു. 1251 ല്‍ അദ്ദേഹം തന്റെ രണ്ട് സഹചാരികള്‍ക്കൊപ്പം മഗേല്ല മലയിലേക്ക് പോവുകയും മര കൊമ്പുകളും ഇലകളും കൊണ്ട് ഒരു ചെറിയ ആശ്രമ കുടീരം പണിയുകയും അവിടെ തങ്ങളുടെ ആശ്രമ ജീവിതം തുടരുകയും ചെയ്തു. ഇടക്കൊക്കെ പിശാചിന്റെ പരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവയെല്ലാം വിശ്വാസത്താല്‍ തരണം ചെയ്തു.

വിശുദ്ധന്റെ മാതൃകപരമായ ജീവിതം കണ്ട് നിരവധി പേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിനായി വന്നെങ്കിലും മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവ് തനിക്കില്ല എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധന്‍ അവരെ മടക്കി അയച്ചു. എന്നാല്‍ വളരെ ഭക്തരായ കുറച്ച് പേരെ മാത്രം തന്റെ കൂടെ താമസിക്കുവാന്‍ അനുവദിച്ചു. രാത്രിയുടെ ഭൂരിഭാഗം സമയവും പീറ്റര്‍ പ്രാര്‍ത്ഥനയ്ക്കായാണ് ചിലവഴിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. മാംസം അദ്ദേഹം പൂര്‍ണമായും വര്‍ജ്ജിച്ചു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉപവസിക്കുക പതിവായിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും വെറും അപ്പവും വെള്ളവുമായിരുന്നു ഭക്ഷണം. കുതിരയുടെ രോമം കൊണ്ടുള്ള പരുക്കനായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അരയില്‍ ഇരുമ്പ് കൊണ്ടുള്ള ഒരു ചങ്ങലയും. വെറും നിലമോ അല്ലെങ്കില്‍ പലകയോ ആയിരുന്നു കിടക്ക. താന്‍ നോമ്പ് നോക്കുന്ന അവസരങ്ങളിലും ബുധനാഴ്ചകളും വെള്ളിയാഴ്ചകളും ഒഴികെയുള്ള ദിവസങ്ങളിലും വിശുദ്ധന്‍ വിശ്വാസികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി പോന്നു.

തന്നെ പിന്തുടരുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി അദ്ദേഹം ഔര്‍ സന്യാസ സമൂഹത്തിനു രൂപം നല്‍കുകയും 1274 ല്‍ ഗ്രിഗറി പത്താമന്‍ പാപ്പായുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. വിശുദ്ധ ബെന്നറ്റിന്റെ സഭാ നിയമങ്ങളാണ് തന്റെ സഭയില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. കാലക്രമേണ സന്യാസ സമൂഹം വികസിക്കുകയും വിശുദ്ധന്റെ അവസാനകാലമായപ്പോഴേക്കും ഏതാണ്ട് 36 സന്യാസ ആശ്രമങ്ങളും 600 സന്യാസി, സന്യാസിനിമാരും വിശുദ്ധന്റെ സഭക്കുണ്ടായിരുന്നു.

നിക്കോളാസ് നാലാമന്റെ മരണത്തെ തുടര്‍ന്ന് കര്‍ദ്ദിനാള്‍മാര്‍ പെരൂജിയില്‍ സമ്മേളിക്കുകയും പീറ്റര്‍ സെലസ്റ്റിനെ നിക്കോളാസ് നാലാമന്റെ പിന്‍ഗാമിയായി ഏകാഭിപ്രായത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ താന്‍ ആ പദവിക്ക് യോഗ്യനല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് ഹംഗറിയിലേയും നേപ്പിള്‍സിലേയും രാജാക്കന്‍മാരുടെയും നിരവധി കര്‍ദ്ദിനാള്‍മാരുടേയും രാജകുമാരന്‍മാരുടേയും സാന്നിധ്യത്തില്‍ അക്വിലായിലെ കത്രീഡലില്‍ വെച്ച് സെലസ്റ്റീന്‍ അഞ്ചാമന്‍ എന്ന നാമം സ്വീകരിച്ച് അദ്ദേഹം അഭിഷിക്തനായി. അന്നു മുതല്‍ വിശുദ്ധന്റെ സന്യാസിമാര്‍ 'സെലസ്റ്റീന്‍സ്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ക്രിസ്മസിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനായി പാപ്പ സഭയുടെ ചുമതല താല്‍ക്കാലികമായി മൂന്ന് കര്‍ദ്ദിനാള്‍മാരെ ഏല്‍പ്പിച്ചു. ഇത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. തനിക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങളും സന്യാസ ജീവിതത്തോടുള്ള ആഗ്രഹവും തന്റെ പാപ്പാ പദവി ഉപേക്ഷിക്കുവാന്‍ പീറ്ററിനെ പ്രേരിപ്പിച്ചു.

തുടര്‍ന്ന് സഭാ നിയമങ്ങളില്‍ പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനുമായി വിശുദ്ധന്‍ ഇക്കാര്യം ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ 1294 ഡിസംബര്‍ 13 ന് നേപ്പിള്‍സിലെ കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തില്‍ വെച്ച് നേപ്പിള്‍സിലെ രാജാവിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ അദ്ദേഹം തന്റെ പാപ്പാ പദവി ഉപേക്ഷിച്ചു. പിന്നീട് പാപ്പാ പദവിയിലെത്തിയത് കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനായിരുന്നു.

ഒട്ടും വൈകാതെ തന്നെ പീറ്റര്‍ മൊറോനിയിലുള്ള തന്റെ ആശ്രമത്തിലേക്ക് പിന്‍വാങ്ങി. 1296 ല്‍ അദ്ദേഹത്തിന് കടുത്ത പനി ബാധിക്കുകയും അതേ വര്‍ഷം മെയ് 19 ന് തന്റെ 75-ാമത്തെ വയസില്‍ മരണപ്പെടുകയും ചെയ്തു. ഫെറേന്റിനോയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.

പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അക്വിലായിലേക്ക് മാറ്റുകയും നഗരത്തിനടുത്തുള്ള സെലസ്റ്റിന്‍ ദേവാലയത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1313 ല്‍ ക്ലമന്റ് അഞ്ചാമന്‍ മാര്‍പാപ്പ പീറ്റര്‍ സെലസ്റ്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇംഗ്ലണ്ടിലെ ഡണ്‍സ്റ്റാന്‍

2. ട്രെവെസ് ബിഷപ്പായ സിറില്‍

3. കാമ്പ്രേയി ബിഷപ്പായ ഹാഡുള്‍ഫ്

4. നിക്കദേമിയായിലെ സിറിയക്കായും കൂട്ടരും

5. സഹോദരങ്ങളായ കലോചെരുസും പാര്‍ത്തേനിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26