വാഷിംഗ്ടണ്‍: കോവിഡിന് ശേഷം ലോകരാജ്യങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആശങ്ക പടരുന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ക്കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെയുള്ളവ ആശങ്കയിലാണ്.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരാനൊരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. മെയ് ആദ്യവാരത്തോടെ വിവിധ രാജ്യങ്ങള്‍ കുരങ്ങുപനി സ്ഥിരീകരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനം ആയത്. കുരങ്ങുപനി വൈറസിന്റെ വ്യാപനരീതികള്‍, സ്വവര്‍ഗരതിക്കാരിലും ബൈസെക്ഷ്വലായിട്ടുള്ള ആളുകളിലും രോഗം കൂടുതലായി പിടിപെടാനുള്ള കാരണം, വാക്സിന്‍ ലഭ്യത എന്നീ കാര്യങ്ങള്‍ യോഗത്തില്‍ അജണ്ടയാകുമെന്നാണ് വിവരം.
ഇതുവരെ പൊതുജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നതും വൈറസ് ബാധിച്ച എല്ലാ രോഗികളും ആശുപത്രിയില്‍ തൃപ്തികരമായ ആരോഗ്യനില പുലര്‍ത്തുന്നുണ്ട് എന്നതുമാണ് ആശ്വാസകരമായ വസ്തുതയെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് അതിവേഗതത്തിലാണ് രോഗവ്യാപനമുണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു.
ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുള്ളതായി അധികൃതര്‍ അറിയിച്ചു. സ്പെയിനില്‍ വെള്ളിയാഴ്ച 14 പേര്‍ക്കു കൂടി വൈറസ്ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി.
ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ബെല്‍ജിയത്തില്‍ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രോഗികളുടേയും നില ഗുരുതരമല്ല. ഇരുവരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ജര്‍മനിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്സും ഫോക്കസും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 21 ആയ സ്പെയിനില്‍ 20 പേര്‍ക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്.
നൈജീരിയയില്‍ നിന്ന് യു.കെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ കാനഡയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്.
ഇറ്റലി, സ്വീഡന്‍ എന്നിവടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതര്‍. യു.കെയില്‍ മെയ് ആറിന് ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വസൂരി പടര്‍ത്തുന്ന വൈറസുകളുടെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന കുരങ്ങുപനി അപൂര്‍വ്വവും ഗുരുതരവുമായ വൈറല്‍ രോഗമാണ്. പനി, തലവേദന, പേശീവേദന, ക്ഷീണം എന്നിവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം. പിന്നീട് ശരീരം മുഴുവന്‍ തടിപ്പുകളായാണ് രോഗം പുറത്തുകാണുക. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ശ്വസനത്തിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നതെന്നാണ് കണ്ടത്തല്‍. രോഗം സ്ഥിരീകരിച്ചാല്‍ ചിക്കന്‍പോക്സിന് സമാനമായി രോഗിയില്‍ നിന്ന് അകലം പാലിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.