ഇറാനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 10 നില വാണിജ്യ കെട്ടിടം തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു

ഇറാനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 10 നില വാണിജ്യ കെട്ടിടം തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു

അബദാന്‍: ഇറാന്‍ പ്രവിശ്യയായ ഖുസെസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അബാദനില്‍ നിര്‍മാണത്തിലിരിക്കുന്ന 10 നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. 80 പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. അമീര്‍ കബീര്‍ സ്ട്രീറ്റിലാണ് കെട്ടിടം. ചുറ്റുമുള്ള കടകളും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.



നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമണം. സംഭവ സമയം പ്രദേശത്ത് ശക്തമായ മണല്‍ക്കാറ്റ് വീശിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടം നിലംപൊത്തിയത്. കെട്ടിട ഉടമയേയും കരാറുകാരനെയും അറസ്റ്റ് ചെയ്തതായി അബാദാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അബാദാന്‍ റീജിയണല്‍ ഗവര്‍ണര്‍ എഹ്സുന്‍ അബ്ബാസ്പൂര്‍ പറഞ്ഞു.

രോഷാകുലരായ ജനം സംഭവസ്ഥലത്ത് സംഘം ചേര്‍ന്ന് പ്രതിഷേധിക്കുകയാണ്. ക്ഷുഭിതരായ പ്രതിഷേധക്കാര്‍ മേയര്‍ ഹുസൈന്‍ ഹമീദ്പൂരിനെ മര്‍ദ്ദിച്ചതായി ദൃസാക്ഷികളിലൊരാള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇത്തരം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.