ചൈനയിലെ ഷാങ്ഹായിലുള്ള ഷേഷാന്‍ ബസിലിക്ക
വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികളുടെ സഹായമായ ദൈവമാതാവിന്റെ തിരുനാള്‍ ദിനമായ ഇന്ന് ചൈനയിലെ കത്തോലിക്ക സഭയ്ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ.
പീഡനം അനുഭവിക്കുന്ന ചൈനയിലെ ക്രൈസ്തവര്‍ക്കു വേണ്ടി താന്‍ അനുദിനം പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ആ പ്രാര്‍ഥനയില്‍ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ പങ്കുചേരണമെന്നും കഴിഞ്ഞ ദിവസം ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിനു ശേഷം മാര്‍പാപ്പ ആവശ്യപ്പെട്ടു.
2007-ല്‍ ചൈനീസ് കത്തോലിക്കര്‍ക്കായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എഴുതിയ കത്തില്‍ ആഹ്വാനം ചെയ്തതു പ്രകാരമാണ് ഈ ദിനം ചൈനീസ് സഭയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.
ഷാങ്ഹായിലെ ഷേഷാന്‍ ദേവാലയത്തിന്റെയും രാജ്യത്തുടനീളമുള്ള പല പള്ളികളുടെയും വീടുകളുടെയും രക്ഷാധികാരിയാണ് ദൈവമാതാവ്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ചൈനീസ് കത്തോലിക്കരാണ് ഷേഷാനിലെ മാതാവിന്റെ തിരുനാള്‍ ദിനമായ ഇന്ന് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പ്രാര്‍ത്ഥിക്കാനായി കടന്നു വരുന്നത്.
'ക്രൈസ്തവരുടെ, പ്രത്യേകിച്ച് ചൈനയിലെ കത്തോലിക്കരുടെ പ്രിയങ്കരിയായ മധ്യസ്ഥ ക്രിസ്ത്യാനികളുടെ സഹായമായ ദൈവമാതാവിന്റെ തിരുനാളാണിത്. സന്തോഷകരമായ ഈ സുദിനത്തില്‍ അവിടുത്തെ ജനതയോടുള്ള എന്റെ ആത്മീയ സാമീപ്യം ഞാന്‍ ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.
വിശ്വാസികളുടെയും അജപാലകരുടെയും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങള്‍ ഞാന്‍ അതീവ ശ്രദ്ധയോടെ പിന്തുടരുന്നുണ്ട്. അവര്‍ക്കായി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ചൈനയിലെ സഭയ്ക്ക് സ്വാതന്ത്ര്യത്തിലും സമാധാനത്തിലും സാര്‍വത്രിക സഭയുമായുള്ള കൂട്ടായ്മയിലും ജീവിക്കാനും സകലരോടും സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യം വിനിയോഗിക്കാനും നമുക്ക് പ്രാര്‍ത്ഥിക്കാം - മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിലേക്ക് നമുക്കും സംഭാവന ചെയ്യാം.
കത്തോലിക്കാ സന്നദ്ധ സംഘടനയായ എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡും (എസിഎന്‍) മറ്റ് മനുഷ്യാവകാശ കൂട്ടായ്മകളും പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൈനയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഹോങ്കോങ് രൂപതയുടെ മുന്‍ മെത്രാനായിരുന്ന, 90 വയസുള്ള കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നിയമനടപടികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രാര്‍ഥനയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.