കെ റെയില്‍ കല്ലിടല്‍ മരവിപ്പിച്ചു; ഇനി ജിയോ ടാഗ് സര്‍വ്വേയെന്ന് സര്‍ക്കാര്‍: ഇത് നേരത്തേ ആയിക്കൂടായിരുന്നോ എന്ന് ഹൈക്കോടതി

കെ റെയില്‍ കല്ലിടല്‍ മരവിപ്പിച്ചു; ഇനി ജിയോ ടാഗ് സര്‍വ്വേയെന്ന് സര്‍ക്കാര്‍: ഇത് നേരത്തേ ആയിക്കൂടായിരുന്നോ എന്ന് ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വ്വേ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കി. ഇനി ജിയോ ടാഗ് സര്‍വേ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എങ്കില്‍ ജിയോ ടാഗ് നേരത്തെ നടത്തിക്കൂടായിരുന്നോ? എന്തിനായിരുന്നു ഈ കോലാഹലമെന്ന് കോടതി ചോദിച്ചു. സര്‍വ്വേ കല്ലിടലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ വന്‍ കോലാഹലമാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുക എന്നതായിരുന്നു കോടതിയുടെ ശ്രമം. എന്നാല്‍ മുഴുവന്‍ വസ്തുതകളും അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

സാമൂഹികാഘാത പഠനത്തിന്റെ മറവില്‍ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് ഹൈക്കോടതി ചോദിച്ചു.

സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു എന്നായിരുന്നു തീരുമാനം.

ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോ ടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.