ട്രംപിന്റെ കുടിയേറ്റ നിയമം പിന്‍വലിക്കാനുള്ള ബൈഡന്റെ നീക്കത്തിന് തിരിച്ചടി; ടൈറ്റില്‍ 42 റദ്ദാക്കാനുള്ള ശ്രമം കോടതി തടഞ്ഞു

ട്രംപിന്റെ കുടിയേറ്റ നിയമം പിന്‍വലിക്കാനുള്ള ബൈഡന്റെ നീക്കത്തിന് തിരിച്ചടി; ടൈറ്റില്‍ 42 റദ്ദാക്കാനുള്ള ശ്രമം കോടതി തടഞ്ഞു

ലൂസിയാന: കുടിയേറ്റം നിയന്ത്രിക്കാനായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന കുടിയേറ്റ നിയമം പിന്‍വലിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമത്തിന് തിരിച്ചടി. മെയ് 23 ന് നിയമം റദ്ദ് ചെയ്യാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം കോടതി തടഞ്ഞു. 24 ഓളം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കോവിഡ് ഒന്നാം തരംഗ ഘട്ടത്തിലാണ് ടൈറ്റില്‍ 42 പ്രകാരം കുടിയേറ്റക്കാരെ പുറത്താക്കാനും കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനുമുള്ള നിയമം കൊണ്ടുവന്നത്. ബൈഡന്‍ പ്രസിഡന്റ് ആയതോടെ കുടിയേറ്റ നയത്തില്‍ ഇളവ് വരുത്തുകയും ട്രംപിന്റെ കുടിയേറ്റ നിയമം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഈ നീക്കത്തിനാണ് ലൂസിയാനയിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ ജഡ്ജി റോബര്‍ട്ട് സമ്മര്‍ഹെയ്സ് തടയിട്ടത്. നിയമം റദ്ദ് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പുറത്താക്കുന്നത് ബൈഡന്‍ ഭരണകൂടം തുടരണമെന്ന് കോടതി വിധിച്ചു. വിചാരണ നടപടികള്‍ അവസാനിക്കുംവരെ നിയമം പിന്‍വലിക്കുന്നത് തടഞ്ഞാണ് വിധി.



ടൈറ്റില്‍ 42 അവസാനിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം അഡ്മിനിസ്‌ട്രേറ്റീവ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്ലബിക്കന്‍ പക്ഷത്തുനിന്നുള്ള അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അരിസോണ, മിസോറി, ലൂസിയാന എന്നിവിടങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍ മാരും പക്ഷം ചേര്‍ന്നു. ഇത്തരത്തില്‍ നിയമം റദ്ദാക്കിയാല്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് അഭിഭാഷകന്‍ വാദിച്ചു.

അതേസമയം, അഭയം തേടാനുള്ള അന്താരാഷ്ട്ര അവകാശത്തിന്റെ ലംഘനമാണ് ടൈറ്റില്‍ 42 എന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. കുടിയേറ്റം തടയുന്നതിലും നിയമം പരാജയപ്പെട്ടു. 2020 മാര്‍ച്ചില്‍ നിയമം നടപ്പിലാക്കിയതു മുതല്‍ യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ 1.8 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ പുറത്താക്കി. ഇതു കുടിയേറ്റക്കാരുടെ നിയമപരമായ അവകാശം നിഷേധിക്കല്‍ ആയിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്താണ് നിയമം കൊണ്ടുവന്നത്. ഈ വര്‍ഷം മെയ് അവസനത്തോടെ നിയമം കാലഹരണപ്പെടും. ആ നിലയ്ക്ക് നിയമം പിന്‍വലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല. നിയമ വാഴ്ച്ച സംരക്ഷിക്കുക എന്നത് കോടതിയുടെ ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി കേസില്‍ അന്തിമ വിധി വരും വരെ നിയമം റദ്ദ് ചെയ്യുന്ന നടപടികളില്‍ നിന്ന് സര്‍ക്കാരിനെ വിലക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.