തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് അറിവിന്റെ തിരുമുറ്റത്ത് എത്തുന്നത്. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്.
സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടക്കും. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠ പുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പിഎസ്സി നിയമനമം ലഭിച്ച 353 അധ്യാപകര്‍ പുതിയതായി ജോലിക്ക് കയറും. ഇതോടെ 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും.
സ്‌കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. റോഡില്‍ തിരക്കിന് സാധ്യതയുള്ളതിനാല്‍ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹായം തേടിയിട്ടുണ്ട്.
സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.