മോസ്‌കോ: നാറ്റോയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ ഫിന്‍ലാന്‍ഡിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവച്ച് റഷ്യ. ശനിയാഴ്ച്ച രാവിലെ ഏഴിന് വിതരണം നിര്‍ത്തുന്നതായുള്ള വാര്‍ത്താക്കുറിപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയതായി ഒരു പ്രമുഖ റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ തീരുമാനം ഖേദകരമാണെന്നും എന്നാല്‍ തങ്ങളുടെ ഉപയോക്താക്കൾക്ക് വാതക ലഭ്യതയില്‍ കുറവ് ഉണ്ടാക്കില്ലെന്നും ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ സ്ഥാപനമായ ഗാസും പറഞ്ഞു.
റഷ്യയില്‍ നിന്നാണ് രാജ്യത്തിന് ആവശ്യമായ പ്രകൃതി വാതകത്തിന്റെ ഭൂരിഭാഗവും ഫിന്‍ലാന്‍ഡ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം രാജ്യത്തിന്റെ ഊര്‍ജ്ജ ഉപയോഗത്തിന്റെ പത്തിലൊന്നില്‍ താഴെ മാത്രമേ പ്രകൃതി വാതകം ഉപയോഗിക്കുന്നുമുള്ളൂ.
''അപ്രതീക്ഷിതമായി വാതക വിതരണം നിര്‍ത്തലാക്കിയത് പ്രതിസന്ധി സൃഷ്ടിക്കുമെന്നത് സത്യമാണ്. എന്നാല്‍ വാതക വിതരണ ശൃംഖലയെ ഇത് കാര്യമായി ബാധിക്കില്ല. ഇപ്പോഴുള്ള പ്രതിസന്ധി ഒരുമാസത്തിനുള്ളില്‍ പരിഹരിക്കും. വരും മാസങ്ങളില്‍ വാതക വിതരണം സാധാരണ നിലയിലാക്കും''. ഗാസും സിഇഒ മിക്ക വില്‍ജനെന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സംഭാവനയായും അല്ലാതെയും പ്രകൃതിവാതകം ലഭ്യമാക്കുന്നത് റഷ്യയാണ്. ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷവും പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും റഷ്യ ഗ്യാസ് വിതരണം തുടര്‍ന്നിരുന്നു. എന്നാല്‍ അധിനിവേശ നിലപാടിനെതിരെ വിമര്‍ശനം ഉന്നയച്ച രാജ്യങ്ങളോട് പ്രകൃതി വാതകത്തിന് പ്രതിഫലമായി റഷ്യ പണം ആവശ്യപ്പെട്ടു തുടങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തിനോടനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് റഷ്യയുടെ ഈ നീക്കത്തെ നാറ്റോ കാണുന്നത്.
നാറ്റോയില്‍ അംഗത്വം നേടുമെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം റഷ്യ വെട്ടിക്കുറച്ചിരുന്നു. നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡ് അപേക്ഷിച്ചാല്‍ കൂടുതല്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഫിന്‍ലാന്‍ഡിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള റഷ്യയുടെ പ്രതികാര നടപടി.
ഫിന്‍ലാന്‍ഡിന് പിന്നാലെ സ്വീഡനെതിരെയും ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് റഷ്യ. ഇരു രാജ്യങ്ങളും നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. വലിയ മണ്ടത്തരമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇരു രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ചത്. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഇരു രാജ്യങ്ങളുടെയും അപേക്ഷയോട് അനുകൂല നിലപാടാണ് നാറ്റോയ്ക്കുള്ളത്. ഫിന്‍ലനന്‍ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി. നാറ്റോയില്‍ ചേരാനുള്ള ഇരു രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകളെ സ്വാഗതം ചെയ്യുന്നു. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളികളാണ്. എല്ലാ സഖ്യകക്ഷികളും നാറ്റോ വിപുലീകരണത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നു. ഒരുമിച്ച് നില്‍ക്കണമെന്ന് എല്ലാവരും സമ്മതിക്കുന്നു എന്നും ജെന്‍സ് കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്താണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ സഖ്യം വികസിപ്പിക്കുന്നതിന് എതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും പുടിനുമായി ചേര്‍ച്ചയിലല്ല. റഷ്യ തങ്ങള്‍ക്ക് നേരേയും അക്രമം നടത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
ഇരു രാഷ്ട്രങ്ങള്‍ക്കും സൈനിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് നാറ്റോയിലെ ചില സഖ്യരാഷ്ട്രങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. നാറ്റോയില്‍ ചേരാനുള്ള ഇരു രാഷ്ട്രങ്ങളുടെയും അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ തുര്‍ക്കി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാനായി രണ്ടാഴ്ച സമയം നിശ്ചയിച്ചിരിക്കുന്നത്.
സാധാരണ നാറ്റോ അംഗത്വത്തിന്റെ കാര്യത്തില്‍ ഒരുവര്‍ഷത്തോളമെടുത്താണ് തീരുമാമെടുക്കുന്നത്. എന്നാല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.