തിരുവനന്തപുരം: സംരക്ഷിത വനമേഖകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. പരിസ്ഥിതിലോല മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കില്ല. പട്ടയം ലഭിച്ച സ്ഥലമാണെങ്കില്‍ അതുകൂടി റദ്ദാക്കേണ്ടി വരും.
ഇന്ന് തിരുവനന്തപുരത്ത് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വന്‍തിരിച്ചടിയാകുമെന്നും അപ്പീല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ആശങ്കയ്ക്ക് അറുതിയില്ല.
സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക കുടിയേറ്റ കര്‍ഷകരെയാകും. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റ കര്‍ഷകരുടെ കൃഷിഭൂമി മിക്കതും വനത്തോട് ചേര്‍ന്നതാണ്. ഇവിടങ്ങളില്‍ ചോര നീരാക്കിയാണ് പലരും പൊന്ന് വിളയിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടയം കിട്ടിയിട്ടുള്ള ഇത്തരം ഭൂമിയില്‍ ഇനി മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഉത്തരവ് പലരുടെയും ജീവിതത്തെ സാരമായി ബാധിക്കും.
ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോലമാക്കിയാല്‍ പലരുടെയും കൃഷിയും വരുമാനവും ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാകും ഉണ്ടാകുക. ഈ മേഖലയില്‍ ഒരുതരത്തിലുള്ള വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താനാവില്ല.
വനാതിര്‍ത്തിയിലെ നിര്‍മ്മാണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കര്‍ശന നിയമങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പലപ്പോഴും അതില്‍ ഇളവുകള്‍ നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ച ചെറുവീടുകള്‍ പിന്നീട് വിനോദ സഞ്ചാരികള്‍ക്കായുള്ള ഹോം സ്റ്റേകളായി പലയിടത്തും മാറിയിട്ടുണ്ട്.
വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള വനാതിര്‍ത്തികളില്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്ക് സര്‍ക്കാര്‍ സുപ്രീംകോടതിക്ക് നല്‍കേണ്ടി വരും.
നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തിയെക്കുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ മുഖ്യ വനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണം. ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ല.
സംസ്ഥാനത്തിന്റെയാകെ വന പ്രദേശത്തെ കുറിച്ചും അതിനോടു ചേര്‍ന്നുള്ള പരിസ്ഥിതിലോല പ്രദേശത്തെ കുറിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ശാസ്ത്രീയപഠനങ്ങള്‍ നടത്തിയിട്ടില്ല.
വനാതിര്‍ത്തിയോട് ചേര്‍ന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവയെല്ലാം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനത്തില്‍ വരുന്നവയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടി വന്നാല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ട തൊഴില്‍ നഷ്ടത്തിനും അതു വഴിയൊരുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.