ഭുവനേശ്വര്‍: അനധികൃത ലിംഗ നിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തി വന്നിരുന്ന വമ്പന്‍ റാക്കറ്റ് പൊലീസ് പിടിയില്‍. ഒഡീഷയിലെ ബെര്‍ഹാംപുരില്‍ ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗ നിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തി വന്നിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ 11 ഗര്‍ഭിണികള്‍ ലിംഗനിര്‍ണയത്തിനായി ഇവിടെയെത്തിയിരുന്നു. ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസൗണ്ട് മെഷീനുകളും മറ്റ് ഉപകരണങ്ങളും 18200 രൂപയും മൊബൈല്‍ഫോണും റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരും പിടിയിലായവരില്‍ ഉള്‍പ്പെടും.
ഗര്‍ഭിണികളെ ക്ലിനിക്കിലേക്ക് അയച്ചാല്‍ ആശുപത്രി ജീവനക്കാരായ പ്രതികള്‍ക്ക് ദുര്‍ഗ പ്രസാദ് പ്രതിഫലം നല്‍കിയിരുന്നു. അറസ്റ്റിലായ ആശ വര്‍ക്കറും ഗര്‍ഭിണികളെ എത്തിച്ചുനല്‍കിയിരുന്നു. റെയ്ഡ് നടന്ന ദിവസം ആശ വര്‍ക്കറായ യുവതി തന്റെ ഗ്രാമത്തില്‍ നിന്ന് രണ്ട് ഗര്‍ഭിണികളുമായാണ് ക്ലിനിക്കില്‍ വന്നതെന്നും പൊലീസ് വ്യ്ക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.