മേയ് 31 : ലോക പുകയില വിരുദ്ധ ദിനം - നിലനിൽക്കാനായി വലി നിർത്താം

മേയ്  31 : ലോക പുകയില വിരുദ്ധ ദിനം - നിലനിൽക്കാനായി വലി നിർത്താം

പുകവലിയുടെ യഥാർത്ഥ മുഖം രോഗവും മരണവും ഭയാനകവുമാണ്.പുകയില വ്യവസായത്തിലെ മുതാളിമാർ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഗ്ലാമറും വർണ്ണപ്പകിട്ടും മരണത്തിലേക്ക് നയിക്കുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയാൻ മനുഷ്യരാശി വൈകുന്നു.മനുഷ്യന്റെ ജീവിതത്തില്‍ സുഹൃത്തായി എത്തി അവന്റെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും തച്ചുടക്കുന്ന മരണത്തിന്റെ വ്യാപാരിയാണ് പുകയില.
ഇരുപതാം നൂറ്റാണ്ട് പുകയില മൂലമുള്ള 100 ദശലക്ഷം അകാല മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 21-ാം നൂറ്റാണ്ടോടെ ഈ കണക്ക് ഒരു 1000 ദശലക്ഷം ആയി വര്‍ദ്ധിക്കും.2022 ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ മുദ്രാവാക്യം "പരിസ്ഥിതി സംരക്ഷിക്കാൻ പുകയില ഉപേക്ഷിക്കുക" എന്നതാണ്.അത്‌ നമ്മുടെ പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിക്കുന്നു.പുകയില അതിന്റെ ജീവിതചക്രത്തിലുടനീളം, ഭൂമിയെ മലിനമാക്കുകയും മനുഷ്യരുടെ ആരോഗ്യവും നശിപ്പിക്കുകയും ചെയ്യുന്നു.പുകയില വ്യവസായം പരിസ്ഥിതിയിൽ ചെലുത്തുന്ന ഹാനികരമായ ആഘാതം വളരെ വലുതാണ്.
ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നുഎന്നാണ് കണക്ക്.പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു.പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു.എന്നാൽ പുകയില ഉപയോഗങ്ങൾക്ക് അറുതിയില്ല.
ലോകത്തില്‍ ഓരോ മിനിട്ടിലും ഏകദേശം രണ്ട് പേര്‍ പുകവലി മൂലം മരണപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. ലോകത്ത് സംഭവിക്കുന്ന 12 ശതമാനം ഹൃദ്രോഗ മരണങ്ങള്‍ക്കും കാരണം പുകവലിയാണ്.നിക്കോട്ടിന്‍ തലച്ചോറിനെ ബാധിക്കുന്നത് മൂലം പുകയില ഉപയോഗിക്കുന്ന നിരവധി പേർക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ അര്‍ബുദത്തിന് സാധ്യത കൂടുതലാണ്.
പുകയില അതിന്റെ ഉപയോക്താക്കളിൽ പകുതിയോളം പേരെ കൊല്ലുന്നു.പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. അതിൽ 7 ദശലക്ഷത്തിലധികം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്.ലോകത്തിലെ 1.3 ബില്യൺ പുകയില ഉപയോക്താക്കളിൽ 80 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്.
വിഷം എന്ന് പുറത്തു എഴുതിത്തരുന്ന ഒരു സാധനവും ആരും സ്വബോധത്തോടെ വാങ്ങി ഉപയോഗിക്കില്ല. എന്നാല്‍ 'കൊല്ലും' എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടും പുകയില വാങ്ങി ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ് പുകയിലയുടെയും പുകയില കമ്പനികളുടെയും വിജയം. എന്നെ ഉപയോഗിക്കുന്നത് അപകടകരമാണ് എന്ന് പരസ്യമായി എഴുതിവെച്ച് പൊതുമാർക്കറ്റിൽ നിയമ വിധേയമായി വിപണനം ചെയ്യപ്പെടുന്ന ഏക വസ്തു പുകയില ഉൽപന്നങ്ങളായിരിക്കുമെന്നാണ് തോന്നുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന ഒന്നാണ് പുകയിലയുടെ ഉപയോഗം. 1550കളില്‍ ജീന്‍ നിക്കോട്ട് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് പോര്‍ച്ചുഗലില്‍നിന്നും പുകയിലയെ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിച്ചത്.16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ പുകയില കൊണ്ടുവന്നതോടെ താംബൂലത്തിന്റെ പ്രധാനഭാഗമായി അത് മാറി.പുകയിലയില്‍ അപകടകാരികളായ പല ഘടകങ്ങളുമുണ്ട്. 8% വരെ നിക്കോട്ടിന്‍ ഉണങ്ങിയ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.
പുകയിലപ്പുകയിലെ ഏകദേശം നാലായിരത്തോളം രാസവസ്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ ഇരുന്നൂറിലധികം രാസവസ്തുക്കള്‍ വിവിധരോഗങ്ങള്‍ക്കിടയാക്കാറുണ്ട്. പൈറീന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, നാഫ്തൈലാമിന്‍ തുടങ്ങിയ അമ്പതോളം രാസവസ്തുക്കള്‍ അര്‍ബുദത്തിനിടയാക്കാറുണ്ട്.പുകവലി തുടങ്ങിയാല്‍ കൂടുതല്‍ വലിക്കാനുള്ള ആസക്തി ഉണ്ടാക്കുന്ന പ്രധാന വില്ലന്‍ നിക്കോട്ടിനാണ്.
ഒരു സിഗരറ്റ് വലിക്കുമ്പോള്‍ത്തന്നെ ഏകദേശം രണ്ടു മില്ലിഗ്രാം നിക്കോട്ടിന്‍ രക്തത്തില്‍ കലരാറുണ്ട്.പുകയിലപ്പുകയിലെ പ്രധാന വാതകം കാര്‍ബണ്‍ മോണോക്സൈഡാണ്.ബെന്‍സോപൈറിന്‍, വിനൈല്‍ക്ലോറൈഡ്, ടാര്‍, അമോണിയ തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന വിഷവസ്തുക്കളുടെ വലിയൊരു നിരതന്നെ പുകയിലപ്പുകയില്‍ അടങ്ങിയിട്ടുണ്ട്.
ഒരു സിഗരറ്റ്‌ വലിക്കുമ്പോള്‍ നമ്മുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ.പുകവലിക്കുന്ന ഒരാള്‍ക്ക്‌ പുകവലിക്കാത്ത ആളെക്കാള്‍ ഏകദേശം 10 വര്‍ഷം ആയുസ്സ് കുറവായിരിക്കും.പുകവലി ഒരു തരം പകർച്ചവ്യാധിയാണ്. നമ്മളറിയാതെ അത് നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു, പ്രത്യേകിച്ചും നാം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കിൽ. മാത്രമല്ല ഒരിക്കൽ അടിപ്പെട്ട് കഴിഞ്ഞാൽ അതിൽനിന്നു മോചനം നേടൽ ശ്രമകരമായ ജോലിയാണ്. അതുകൊണ്ട് നമ്മുടെ ചുണ്ടുകളിൽ നിന്ന് പുകച്ചുരുളകൾ പൊങ്ങാതെ നോക്കുകയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. പുകയില നമ്മുടെ ജീവിതം പുകച്ചു കളയാതിരിക്കാന്‍ വിവേക പൂര്‍വ തീരുമാനം എടുക്കേണ്ടത് നാം തന്നെയാണ്. നമുക്ക് നമ്മെ തിരുത്താന്‍ കഴിയില്ല എങ്കില്‍ മറ്റാര്‍ക്കാണ് നമ്മെ സഹായിക്കാനാകുക?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.