രാജ്യദ്രോഹം: കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം

രാജ്യദ്രോഹം: കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം

ന്യൂഡല്‍ഹി: ഭീകരവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. ഡല്‍ഹിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പ്രവീണ്‍ സിങ് ആണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.

ഇരട്ട ജീവപര്യന്തവും പത്തുകൊല്ലത്തെ കഠിനതടവുമാണ് അമ്പത്താറുകാരനായ മാലിക്കിന് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 10 ലക്ഷം രൂപ പിഴയും ഒടുക്കണം. വിധിക്കെതിരേ മാലിക്കിന് ഹൈക്കോടതിയെ സമീപിക്കാം.

ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗൂഢാലോചന, ഭീകരവാദ സംഘടനകളില്‍ അംഗത്വം, ക്രിമിനല്‍ ഗൂഡാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ യാസിന്‍ മാലിക് ചെയ്തതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന നിലപാടാണ് യാസിന്‍ മാലിക് കോടതിയില്‍ സ്വീകരിച്ചത്.

മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. കശ്മീരികളുടെ പലാനയത്തിനു കാരണം മാലിക്കിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് എന്‍ഐഎ പറഞ്ഞു.

താന്‍ ദയ യാചിക്കുന്നില്ലെന്നും ശിക്ഷ കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കാമെന്നും യാസിന്‍ മാലിക് പറഞ്ഞു. ഭീകര പ്രവര്‍ത്തന കുറ്റത്തിനുള്ള കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം വിധിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.