മറ്റുള്ളവരുടെ വീടിനു മുന്നില്‍ സമരം ചെയ്താല്‍ ഇനി അറസ്റ്റ്; ഫ്‌ളോറിഡയില്‍ ബില്‍ പാസാക്കി

മറ്റുള്ളവരുടെ വീടിനു മുന്നില്‍ സമരം ചെയ്താല്‍ ഇനി അറസ്റ്റ്; ഫ്‌ളോറിഡയില്‍ ബില്‍ പാസാക്കി

ഫ്‌ളോറിഡ: മറ്റുള്ളവരുടെ വീടിന് മുന്നില്‍ നടത്തുന്ന സമരാഭാസങ്ങള്‍ ഇനി വേണ്ടെന്ന് ഫ്‌ളോറിഡ സര്‍ക്കാര്‍. വ്യക്തി സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന രീതിയില്‍ സ്വകാര്യ വ്യക്തികളുടെ വീടിനു മുന്നില്‍ അനാവശ്യമായി ഒത്തുകൂടുകയോ സമരം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം നല്‍കുന്ന നിയമം ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവച്ചു.

നിലവിലെ ഗര്‍ഭച്ഛിദ്ര നിയമം റദ്ദ് ചെയ്യുന്നതായുള്ള സൂചനകളെ തുടര്‍ന്ന് കേസില്‍ വിധിപ്രസ്താവം വരാനിരിക്കെ സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുന്നില്‍ അരങ്ങേറിയ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ പ്രതിഷേധ സമരങ്ങളെ തുടര്‍ന്നാണ് വേഗത്തില്‍ ഇത്തരമൊരു നിയമം ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഗവര്‍ണര്‍ ഡിസാന്റിസ് പറഞ്ഞു. എന്നാല്‍ നിയമനിര്‍മാണത്തിന് ഇതൊരു കാരണമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാര്‍ച്ച് ആദ്യമാണ് ബില്‍ നിയമസഭയില്‍ വന്നത്. സെനറ്റില്‍ ഉഭയകക്ഷി പിന്തുണ ബില്ലിന് ലഭിച്ചു. മൂന്നിനെതിരെ 28 പേര്‍ അനുകൂലിച്ചതോടെ ബില്‍ നിയമസഭയില്‍ പാസായി. പിന്നീട് അന്തിമ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് കൈമാറി. മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ബില്‍ ഒപ്പുവയ്ക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ജഡ്ജിമാരുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ജഡ്ജിമാരെ ഉപരോധിക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്ന് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധതനായി.


ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്


അനിയന്ത്രിതമായ ജനക്കൂട്ടത്തെ സ്വകാര്യ വസതികളിലേക്ക് അയയ്ക്കുന്നത് അനുചിതമാണ്. ഈ ബില്‍ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ബില്ലിന് നിയമസാധുത നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കന്‍ സെനറ്റ് അംഗം കീത്ത് പെറിയാണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ബില്‍ പ്രാബല്യത്തിലായി.

സ്വകാര്യ വ്യക്തികളുടെ വീടിനു മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമനിര്‍മ്മാണം നടത്തിയതെന്ന് ബില്‍ അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ കീത്ത് പെറി പറഞ്ഞു. ബ്രോവാര്‍ഡ് കൗണ്ടി സ്‌കൂള്‍ ബോര്‍ഡ് അംഗത്തെ അവരുടെ വീടിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ് ഉപദ്രവിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പെറിയുടെ പ്രസംഗം. പ്രതിഷേധക്കാര്‍ തന്റെ കുട്ടികളെ ഉപദ്രവിക്കുകയും മുഖത്ത് നിന്ന് മാസ്‌ക് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വീട്ടുമുറ്റത്തെ പുല്‍ത്തകിടി കീടനാശിനി ഒഴിച്ചു നശിപ്പിച്ചെന്നും ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.



ഫ്‌ളോറിഡയിലെ മാര്‍ക്കോ റൂബിയോ, റിക്ക് സ്‌കോട്ട് എന്നിവരുടെയും കൊലപാതക കേസില്‍ പ്രതിയായ ബ്രയാന്‍ ലോണ്‍ഡ്രിയുടെ വീടിന് പുറത്തുണ്ടായ പ്രതിഷേധങ്ങളും ചിക്കാഗോയിലെയും പോര്‍ട്ട്ലാന്‍ഡിലെയും വസതികള്‍ക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങളും ബില്ലിനനുകൂലമായ സംഭവങ്ങളായി കീത്ത് പെറി ചൂണ്ടിക്കാട്ടി. പൊതു ഇടവും വാസസ്ഥലവും തമ്മില്‍ വ്യത്യാസം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

നിയമം നിലവില്‍ വന്നതോടെ ഒരു വ്യക്തിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനോ പിക്കറ്റ് ചെയ്യാനോ അനുവാദമില്ല. അത്തരത്തില്‍ സമരം ചെയ്യുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. പിരിഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കുന്നതാണ് നിയമം. അറസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കുറ്റം ചുമത്താം.



ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവച്ച ബില്‍ പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിന് എതിരാണെന്നും ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും സാമൂഹ്യനീതി സംഘടനയായ ദി ബ്ലാക്ക് കളക്ടീവിന്റെ സഹസ്ഥാപകന്‍ ഫ്രാന്‍സെസ്‌ക മെനെസ് പ്രസ്താവനയില്‍ പറഞ്ഞു.

അക്രമാസക്തമാകുന്ന ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ നിയമം നിലവിലുണ്ട്. അതിനു പുറമെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന നിയമം ഭരണഘടനാ വിരുധമാണ്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം അടിസ്ഥാന അമേരിക്കന്‍ തത്വമാണ്. അത് ഒരിക്കലും ദുര്‍ബലപ്പെടുത്താന്‍ പാടില്ലെന്നും മെനെസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.