ബാഗ്ദാദ്: ഏപ്രിൽ പകുതി മുതൽ ഉണ്ടായ തുടർച്ചയായ മണൽക്കാറ്റിനെ തുടർന്ന് ഇറാഖിൽ വിമാനത്താവളങ്ങളും പൊതു കെട്ടിടങ്ങളും താൽകാലികമായി അടച്ചിട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാൽ ആയിരത്തിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരു മരണം സംഭവിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അയൽരാജ്യമായ കുവൈറ്റിലും മണൽക്കാറ്റിനെ തുടർന്ന് ഈ മാസം രണ്ടാം തവണയും വിമാന സർവീസുകൾ നിർത്തിവച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ മണൽക്കാറ്റു വീശിയടിച്ചു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് പൊടിപടലങ്ങളാൽ പൊതിഞ്ഞിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ തെരുവുകൾ വിജനമാണ്.
മണൽക്കാറ്റു രൂക്ഷമായതിനാൽ ആരോഗ്യ-സുരക്ഷാ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജോലികളും നിർത്താൻ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദെമി ഉത്തരവിട്ടു.
കാലാവസ്ഥാ വ്യതിയാനത്തിനും മരുഭൂവൽക്കരണത്തിനും ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അടുത്ത രണ്ട് ദശാബ്ദങ്ങളിൽ പ്രതിവർഷം 272 ദിവസം മണൽക്കാറ്റ് നേരിടേണ്ടിവരുമെന്നും 2050-ഓടെ ഇത് 300 ൽ കൂടുതലായി ഉയരുമെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.