കീവ്: റഷ്യന്‍ ആക്രമണം മൂന്നു മാസം പിന്നിടുമ്പോള്‍ മോസ്‌കോ പാത്രിയര്‍ക്കീസുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ച് ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭ. അധിനിവേശത്തെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറില്‍ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് വേര്‍പിരിയാനുള്ള തീരുമാനം ഉക്രെയ്ന്‍ ഓര്‍ത്തഡോക്സ് സഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചത്.
കൊല്ലരുത് എന്ന ദൈവകല്‍പ്പന ലംഘിക്കുന്ന യുദ്ധത്തെ കൗണ്‍സില്‍ അപലപിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയത്. അധിനിവേശത്തില്‍ പാത്രിയര്‍ക്കീസ് കിറിലിന്റെ നിലപാടുകളോടുള്ള കടുത്ത വിയോജിപ്പും കൗണ്‍സില്‍ പ്രകടിപ്പിച്ചു. റഷ്യന്‍, ഉക്രെയ്ന്‍ ഭരണനേതൃത്വങ്ങള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരണമെന്നും ആവശ്യപ്പെട്ടു.
യുദ്ധത്തിനിടെ പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ഉക്രെയ്ന്‍ പൗരന്മാര്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാനും സഭാ നേതൃത്വം തീരുമാനിച്ചു.
ഉക്രെനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തങ്ങളുടെ വിശ്വാസികളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കുന്നു. അവരുടെ പരീക്ഷണങ്ങളില്‍ ചേര്‍ന്നു നില്‍ക്കുകയും ചിതറിപ്പോയ സഭാ സമൂഹങ്ങളെ സംഘടിപ്പിക്കുകയും വേണം. മതവിശ്വാസം, സംസ്‌കാരം, ഭാഷ എന്നിവ സംരക്ഷിക്കുന്നതിന് വിദേശത്തേക്കു പലായനം ചെയ്ത ഓര്‍ത്തഡോക്‌സ് ഉക്രെനിയക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2019-ല്‍ മോസ്‌കോയില്‍നിന്ന് സ്വതന്ത്രമായി ഉക്രെയ്‌ന് സ്വന്തമായി ഇടവക രൂപീകരിക്കാന്‍ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇതേുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മതപരമായ ബന്ധം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ പല ഇടവകകളും പാത്രിയര്‍ക്കീസ് കിറിലിനോടുള്ള വിശ്വസ്തത തുടര്‍ന്നു. ഈ വിഭാഗമാണ് പാത്രിയര്‍ക്കീസിന്റെ നിലപാടുകളോടുള്ള വിയോജിപ്പിനെതുടര്‍ന്ന് വേര്‍പിരിയാന്‍ തീരുമാനമെടുത്തത്.
2020-ല്‍ ഉക്രെയ്‌നില്‍ നടത്തിയ ഒരു സര്‍വേയില്‍ 34 ശതമാനം ആളുകള്‍ സ്വതന്ത്ര ഉക്രെയ്ന്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങളാണെന്നും 14 ശതമാനം മോസ്‌കോ പാത്രിയര്‍ക്കേറ്റ് അംഗങ്ങളാണെന്നും കണ്ടെത്തി.
പുതിയ തീരുമാനത്തെതുടര്‍ന്ന് 400-ലധികം ഇടവകകളാണ് മോസ്‌കോ പാത്രിയര്‍ക്കേറ്റില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.