തിരുസഭ മതസംഘടനയല്ല; പരമോന്നത നിയമം സ്നേഹം; ആധിപത്യം സ്ഥാപിക്കാനല്ല ശുശ്രൂഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

തിരുസഭ മതസംഘടനയല്ല; പരമോന്നത നിയമം സ്നേഹം; ആധിപത്യം സ്ഥാപിക്കാനല്ല ശുശ്രൂഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: കൂടുതൽ എളിമയുള്ളതും ഏവർക്കും സ്വാഗതമരുളുന്നതുമായ ഒരു സഭ പണിതുയർത്താൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിൽ സിനഡൽ ടീമുകളുകടെയും സിനഡിൻ്റെ കൂടിയാലോചനകളിൽ പങ്കാളികളായവരുടെയും ജൂബിലിയോടനുബന്ധിച്ച് അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ നൽകിയ വചന സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

സഭയാകുന്ന 'ആഴമേറിയ രഹസ്യത്തെക്കുറിച്ച്' ധ്യാനിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു. നിശ്ചിത അധികാരശ്രേണികളും ഘടനയുമുള്ള ഒരു മതസംഘടനയല്ല സഭ. പിന്നെയോ, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഐക്യത്തിന്റെ ദൃശ്യമായ അടയാളമാണ് അവൾ. സ്നേഹത്തിൽ ഐക്യപ്പെട്ട ഒരു കുടുംബമായി, ദൈവം എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ഒരിടമാണ് സഭയെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.

പരിശുദ്ധാത്മാവിനാൽ സ്ഥാപിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന സഭാകൂട്ടായ്മയെക്കുറിച്ച് ധ്യാനിക്കുന്തോറും സിനഡിൻ്റെ പങ്കാളിത്ത സ്വഭാവത്തെപ്പറ്റി കൂടുതൽ ഗ്രഹിക്കാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ വ്യക്തമാക്കി. ബന്ധങ്ങൾ അധികാരത്തിന്റെ യുക്തിയോടല്ല മറിച്ച്, സ്നേഹത്തിന്റെ വിശ്വാസ്യതയോടാണ് പ്രതികരിക്കുന്നതെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു. ക്രിസ്തീയ സമൂഹത്തിൽ ആത്മീയ ജീവിതമാണ് പരമപ്രധാനമായതെന്ന കാര്യത്തിന് പാപ്പാ പ്രത്യേക ഊന്നൽ നൽകി.

സ്നേഹമാണ് സഭയുടെ പരമോന്നത നിയമം

എല്ലാറ്റിലുമുപരി, സ്നേഹമാണ് സഭയിലെ പരമോന്നത നിയമം എന്ന് ഓർമ്മിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചു. ആധിപത്യം സ്ഥാപിക്കാനല്ല, ശുശ്രൂഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആരെയും ഒഴിവാക്കാതെ, നാമേവരും കൂട്ടുവേലക്കാരാകാൻ വിളിക്കപ്പെട്ടവരാണെന്ന് പാപ്പ വിശദീകരിച്ചു. 'ഒരിക്കലും ഒറ്റയ്ക്ക് നടക്കാനല്ല ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നത്, ഒരുമിച്ച് നടക്കാനാണ്' - തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ചുകൊണ്ട് ലിയോ പാപ്പ പറഞ്ഞു.

ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്

ദേവാലയത്തിൽ പ്രാർത്ഥിക്കാനായി പോയ ഫരിസേയൻ്റെയും ചുങ്കക്കാരന്റെയും ഉപമയെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. ഒരുമിച്ചു നടക്കാനുള്ള ആഹ്വാനമാണ് ഈ ഉപമയിലുള്ളതെന്ന് പാപ്പ പറഞ്ഞു. ഫരിസേയനും ചുങ്കക്കാരനും ഒരുമിച്ചാണ് ദേവാലയത്തിൽ പ്രവേശിച്ചതെങ്കിലും അവർ എത്തിച്ചേർന്നത് ഒറ്റയ്ക്കൊറ്റയ്ക്കാണ്. ഫരിസേയൻ്റെ മനോഭാവത്തിൽ നിന്നാണ് ഈ വേർതിരിവ് ഉരുത്തിരിഞ്ഞതെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവത്തെ അഭിസംബോധന ചെയ്യുന്നതായി തോന്നുമെങ്കിലും, ഫരിസേയൻ്റെ പ്രാർത്ഥന മുഴുവനിലും പ്രതിഫലിക്കുന്നത് സ്വയം പുകഴ്ത്തലും സ്വയം നീതികരണവുമാണ്. തന്നെത്തന്നെ ശ്രേഷ്ഠനായി കരുതുന്ന അയാൾ ചുങ്കക്കാരനെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. അയാളുടെ ശ്രദ്ധ മുഴുവൻ തന്നിൽതന്നെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ക്രിസ്തീയ സമൂഹത്തിലും ഇതുതന്നെ സംഭവിക്കാമെന്ന് പാപ്പാ മുന്നറിയിപ്പു നൽകി.

എന്നാൽ ചുങ്കക്കാരനെ നോക്കുക, അവൻ്റെ എളിമ നമ്മെ ഓർമ്മപ്പെടുത്തുന്നത് ദൈവത്തെയും മറ്റുള്ളവരെയും നമുക്ക് ആവശ്യമുണ്ടെന്ന കാര്യമാണ്. പരസ്പരം ശ്രവിക്കുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് ഒരുമിച്ചു നടക്കുന്ന എളിയവരുടെ സ്വന്തമാണ് ക്രിസ്തു - പരിശുദ്ധ പിതാവ് വ്യക്തമാക്കി.

പിരിമുറുക്കങ്ങൾക്കിടയിലും ഐക്യം കാത്തുസൂക്ഷിക്കുക

ഐക്യവും വൈവിധ്യങ്ങളും, പാരമ്പര്യവും പുതുമയും, അധികാരവും പങ്കാളിത്തവും തമ്മിലുണ്ടാകുന്ന പെരിമുറുക്കങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടും പുതുചൈതന്യത്തോടുംകൂടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു സമീപനമായിക്കണം നാം എപ്പോഴും കൈക്കൊള്ളേണ്ടതെന്ന് പാപ്പ പറഞ്ഞു. ചുങ്കക്കാരനെ വിധിച്ച ഫരിസേയനെപ്പോലെയാകാതെ, മാനവരാശിയുടെ പാദങ്ങൾ കഴുകാൻ കുനിയുന്നതും എല്ലാവർക്കും സ്വാഗതമരുളുന്നതുമായ, കൂടുതൽ എളിമയുള്ള ഒരു സഭ സ്വപ്നം കാണാനും പണിതുയർത്താനും ലിയോ പതിനാലാമൻ മാർപാപ്പ ഏവരോടും ആഹ്വാനം ചെയ്തു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.