പൂട്ടിയിട്ട പിടിയാനയുടെ മോചനത്തിന് ഹേബിയസ് കോര്‍പ്പസ്; ഒടുവില്‍ അനുകൂല വിധി

പൂട്ടിയിട്ട പിടിയാനയുടെ മോചനത്തിന് ഹേബിയസ് കോര്‍പ്പസ്; ഒടുവില്‍ അനുകൂല വിധി

വര്‍ഷങ്ങളായി മൃഗസ്‌നേഹികള്‍ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവില്‍ ഫലം കണ്ടു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഹാപ്പി എന്ന ആനയുടെ മോചനത്തിനായാണ് മൃഗസ്നേഹികളുടെ കൂട്ടായ്മ പോരാട്ടം നടത്തിയത്. 1977 മുതല്‍ ബ്രോങ്ക്സ് മൃഗശാലയില്‍ ഏകാന്ത ജീവിതം നയിച്ചിരുന്ന ഹാപ്പിയെ മോചിപ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതി ഒടുവില്‍ ഉത്തരവിട്ടു. മൃഗശാലയില്‍ നിന്ന് ആനയെ മോചിപ്പിക്കാന്‍ മൃഗസ്നേഹികള്‍ വര്‍ഷങ്ങളായി നടത്തിയ നിയമ പോരാട്ടത്തിനാണ് ഇതോടെ പരിസമാപ്തിയായത്.

51 വയസുള്ള ഹാപ്പി എന്ന ആനയെ മോചിപ്പിക്കാന്‍ മൃഗ സ്നേഹികളുടെ സംഘടന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വ്യക്തിയെ മനുഷ്യനെന്ന് പ്രത്യേകം പറയാത്തത് ആനയുടെ മോചനത്തിന് പ്രധാനകാരണമായി. ഫ്ളോറിഡ ആസ്ഥാനമായുള്ള നോണ്‍ ഹ്യമണ്‍ റൈറ്റ്സ് പ്രോജക്റ്റ് ആണ് ഹാപ്പിയെ നിയമ വിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.

മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ച ആനയാണ് ഹാപ്പി എന്ന പിടിയാന. തായ്ലന്‍ഡില്‍ നിന്ന് അമേരിക്കയിലെത്തിയ ഈ സുന്ദരി കണ്ണാടി നോക്കി സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കുന്ന ലോകത്തെ ഒരേ ഒരു ആനയാണ്. വലിയ കണ്ണാടി നോക്കി പരിശീലിപ്പിച്ചാണ് തന്റെ സൗന്ദര്യത്തെക്കുറിച്ചും ശക്തിയെ കുറിച്ചും ഹാപ്പിയ്ക്ക് ബോധ്യം ഉണ്ടാക്കികൊടുത്തത്.

എന്നാല്‍ ഹാപ്പിയ്ക്ക് കണ്ണാടി മാത്രം പോര ചങ്ങാതി കൂടി വേണമെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. കാരണം 2006 മുതല്‍ ഹാപ്പിയെ മൃഗശാലയിലെ ഒരേക്കര്‍ സ്ഥലത്ത് വേലികെട്ടി മറ്റ് ആനകളില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നത്. ഹാപ്പിയുടെ ഇണയായിരുന്ന ഗ്രമ്പി എന്ന കൊമ്പന്‍ മറ്റ് ആനകളുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ദുഖത്തില്‍ നിന്ന് മോചിതയായിരുന്നില്ല ഹാപ്പി. സാമി എന്ന പിന്നീട് വന്ന കൂട്ടുകാരനും വേര്‍പിരിഞ്ഞതോടെ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഹാപ്പി.

മൃഗശാലയില്‍ പാറ്റി എന്നൊരു കൊമ്പന്‍ ഉണ്ടെങ്കിലും ഹാപ്പിയേയും പാറ്റിയേയും വേലി കൊണ്ട് അകറ്റിയാണ് വളര്‍ത്തുന്നത്. ഇത് വലിയ ക്രൂരതയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മനുഷ്യരെ പോലെ കുടുംബ വ്യവസ്ഥയില്‍ ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കുമുണ്ടെന്ന് അവര്‍ വാദിച്ചു. മൃഗങ്ങളെ വസ്തുവായി കാണാതെ അവകാശങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വ്യക്തിയായി കാണേണ്ട സമയമാണിതെന്ന് അവര്‍ വാദിച്ചു. എന്തായാലും ഹാപ്പി ഇപ്പോള്‍ വളരെ ഹാപ്പിയാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.