വരണ്ട ചര്‍മ്മമാണോ നിങ്ങളെ അലട്ടുന്നത് ? ഈസിയായി പരിഹരിക്കാന്‍ ഇതാ ചില വഴികള്‍

വരണ്ട ചര്‍മ്മമാണോ നിങ്ങളെ അലട്ടുന്നത് ? ഈസിയായി പരിഹരിക്കാന്‍ ഇതാ ചില വഴികള്‍

സ്‌കിന്‍ വരണ്ടിരിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് കാലില്‍. സ്‌കിന്‍ വരണ്ട്, മൊരിപോലെ പ്രത്യക്ഷപ്പെടുന്നത് യുവജനങ്ങള്‍ക്ക് തലവേദന തന്നെയാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും മറ്റും ബുദ്ധിമുട്ട് നേരിടുന്നതാണ് പ്രശ്‌നം. ഇത് എങ്ങിനെ പരിഹരിക്കാം എന്ന് ചിന്തിച്ചു നടക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ ഡ്രൈ സ്‌കിന്‍ വരുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ചിലത് നന്നായി ശ്രദ്ധിച്ചാല്‍, കുറച്ച് പൊടികൈകള്‍ ചെയ്താല്‍തന്നെ മാറ്റി എടുക്കാവുന്നതാണ്.

വരണ്ട ചര്‍മ്മത്തിന് കാരണം

വരണ്ട ചര്‍മ്മം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലത് അസുഖം മൂലം ഉണ്ടാകുന്നതാകാം. ചിലത് വെള്ളം കുടിക്കാത്തതു കൊണ്ട്, കാലാവസ്ഥ മാറുന്നതുകൊണ്ട്, സോറിയാസീസ് അങ്ങനെ നിരവധി കാരണങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് സോറിയാസീസ്. സോറിയാസീസ് ഉള്ളവരില്‍ അമിതമായി സ്‌കിന്‍ സെല്‍സ് ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ ഇത് ചൊറിച്ചില്‍, മൊരിപിടിച്ച കാലുകള്‍, പൊട്ടലുകള്‍ എന്നിവയെല്ലാം ഉണ്ടാകുന്നു. ചിലര്‍ക്ക് കാല്‍ മുട്ടുകളിലും സോറിയാസീസ് കണ്ടുവരുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ ചിലരില്‍ വരണ്ട ചര്‍മ്മം രൂപപ്പെടാറുണ്ട്. പ്രത്യേകിച്ച് സമ്മറിലും വിന്ററിലും ചര്‍മ്മം വരണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന ചര്‍മ്മത്തിലെ മാറ്റങ്ങള്‍ പിന്നീട് നോര്‍മല്‍ ആകപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കെമിക്കല്‍സ് അടങ്ങിയ ക്രീം എന്നിവ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം വരണ്ടു പോകുന്നത്, അലര്‍ജി എന്നിവ മാറ്റിയെടുക്കുവാന്‍ പ്രയാസപ്പെട്ടെന്നു വരാം.
നല്ല പ്രമേഹമുള്ളവരില്‍, അതേപോലെ കിഡ്നി സംബന്ധമായി പ്രശ്നമുള്ളവരില്‍ ലിവര്‍ സിറോസീസ് ഉള്ളവരില്‍ തൈറോയ്ഡ് ഉള്ളവരിലെല്ലാം വരണ്ട ചര്‍മ്മം സര്‍വ്വ സാധാരണമാണ്.

ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

നിങ്ങള്‍ക്ക് ആദ്യം വരണ്ട ചര്‍മ്മമാണോ ഉള്ളത് എന്ന് ഉറപ്പാക്കുക. അതായത് നിങ്ങളുടെ ചര്‍മ്മത്തില്‍ നഖംകൊണ്ട് വെറുതെ പോറിയാല്‍ വെള്ള വര കാണുന്നുണ്ടെങ്കില്‍ നിങ്ങളുടേത് വരണ്ട ചര്‍മ്മമാണ്. അതേപോലെ വെയിലത്തേയ്ക്ക് ഇറങ്ങിയാല്‍ ചര്‍മ്മം ആകെ പുകയുന്നതു പോലെ തോന്നുന്നതും വലിയുന്നതു പോലെ തോന്നുന്നതുമെല്ലാം വരണ്ട ചര്‍മ്മത്തിന്റെ ലക്ഷണമാണ്. ചിലര്‍ക്ക് കുളി കഴിഞ്ഞ് വരുമ്പോള്‍ തന്നെ സ്‌കിന്‍ ആകപ്പാടെ വലിഞ്ഞ് മുറുകുന്നതായി അനുഭവപ്പെടാറുണ്ട്.
ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ ചര്‍മ്മ സംരക്ഷണത്തിനായി ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് നല്ല സുഗന്ധമുള്ള സോപ്പ്, പെര്‍ഫ്യൂം, ലോഷന്‍, ഡിറ്റര്‍ജന്റ്സ് എന്നിവ. ഇവ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു. അതുകൊണ്ടാണ് ചില സോപ്പുകള്‍ ഉപയോഗിച്ചതിന് ശേഷം ചര്‍മ്മം വരണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നത്.

ഇതേപോലെ ചര്‍മ്മത്തെ വരണ്ടതാക്കുന്ന പ്രധാന കാരണമാണ് കുളി. ചിലര്‍ക്ക് കുളിക്കുവാന്‍ തന്നെ വേണം ഒന്ന് ഒന്നൊര മണിക്കൂര്‍. ഇത്രയും സമയമെടുത്ത് കുളിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു. മാത്രവുമല്ല, ഒരു ദിവസം ഒരു നേരം കുളിക്കുന്നതായിരിക്കും വരണ്ട ചര്‍മ്മക്കാര്‍ക്ക് ഏറ്റവും നല്ലത്. അതേപോലെ സാധാരണ പച്ചവെള്ളത്തില്‍ കുളിക്കുവാന്‍ ശ്രദ്ധിക്കുക. കാരണം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കുന്നു. അതേപോലെ ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഇതും ചര്‍മ്മത്തിലെ വരള്‍ച്ച തടയാന്‍ സഹായിക്കും.

പരിഹാരങ്ങള്‍

ഗ്ലിസറിന്‍, ആന്റി ഓക്സിഡന്റ്സ്, എന്നിവയെല്ലാം ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് നല്ലതാണ്. കുളിച്ചതിനു ശേഷം മോയ്സ്ച്വറൈസര്‍ പുരട്ടുന്നത് സ്‌കിന്‍ വരണ്ടു പോകാതിരിക്കുവാന്‍ സഹായിക്കും. അതേപോലെ ഇടയ്ക്ക് റോസ് വാട്ടറും ഗ്ലിസറിനും തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്ത് ഒരു ബോട്ടിലില്‍ ആക്കി വയ്ക്കുക. ഇത് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടു പോകാതിരിക്കുവാന്‍ സഹായിക്കും.

അതുപോലെ ബട്ടര്‍ ഉപയോഗിക്കുന്നതും തേനും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കി ഉപയോഗിക്കുന്നതുമെല്ലാം സ്‌കിന്‍ നൈറിഷ് ചെയ്യുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിനോടൊപ്പം നന്നായി വെള്ളം കുടിക്കുക, പഴം പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ ഒഴിവാക്കാം. വരണ്ട ചര്‍മ്മക്കാര്‍ ഒരിക്കലും നാരങ്ങ വെള്ളം അമിതമായി കുടിക്കരുത്. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു.

കൂടാതെ, നാരങ്ങ മഞ്ഞള്‍ എന്നിവ മുഖത്ത് തേയ്ക്കുന്നതെല്ലാം ചര്‍മ്മം വരണ്ടതാക്കുന്നു. അതേപോലെ ചുണ്ടുകള്‍ വരണ്ടു പോകാതിരിക്കുവാന്‍ ഇടയ്ക്ക് ലിപ് ബാം ഉപയോഗിക്കുന്നതും നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.