പതിറ്റാണ്ടുകള്‍ക്കു മുമ്പ് വയലാര്‍ രാമവര്‍മ എന്ന കവി ഈ കവിത കുറിക്കുമ്പോള്‍ കണ്ണെറിഞ്ഞു നോക്കിയ അസുരതയുടെ കാലം ആഗതമാവുകയാണോ? സ്വയം പഠിപ്പിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ അത്യാസന്നമായ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്താനുള്ള പ്രകൃതി സ്നേഹികളുടെ പ്രയത് നം സഫലമാ വൂമോ? വര്‍ത്തമാനകാലത്തിന്റെ കണ്ണീര്‍ നനഞ്ഞ വര്‍ത്തമാനങ്ങള്‍ മനസിലുണര്‍ത്തുന്ന അളവില്ലാത്ത സ്നേഹത്തിന്റെ നിഴലിലാണ് വീണ്ടും ഒരു പരിസ്ഥിതിദിനം കൂടി കടന്നു വരുന്നത്.
ഭൂമിയുടെ ജീവന്‍, അതാണ് ഇന്നിന്റെ പ്രാര്‍ത്ഥന. ജീവനറ്റ ഭൂമി, മരിച്ചവരുടെ ഭൂമിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്ത് ജീവനറ്റ മരുഭൂമിയായ മണ്ണിന്റെ അളവ് എത്രയെന്നറിയാമോ? 120 കോടി ഹെക്ടര്‍! 1972-ലെ സ്റ്റോക്ഹോം അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ജൂണ്‍ അഞ്ച്! ലോക പരിസ്ഥിതിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് മുതല്‍, ഈ ദിനം ലോകത്തിന്, ഇനിയും മരിക്കാത്ത ഭൂമിയുടെ ആസന്നമൃതിയില്‍ ആത്മശാന്തി നേരാനുള്ള ദിനമായി മാറിക്കഴിഞ്ഞു.
എന്‍ഡോസള്‍ഫാന്റെ ഇരകളായി ഒരു ജനത ഇഴഞ്ഞും വലിഞ്ഞും ജീവിതം കഴിക്കുന്ന കാഴ്ച കാസര്‍ഗോഡിന്റെ ദുരന്തകാഴ്ചയാണ്. എന്നാല്‍, പച്ചിലച്ചാര്‍ത്തുകളില്‍ വിഷം പുതപ്പിച്ച്, കീടനാശം വരുത്തി, മണ്ണിന്റെ കണ്ണു കുത്തിപ്പൊട്ടിക്കാന്‍ മനുഷ്യന്റെയുള്ളില്‍ ഇപ്പോഴും നുരയുന്ന ദുരയുടെ ദുരന്തം ആരും കാണാത്തതെന്തു കൊണ്ടാണ്! കൊങ്കണ്‍ തീരത്തെ ജനജീവിതത്തെയും പരിസ്ഥിതി ഭദ്രതയരയെയും തച്ചുടയ്ക്കാന്‍ പോരുന്ന ജെയ്താപൂര്‍ ആണവനിലയത്തിനെതിരെ പാവം നാട്ടുവാസികള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ തല്ലിയൊതു ക്കുന്നതെന്തുകൊണ്ട്?
ഒന്നാം ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ഇന്ത്യ ഇരയാകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ജെയ് താപ്പൂരിന്റെ നിലവിളി പഞ്ചഭുഖണ്ഡങ്ങളിലേക്കു പടരുകയാണ്. പട്ടിണിപ്പാവങ്ങള്‍ ആഗോളവത്‌കരണത്തിന്റെ വലയില്‍ കുടുങ്ങുമ്പോള്‍, മുപ്പതു ശതമാനത്തോളം വരുന്ന അംബോല്‍ഗാഡി ലെയും തൂള്‍സുന്ദയിലെയും ജംദാലിയിലെയും മനുഷ്യര്‍ക്ക്, വിജയ്ദൂര്‍ഗിലെയും ജയ്താപ്പൂരിലെയും കടലിടുക്കുകളില്‍ വലയെറിഞ്ഞു കിട്ടുന്ന പച്ചമീന്‍ ചൂട്ടുതിന്നാന്‍പോലും കഴിയാതെയാകും.. 15233 ഹെക്ടര്‍ മാന്താപ്പുകളില്‍ നിന്നുള്ള 2200 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുമ്പോള്‍ അല്‍ഫോന്‍സാ മാങ്ങാപ്പഴം ഒരു തല മുറയുടെ നാവിന്‍കൊമ്പിലെ തീരാക്കൊതിയായി അവശേഷിക്കും! സുനാമിയില്‍ തകര്‍ന്ന ജപ്പാനിലെ ഫൂക്കി ഷിമ ആണവനിലയത്തിലെ ഓര്‍മ, ജയ് താപ്പുരിലെ ജനങ്ങളുടെ ഭാവി, ചീഞ്ഞ മാങ്ങാപ്പഴം പോലെയാക്കി.
നേച്ചര്‍ എന്ന അന്തര്‍ദേശീയ ശാസ്ത്രമാസികയില്‍, ജോസഫ് ഫോര്‍മാന്‍ എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനാണ് 1985ല്‍ ആഗോളതാപനം വഴി ഓസോണ്‍പാളികള്‍ ദൂര്‍ബലമാകുന്നുവെന്ന അപായമണി മുഴക്കിയത്. അമേരിക്കന്‍ ബഹിരാകാശ സംഘടനായ നാസ പിന്നിട് ഫോര്‍മാന്റെ നിരീക്ഷണങ്ങള്‍ ശരിയെന്നു തെളിയിച്ച പ്പോള്‍ ലോകം ശരിക്കും ഞെട്ടിത്തരിച്ചു! 1992 ല്‍ ബ്രസീലിലെ റിയോ ഡി ഷാനെറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോ ടിയുടെ അജന്‍ഡ 21 എന്ന മാര്‍ഗരേഖ ലോക രാഷ്ട്രങ്ങൾക്ക് ആസന്നമായ ദുരന്തത്തിന്റെ മുന്നറിയിപ്പായി മാറി. ആണവോര്‍ജനിലയങ്ങളില്‍ നിന്നുള്ള അണുവികരണം തലമുറകള്‍ക്കുള്ള ദുരിതഗുളികകളാണെന്നുള്ള സത്യം ഇന്നു സാധാരണക്കാരനും തിരിച്ചറിയുകയാണ്.
പ്രകൃതിയുടെ ജൈവഘടനയും ആവാസവ്യവസ്ഥയും നിലനിര്‍ത്താന്‍ നാം മുന്നിട്ടിറങ്ങണം. സ്വന്തം വീട്ടു മുറ്റത്ത് ഒരു തൈമരം നടുമ്പോള്‍ ചുട്ടുപൊള്ളുന്ന ഭൂമിക്ക് ഒരു തണലാണു നടുന്നത് എന്ന ഒ.എന്‍.വി ദര്‍ശനം ശ്രദ്ധേയമാണ്.
രാഷ്ട്രങ്ങൾ പുറത്തു വിടുന്ന കാര്‍ബണിനു നികുതിയേര്‍പ്പെടുത്തണം എന്നു പറഞ്ഞത്, നോബല്‍പ്രൈസ് ജേതാവായ അല്‍ഗോര്‍ ആണ്. ഗ്രീൻ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെയും മിഥെയിന്റെയും വ്യാപനം എന്തു വില കൊടുത്തും തടയേണ്ടതാണ്. മാരകമായ കീടനാശിനികള്‍ കൊണ്ട്, കീടങ്ങളുടെ ജീവന്‍ നഷ്ടപ്പെടും.
കീടങ്ങളുടെ ജീവന്‍ നശിപ്പിക്കാന്‍ കഴിയുന്ന മാരക വിഷങ്ങള്‍ക്ക്, സസ്യലതാദികളുടെയും മനുഷ്യന്റെയും ജീവനും നശിപ്പിക്കാന്‍ കഴിയും എന്ന നഗ്നസത്യം നാം മറക്കുന്നതെന്തേ? നമ്മൂടെ മരച്ചില്ലകളില്‍ ഇനിയും കിളികള്‍ കൂടുകൂട്ടുമോ? നമ്മുടെ വീട്ടിലെ തൈമാവിന്‍കൊമ്പില്‍ തൂക്കണാം കുരുവി ഊയലാടുമോ? നെല്ലിന്‍ പൂവും നെല്ലിപ്പുവും കൈതപ്പുവും കാക്കപ്പൂവും നമ്മുടെ വയലുകള്‍ക്ക് വര്‍ണക്കാഴ്ച വിരി ക്കൂമോ? പുതുമഴയില്‍ പച്ചമണ്ണു പ്രസവിക്കുന്ന ഈയല്‍ക്കുട്ടത്തെ തിന്നു തീര്‍ക്കുവാന്‍ ചുള്ളനുറമ്പുകള്‍ അണി ചേര്‍ന്നണയുമോ? കദളിവാഴപ്പുന്തേന്‍ നുകരാന്‍ നീളന്‍ ചുണ്ടുകളുമായി കൂഞ്ഞിക്കിളികള്‍ വരുമോ? കംപ്യൂട്ടറിലെ ഇലക്ട്രിക് പൂക്കളില്‍ പറന്നു നടക്കുന്ന ചിത്രപ്പറവകളെ കണ്ട് കണ്ണു മിഴിക്കുന്ന ബാല്യത്തിന്, ഷോക്കേസിലെ ചൈനാ നിര്‍മിതമായ ഓര്‍ഗണ്ടി പൂക്കളില്‍ കാലങ്ങളേറെയായി തേന്‍ കൂടിച്ചുകൊണ്ടേയിരിക്കുന്ന പ്ലാസ്റ്റിക് പാവകളെ കണ്ട് മനസ് മരവിക്കുന്ന ആധുനികലോകത്തിന്, പച്ചമരം നട്ടുവളര്‍ത്താന്‍ വേണ്ട, പച്ചമണ്ണിലൊന്നു തൊടാനെങ്കിലും ഈ പരിസ്ഥിതിദിനം ഉള്‍പ്രേരണ നല്‍കിയിരുന്നെങ്കില്‍...
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തിൽ നിന്ന്.
ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.