ഇനി ഒന്നേകാല്‍ മണിക്കൂര്‍ മാത്രം; 63 ശതമാനം പിന്നിട്ട് പോളിങ്

ഇനി ഒന്നേകാല്‍ മണിക്കൂര്‍ മാത്രം; 63 ശതമാനം പിന്നിട്ട്  പോളിങ്

കൊച്ചി: പോളിങ് അവസാനിക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രം അവശേഷിക്കെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് 63 ശതമാനം പിന്നിട്ടു.

ഉച്ചകഴിഞ്ഞ് മൂന്നേകാലിന് 55.75 ശതമാനമായിരുന്നു പോളിങ്. ഉച്ചയ്ക്ക് ഒന്നിന് 44 ശതമാനവും. മണിക്കൂറില്‍ ഏതാണ്ട് 10,000 എന്ന കണക്കിലാണ് പോളിങ് മുന്നേറുന്നത്. വരും മണിക്കൂറിലും ഈ നില തുടര്‍ന്നാല്‍ പോളിങ് 75 ശതമാനം കടക്കും.

മഴ മാറി നിന്നതിനാല്‍ പോളിങ് നടപടികള്‍ കൂടുതല്‍ സുഗമമായി നടത്താനായി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. ആറു മണിക്ക് ക്യൂവിലുള്ളവരെ വോട്ടു ചെയ്യാന്‍ അനുവദിക്കും. പോളിങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ മൂന്നിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ കള്ളവോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആല്‍വിന്‍ പൊലീസിന്റെ പിടിയിലായി. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ പേരിലുള്ള വോട്ട് രേഖപ്പെടുത്താനായിരുന്നു ആല്‍വിന്റെ ശ്രമം.

പൊന്നുരുന്നി സ്‌കൂളില്‍ സജ്ജമാക്കിയ 66-ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണത്തില്‍ ആല്‍വിനെ കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ബൂത്ത് ഏജന്റുമാരാണ് സഞ്ജു കാനഡയിലാണെന്നും എത്തിയയാള്‍ മറ്റാരോ ആണെന്നും വെളിപ്പെടുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.