ലക്‌നൗ: കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തുകണ്ടുകെട്ടുമെന്നും വേണ്ടി വന്നാല്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കാണ്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് മീണ വ്യക്തമാക്കി.
ബിജെപി വക്താവ് നൂപര്‍ ശര്‍മ്മ ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം ഉത്തര്‍പ്രദേശിന്റെ സമാധാന അന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ബിജെപി നേതാവ് നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹര്‍ത്താലാണ് കാണ്‍പൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി.
പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാണ്‍പൂരില്‍ സംഘര്‍ഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തെരുവില്‍ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ത്തില്‍ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പ്രധാന സൂത്രധാരന്‍ സഫര്‍ ഹാഷ്‌നമി ഉള്‍പ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വരുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്നും പൊലീസ് ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നും യുപി പൊലീസ് എഡിജിപി വ്യക്തമാക്കി.
പ്രധാന പ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലില്‍ എസ്ഡിപി, ജിഎഫ്‌ഐ ബന്ധം തെളിക്കുന്ന രേഖകള്‍ കണ്ടെത്തിയെന്നും സംഘര്‍ഷത്തിലെ പിഎഫ്‌ഐ ബന്ധത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. ഇതിനിടെ ബറേലിയില്‍ ഒരു വിഭാഗം പ്രഖ്യാപിച്ച റാലി കണക്കിലെടുത്ത് ജൂലൈ മൂന്ന് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂണ്‍ പത്തിനാണ് ഇവിടെ ഒരു വിഭാഗം സംഘടനകള്‍ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസി സമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.