മാധ്യമങ്ങൾ തമസ്കരിക്കുന്ന ഇടയനന്മകൾ

മാധ്യമങ്ങൾ തമസ്കരിക്കുന്ന ഇടയനന്മകൾ

അദിലാബാദ്‌: കോവിഡിന്റെ കലിയുഗത്തിലും, കർത്താവിന്റെ കരുണയും, കരുതലും കാത്തിരിക്കുന്ന കുഞ്ഞാടുകൾക്ക് കരംനിറയെ പകർന്നുനൽകിയ ഒരിടയനുണ്ട്. യുക്തിചിന്തയുടെ വിളയാട്ടത്തിൽ മാധ്യമവും മാധ്യമം നയിക്കുന്ന മാനവനും മറക്കുന്ന ചില നന്മയുടെ നേർക്കാഴ്ചകൾ. ചാനലുകൾ ചർച്ചയാക്കാൻ മടിക്കുന്ന നന്മ... പത്രമാധ്യമങ്ങൾ കളർ കോളത്തിൽ നിന്നും, ഫ്രണ്ട് പേജിൽ നിന്നും പുറകിൽ എവിടെയോ ബ്ലാക്ക് ആൻഡ് വൈറ്റ് താളുകളിലേക്ക് മാറ്റിനിർത്തുന്ന ചില നന്മ... സോഷ്യൽ മീഡിയ ഷെയർ ബട്ടൺ കണ്ടില്ല എന്ന് നടിക്കുന്ന ചില നന്മ... എന്തിനേറെ പറയുന്നു ചായക്കടയിലെ അന്തി ചർച്ചകൾക്ക് പോലും ഈ നന്മകൾ വിഷയമാകുന്നില്ല... കാരണം ഇന്ന് നന്മയുടെ മുഖം ഇരുണ്ടു പോയിരിക്കുന്നു.

തുടക്കത്തിൽ സൂചിപ്പിച്ച ആ ഇടയനിലേക്ക് നമുക്കു തിരിച്ചുവരാം. അജഗണങ്ങൾക്കായി തനിക്കുള്ളതെല്ലാം നൽകുന്ന ഒരു ഇടയൻ. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ നാം നന്മ ചെയ്തപ്പോൾ ആ ഇടയൻ തിരിച്ചു കിട്ടില്ല എന്ന ഉറപ്പിലാണ് അത് ചെയ്തത്. ഈ പറഞ്ഞത് മറ്റാരെയും പറ്റിയല്ല. തെലുങ്കാനയിലെ അദിലാബാദ് രൂപതയുടെ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ പിതാവിനെ പറ്റിയാണ്. സ്വന്തം ജീവിതം തന്നെ സുവിശേഷം ആയി പകർന്നുനൽകുന്ന പിതാവ്. മറ്റുള്ളവരുടെ ദുഃഖം നമുക്ക് എത്രത്തോളം മനസ്സിലാവും. ഒത്തിരി ഒന്നും മനസ്സിലാവില്ല അല്ലേ. അതു മനസ്സിലാകുന്നവൻ ആ സങ്കടത്തിലുടെ കടന്നു പോയവർ ആയിരിക്കണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ പ്രിൻസ് പിതാവിന്റെ ഭൂതകാലം നമുക്കു മനസ്സിലാകും. മനുഷ്യരോട് അനുരൂപപ്പെടാൻ മനുഷ്യനായ യേശുവിനെപ്പോലെ തന്റെ ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ പിതാവ് അവരിൽ ഒരുവനായി.   

കഠിനമായ വേനലിൽ തെലുങ്കാന ഇന്ന് ചുട്ടുപൊള്ളുകായാണ്. ഗ്രാമങ്ങളിൽ തീപിടുത്തം പതിവുകാഴ്ച ആവുന്ന കാലം. മിട്ടപ്പള്ളി എന്ന ഗ്രാമത്തിലെ ശങ്കരയ്യ എന്ന ഒരു സാധുവിന്റെ വീട് ഇത്തരത്തിൽ കത്തിനശിച്ചു. കേട്ടപാതി കേൾക്കാത്ത പാതി പ്രിൻസ് പിതാവ് തന്റെ സഹോദര വൈദികരെയും കൂട്ടി ജാതിയോ മതമോ നോക്കാതെ ഇറങ്ങിത്തിരിച്ചു. പുതിയ ഭവനത്തിന് പണിയും ആരംഭിച്ചു. അംശവടിയും മോതിരവും മാലയും ഇല്ലാത്ത ഒരു പച്ചമനുഷ്യനായി പിതാവും അവരുടെ കൂടെ ഇറങ്ങി പണിതു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മനോഹരമായ ഒരു വീട് നിർമ്മിച്ചുനൽകി. 

കൊറോണക്കാലത്തെ തന്റെ പ്രവർത്തനങ്ങൾകൊണ്ട് അദ്ദേഹം നാട്ടുകാരുടെ മനസ്സിൽ വലിയ ഒരു സ്ഥാനം നേടിയതാണ്. തന്റെ ബിഷപ് ഹൗസിൽ എന്നും ഉച്ചയ്ക്ക് നിത്യന്നാദാനം എന്നപേരിൽ പാവങ്ങൾക്ക് അദ്ദേഹം ഭക്ഷണം നൽകും, അവരുടെ ഒപ്പമിരുന്ന് കഴിക്കും. അങ്ങനെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതെ അദ്ദേഹം ധാരാളം നന്മകൾ ചെയ്യുന്നു. ഈ കഴിഞ്ഞ എട്ട് നോമ്പ് കാലത്ത് മറ്റാരുടെയും സഹായം കൂടാതെ പരിശുദ്ധ കന്യകാമറിയത്തിന് ഗ്രോട്ടോ നിർമ്മിച്ചതും ഈ പിതാവ് തന്നെയാണ്. ബിഷപ്‌സ് ഹൌസിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് ശേഖരിച്ച ഉരുളൻ കല്ലുകളുപയോഗിച്ചാണ് പിതാവ് ഗ്രോട്ടോ നിർമ്മിച്ചത്. ആഗസ്ത് മൂന്നാം തിയതി ആരംഭിച്ച നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കി സെപ്തംബർ 8 ന് പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാൾ ദിനത്തിൽ ഗ്രോട്ടോ വെഞ്ചരിച്ചു. 

പ്രഭാതത്തിലെ ദിവ്യബലിയിൽ നിന്ന് ശക്തി സ്വീകരിച്ച് ദിവസം തുടങ്ങുന്ന പിതാവ് ആതുര ശുശ്രൂഷയും കാരുണ്യപ്രവർത്തനങ്ങളും, സുവിശേഷപ്രഘോഷണവും ആയി ഓരോ ദിവസവും ധന്യമാക്കുന്നു. പിതാവിനെ മറ്റുള്ളവരിൽനിന്ന് ശ്രദ്ധേയനാക്കുന്നത് തന്റെതായ് ജീവിതരീതിയാണ്. ആരൊക്കെ എന്തൊക്കെ തനിക്കെതിരെ പറഞ്ഞാലും പിതാവിന് തന്റെ പാതയെ പറ്റി നല്ല ബോധ്യമുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയിൽ പറഞ്ഞാൽ ആടുകളുടെ മണമുള്ള ഇടയാനാണ് ലാളിത്യം മുഖമുദ്രയാക്കിയ പ്രിൻസ് പിതാവ്. തൃശ്ശൂർ അതിരുപതാംഗമായ പ്രിൻസ് പിതാവ് 2007 ഏപ്രിൽ 27 ന് അദിലാബരൂപതക്കുവേണ്ടി വൈദികനായി. തുടർന്ന് ഏതാനം വർഷത്തെ അജപാലനശുശ്രുഷക്ക്‌ശേഷം റോമിലെ പൊന്തിഫിക്കൽ ഉർബാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ് കരസ്ഥമാക്കി. തുടർന്ന് 2015 ഓഗസ്ററ് 6 ന് അദിലാബാദ്‌ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 

ഒറ്റ വീഴ്ച്ചയിൽ ഉടഞ്ഞു പോകാൻ ഇടയുള്ള ഒരു ചില്ലു മാത്രമായ ഈ ജീവിതത്തിൽ നമുക്ക് ബാക്കിയാവുക ഇത്തരം ചില നന്മകൾ ആവാം. അപരിചിതന് ഞാൻ നൽകിയ പരിചയം... വിവസ്ത്രന് ഞാൻ നൽകിയ വസ്ത്രം... ദാഹിച്ചവന് ഞാൻ നൽകിയ ജലം... വിശന്നു നടന്നവന് ഞാൻ നൽകിയ ഭക്ഷണം... ഇനിയൊരിക്കലും കാണാനിടയില്ലാത്തവർക്ക് ഞാൻ ചെയ്തു കൊടുത്തത നന്മകൾ... ഇതു മാത്രമേ ജീവിതത്തിനൊടുവിൽ എനിക്ക് കൂട്ടായി വരികയുള്ളൂ. 

തെരുവീഥിയിൽ പകൽസമയം റാന്തൽ വിളക്കുമായി മനുഷ്യരെ തിരഞ്ഞു നടന്ന ഡയോജനിസിനെ പോലെ ഇനി ഒരുവൻ ഉണ്ടാകാതിരിക്കട്ടെ. മനുഷ്യനെ തേടി നാടുനീളെ നടന്ന് അവനെ ചിലർ ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ അവനായിരുന്നു ശരി. മനുഷ്യനായി ജനിച്ചാൽ മാത്രം പോരാ, മനുഷ്യത്വം കാട്ടുക കൂടെയുള്ളവരിൽ. അതാണ് പ്രിൻസ് പിതാവ് നമുക്ക് പറഞ്ഞു തരുന്നത്. പുരോഹിതനെ നാൽക്കവലയിൽ വിവസ്ത്രനാക്കാൻ വെമ്പൽകൊള്ളുന്ന സമൂഹമേ എന്തുകൊണ്ട് നിങ്ങൾ ഇതുപോലുള്ള നന്മകൾ കാണുന്നില്ല. 

ബിനീഷ് വലിയപറമ്പിൽ 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.