കാലിഫോര്‍ണിയ: ഗര്‍ഭച്ഛിദ്രാനുകൂല നിലപാടിനെ തുടര്‍ന്ന് സഭ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പരസ്യ പ്രതികരണവുമായി ആമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. സഭാ നടപടിയില്‍ പരിഭവമില്ലെന്നും വ്യക്തിപരമായ കാഴ്ച്ചപ്പാട് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു ടിവി അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ മെയ് 20-ന് വിലക്കിയ ശേഷം ആദ്യമായാണ് ഇതില്‍ ഒരു പരസ്യ പ്രതികരണം പെലോസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
വിവിധ വിഷയങ്ങളില്‍ ആളുകള്‍ക്ക് വിരുധമായ കാഴ്ച്ചപ്പാടുകളാണുള്ളത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന നിരവധി അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വേറിട്ടതാണ്. അത് തികച്ചും വ്യക്തിപരമാണ്. സ്ത്രീക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്നും പെലോസി പറഞ്ഞു.
എന്നാല്‍ വിശുദ്ധ കൂര്‍ബാന സ്വീകരിക്കാന്‍, നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറുണ്ടോയെന്ന ടിവി അവതാരികയുടെ ചോദ്യത്തിന് നാന്‍സി വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം തന്റെ നടപടി രാഷ്ട്രീയമല്ലെന്നും സഭാപരമാണെന്നും ആര്‍ച്ച് ബിഷപ് കോര്‍ഡിലിനോ ഇന്നലെയും ആവര്‍ത്തിച്ചു.
സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതയില്‍ മാത്രമേ നിലവില്‍ ഉത്തരവ് ബാധകമാക്കിയിട്ടുള്ളു. വാഷിംഗ്ടണ്‍ അതിരൂപതയിലെ കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി പെലോസിയെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. മാത്രമല്ല കുര്‍ബാന നല്‍കുന്നതില്‍ പെലോസിയെ ഒഴിവാക്കാന്‍ വൈദികരോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. ജോര്‍ജ്ജ്ടൗണിലെ ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 മണിക്ക് പെലോസി വിശുദ്ധ കുര്‍ബാന സ്വീകരിച്ചതായി അമേരിക്കയിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സഭ പക്ഷെ വാര്‍ത്തയോട് പ്രതികരിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.