കാവന്‍ എന്ന 37 വയസുകാരനായ ആന കഴിഞ്ഞ വര്‍ഷം വരെ 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, കമ്പോഡിയയിലെ വന്യജീവി സങ്കേതത്തില്‍ തന്റെ ജീവിതം ആസ്വദിക്കുകയാണ് അവനിപ്പോള്‍. സന്തോഷവാനും സ്വതന്ത്രനുമായ കാവന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഭക്ഷണം കഴിക്കുന്നതാണ് അവന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. ചൂടുള്ള ഒരു വേനല്‍ക്കാല ദിനത്തില്‍ കാവന്‍ വിശ്രമിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പാകിസ്ഥാനിലെ ഒരു മൃഗശാലയില്‍ എട്ട് വര്‍ഷത്തെ ഏകാന്ത ജീവിതത്തിന് ശേഷമാണ് കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടു പോകുന്നത്. കാവന്റെ പുതിയ ജീവിതവും അവനത് ആസ്വദിക്കുന്നതും കണ്ട് ആളുകള്‍ക്ക് സന്തോഷമായി. അവന്റെ ഭൂതകാലത്തില്‍ നിന്നും ഒരു പൂര്‍ണ്ണമായ മാറ്റം, അവന്‍ ഇപ്പോള്‍ സ്വതന്ത്രമായി ജീവിക്കുകയും ഏതൊരു ആനയും ചെയ്യേണ്ടതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇപ്പോഴാണ് അവന് യഥാര്‍ത്ഥ ജീവിതം കിട്ടിയത് എന്നാണ് മറ്റൊരാള്‍ എഴുതിയത്.
1985ലാണ് ശ്രീലങ്കയിലെ പിന്നവാല ആന സങ്കേതത്തില്‍ നിന്നും കാവന്‍ പാകിസ്ഥാനിലെത്തിയത്. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണസിംഹേ പ്രേമദാസ അന്നത്തെ പാകിസ്ഥാന്‍ സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയാവുല്‍ ഹഖിന് നല്‍കിയ സമ്മാനമായിരുന്നു കുഞ്ഞു കാവന്‍.
മാര്‍ഘുസാര്‍ മൃഗശാലയിലാണ് കാവന്‍ എത്തിയത്. മൃഗശാല സംരക്ഷകര്‍ അവനെ ഉപയോഗിച്ച് പണമുണ്ടാക്കാനാണ് ശ്രമിച്ചത്. പക്ഷേ പാകിസ്ഥാനിലെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1990ല്‍ അവനൊരു കൂട്ടുകാരിയെ കിട്ടി. 1990ല്‍ ബംഗ്ലാദേശില്‍ നിന്നും സഹേലി എന്ന പിടിയാന മാര്‍ഘുസാര്‍ മൃഗശാലയിലെത്തി. പിന്നീട് അവര്‍ ഒരുമിച്ചായി. എന്നാല്‍ 22 വര്‍ഷത്തിന് ശേഷം 2012ല്‍ സഹേലി ചെരിഞ്ഞു. അതോടെ കാവന്റെ ഏകാന്തജീവിതവും തുടങ്ങി. അതോടെ അവന്‍ അക്രമാസക്താനായി.
എന്നാല്‍ കരുണയില്ലാത്ത മൃഗശാലക്കാര്‍ അവനെ ചങ്ങലയിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. നടത്തവും വ്യായാമവുമില്ലാത്ത ജീവിതം അവന്റെ ഭാരം കൂട്ടി. നിരവധി വ്രണങ്ങള്‍ അവന്റെ ശരീരത്തില്‍ ഉണങ്ങാതെ കിടന്നു. ഓടുവില്‍ 2016ലാണ് മാര്‍ഘുസാര്‍ മൃഗശാല സന്ദര്‍ശിക്കുന്ന 'ഫ്രന്റ്‌സ് ഓഫ് ഇസ്ലാമബാദ് സൂ' എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കാവന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. അങ്ങനെ കാവനെ കുറിച്ച് ലോകം അറിഞ്ഞു. ലോകത്തിലെ ഏറ്റവും ഏകാകിയായ ആന എന്ന് പറഞ്ഞു കൊണ്ട് ലോകം മുഴുവനും അവന്റെ മോചനത്തിനായി ഒന്നിക്കുകയായിരുന്നു.
ഫ്രന്റ്‌സ് ഓഫ് ഇസ്ലാമബാദ് സൂവിന്റെ പ്രവര്‍ത്തനങ്ങള്‍ ഓസ്‌കാര്‍ ജേതാവും നടിയും സംഗീതജ്ഞയുമായ ഷേരിന്റെ മുന്നിലുമെത്തി. മൃഗ സംരക്ഷണത്തിനായി തന്റെതായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷേര്‍ കാവന്റെ മോചനത്തിനായി ലോകമെങ്ങും സംഗീത നിശകള്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ക്യാമ്പൈനുകള്‍ക്കും തുടക്കം കുറിച്ചു. കാവന്റെ മോചനത്തിനായി ലക്ഷക്കണക്കിന് പേര്‍ ഒപ്പിട്ട പെന്റീഷനുകള്‍ സമര്‍പ്പിച്ചു.
മൃഗശാലയ്ക്ക് മാത്രം ഇതൊന്നും കണ്ടിട്ട് ഒരു കുലുക്കവും ഉണ്ടായില്ല. ഷേര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നേരിട്ട് കണ്ട് കാവന്റെ മോചനം ആവശ്യപ്പെട്ടു. പിന്നീട് അവന്റെ കാര്യം ശ്രദ്ധയില്‍ വന്നു. ഫോര്‍ പോസ് ഇന്റര്‍നാഷനലിലെ മൃഗപരിപാലന വിദഗ്ധനുമായ ഡോ. ആമിര്‍ ഖലീല്‍ പാകിസ്ഥാനിലെത്തി കാവന്റെ പരിചരണം ഏറ്റെടുത്തു. ആദ്യം അക്രമാസക്തനായ അവന്റെ അടുത്ത് പോകാന്‍ പോലും ഡോക്ടര്‍ക്ക് സാധിച്ചില്ലെങ്കിലും. അദ്ദേഹം അവനെ പരിചരിച്ച് കൂട്ടായി.
ഏതായാലും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ കാവന്‍ മോചിപ്പിക്കപ്പെടുകയും കംമ്പോഡിയയിലെത്തുകയും ചെയ്തു. എന്നാല്‍, ഇന്ന് അവന്‍ തന്റെ ജീവിതം ആസ്വദിക്കുകയാണ് എന്ന് വീഡിയോയില്‍ നിന്നും മനസിലാവും. അവന്‍ തന്റെ ആരോഗ്യവും സന്തോഷവും തിരിച്ചെടുത്തിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.