മാധ്യമ കോടതിയെ തുറന്നു കാണിച്ചപ്പോള്‍ സിനിമ തന്നെ തമസ്‌കരിച്ച് മാധ്യമങ്ങള്‍: ജനഗണമന ഒരു നിരൂപണം

മാധ്യമ കോടതിയെ തുറന്നു കാണിച്ചപ്പോള്‍ സിനിമ തന്നെ തമസ്‌കരിച്ച് മാധ്യമങ്ങള്‍: ജനഗണമന ഒരു നിരൂപണം

വളരെ നാളുകള്‍ക്കുശേഷം കണ്ട മനോഹരമായ ചിത്രമാണ് 'ജനഗണമന'. പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായും ശാരി, ഷമ്മി തിലകന്‍ തുടങിയവര്‍ സഹതാരങ്ങളായും അഭിനയിച്ച ചിത്രത്തിന്റെ സംവിധാനം ഡിജോ ജോസ് ആന്റണിയും തിരക്കഥ ഷാരിസ് മുഹമ്മദും പശ്ചാതല സംഗീതം ജയിക്‌സ് സിജോയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ശക്തമായ തിരക്കഥ, അര്‍ത്ഥവും ധ്വനിയും വ്യാപ്തിയും മൂര്‍ച്ചയുമുള്ള സംഭാഷണങ്ങള്‍, കഥാപാത്രങ്ങളുടെ 'അഭിനയമായി' തോന്നാത്ത അവതരണ മികവ്, അടുക്കും ചിട്ടയുമുള്ള സംവിധാനം. മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പ്രാപ്തിയുണ്ടായിരുന്ന കാലാസൃഷ്ടി. ചിത്രത്തിന്റെ തൊട്ടാല്‍ പൊള്ളുന്ന പ്രമേയങ്ങളിലേക്ക് എത്തിക്കുന്നത് നിയമം, നീതി, രാഷ്ട്രം-രാഷ്ട്രീയം, പക്ഷപാതം സദാചാര വിചാരം തുടങ്ങിയവയാണ്.

'മീഡിയാ സ്വാധീനം' എന്ന കേന്ദ്ര പ്രമേയത്തിലേക്ക് ആളിപടരാനുള്ള ഉപ പ്ലോട്ടുകളായിരുന്നു മേല്‍ പറഞ്ഞവ. 'അവരെ കണ്ടാല്‍ അറിയില്ലേ' എന്ന കോടതിയുടെ 'OBSERVATION' ആണ് മീഡിയ സ്വാധീനത്തെ അഭ്രപാളിയില്‍ വലിച്ചു കീറുന്ന കഥയുടെ കാതല്‍. ഒരു മനുഷ്യന്റെ വ്യക്തിത്വം മീഡിയ തീരുമാനിക്കുന്നതും അതിനാല്‍ കോടതി സ്വാധീനിക്കപ്പെടുന്നതും മാത്രം മതി സിനിമയെ കാലിക പ്രസക്തമാക്കാന്‍. എന്നാല്‍ സിനിമ ഉയര്‍ത്തിയ കഥാ തന്തുവിനാല്‍ തന്നെ സിനിമ കഥാവശേഷയായി!

സിനിമ ചര്‍ച്ച ചെയ്യേണ്ട ആശയം 'മീഡിയ' തീരുമാനിച്ചു എന്നു പറയുന്നതാകും ശരി. ഉപരിപ്ലവമായി സിനിമയെ സമീപിക്കാന്‍ മീഡിയ നിരൂപണ നിപുണന്മാരെ നിര്‍ബന്ധിതരാക്കി. ഒരു പട്ടിയെ കൊന്നാല്‍ ചോദിക്കാന്‍ ആളുകളുള്ള ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ല എന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയമെന്നു സിനിമ പരിഹസിക്കുന്നു.

നോട്ട് നിരോധിച്ചവര്‍ വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല കാരണം ഇവിടെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുകയാണ് എന്ന ഡയലോഗില്‍ നിശബ്ദത വില്ലന്റെ വേഷമണിയുന്നു.

'സത്യം പറയാനോ മീഡിയ അതോ മീഡിയ പറയുന്നതോ സത്യം' എന്ന നായകന്റെ ചോദ്യത്തിനു മുന്നില്‍ സിനിമയും സാംസ്‌കാരിക നിരൂപണ ഇടങ്ങളും നിശബ്ദരായി... നിര്‍വികാരരായി... നിശ്ച്ചലരായി... ബാംഗ്ലൂര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ സബയുടെ കത്തിക്കരിഞ്ഞ ശരീരത്തില്‍ നിന്നു തുടങ്ങുന്ന സിനിമ ചര്‍ച്ച ചെയ്യപ്പെടേണ്ട മീഡിയ സ്വാധീനം, ഫാസിസ്റ്റ് രാഷ്ട്രീയ ശൈലിരോഗം, പൊതുബോധ നിശബ്ദത എന്നിവയില്‍ ഒന്നും കാര്യമായ ചിന്തയ്ക്ക്, ചര്‍ച്ചകള്‍ക്ക് വിധയപ്പെടാതെ കത്തിയമരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.