മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം ആദ്യം; ക്രമീകരണങ്ങള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍, പ്രതീക്ഷയോടെ കേരളവും

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം ആദ്യം; ക്രമീകരണങ്ങള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍, പ്രതീക്ഷയോടെ കേരളവും

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ആദ്യം എത്തുന്ന രീതിയിലാകും ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം. കേരളത്തില്‍ എത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ കേരളവും ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

ഡല്‍ഹിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ആദ്യം സന്ദര്‍ശിക്കുക ഗോവയാകും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള പള്ളിയിലാകും പോപ്പ് ആദ്യം എത്തുക. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിലെ പ്രമുഖരെ ഉദ്ധരിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായും, ഇന്ത്യ വലിയ സമ്മാനമാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിക്ല വ്യക്തമാക്കിയിരുന്നു.

ലോകം കോവിഡിന്റെ പിടിയിലമര്‍ന്നതാണ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം നീണ്ടു പോകാന്‍ കാരണം. ഇന്ത്യ സന്ദര്‍ശിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമാണ് പല ഘട്ടത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ താന്‍ ഇന്ത്യയിലെ ജനതയെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നുവെന്നു കഴിഞ്ഞ മേയില്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസിന് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ 'ലെറ്റസ് ഡ്രീം ദ് പാത്ത് ഫോര്‍ എ ബെറ്റര്‍ ഫ്യൂച്ചര്‍' എന്ന പുസ്തകത്തില്‍, അകലത്തുള്ളവരെ അരികിലും അപരിചിതനെ സോദരനുമാക്കിയതിനു ദൈവത്തിനു നന്ദി പറയുന്ന, രവീന്ദ്രനാഥ ടഗോറിന്റെ ഗീതാഞ്ജലിയിലെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുകയും ചെയ്തു.

പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ. 1964 ലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. മുംബൈയില്‍ വെച്ച് നടന്ന തിരുവത്താഴം ചടങ്ങിനാണ് അദ്ദേഹം എത്തിയത്. 1986 ഫെബ്രുവരിയിലും 1999 ലും ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

1999 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്. ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ കാത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.