യു.എസില്‍ മൂന്നു നഗരങ്ങളിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പതു പേര്‍ക്ക് ജീവന്‍ നഷ്ടമായി; നിരവധി പേര്‍ക്ക് പരിക്ക്

യു.എസില്‍ മൂന്നു നഗരങ്ങളിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പതു പേര്‍ക്ക് ജീവന്‍ നഷ്ടമായി; നിരവധി പേര്‍ക്ക് പരിക്ക്

ഫിലാഡല്‍ഫിയ: യു.എസിനെ നടുക്കി മൂന്നു നഗരങ്ങളിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഫിലാഡല്‍ഫിയ, ചാറ്റനൂഗ, മിഷിഗണ്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. നിരവധി നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഫിലാഡല്‍ഫിയ നഗരത്തിലെ തിരക്കേറിയ തെരുവില്‍ ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകള്‍ അവധി ആഘോഷിക്കാന്‍ എത്തിയ സൗത്ത് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ആക്രമണം. ബാറുകളും റെസ്റ്റോറന്റുകളും ഏറെയുള്ള ഈ മേഖല വിനോദ ഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ആള്‍ക്കൂട്ടത്തിനു നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യ വെടിയൊച്ച കേട്ടയുടന്‍ ഓടിയെത്തി. ആക്രമികളിലൊരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും ഇയാള്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എത്രപേരാണ് വെടിവയ്പ് നടത്തിയതെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്തുനിന്ന് രണ്ട് സെമി-ഓട്ടോമാറ്റിക് കൈത്തോക്കുകള്‍ കണ്ടെടുത്തു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ടെന്നസി സംസ്ഥാനത്തെ ഒരു നിശാക്ലബിന് സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. ചാറ്റനൂഗ നഗരത്തിലായിരുന്നു സംഭവം. ഒന്നിലധികം അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ പതിനാലോളം പേര്‍ക്കാണ് വെടിയേറ്റത്. ഓടി രക്ഷപ്പെടുന്നതിനിടെ മൂന്ന് പേരെ വാഹനങ്ങള്‍ ഇടിച്ചു വീഴ്ത്തി. രണ്ടു പേര്‍ വെടിയേറ്റും ഒരാള്‍ വാഹനം ഇടിച്ചുമാണ് മരിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ചാറ്റനൂഗ പോലീസ് മേധാവി സെലസ്റ്റ് മര്‍ഫി പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചാറ്റനൂഗയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. മേയ് അവസാനമുണ്ടായ സംഭവത്തില്‍ ആറ് കൗമാരക്കാര്‍ക്ക് വെടിയേറ്റിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന മറ്റൊരു വെടിവയ്പ്പില്‍ മിഷിഗണിലെ സഗിനാവില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ച ഒക്ലഹോമയിലെ ടള്‍സയിലുള്ള ആശുപത്രിയില്‍ നടന്ന വെടിവയ്പില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വ്യാഴാഴ്ച വിസ്‌കോന്‍സിനിലും അയോവയിലും നടന്ന വെടിവയ്പുകളില്‍ രണ്ടു പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് 24ന് ടെക്‌സസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സംഘടനയുടെ കണക്കനുസരിച്ച് ഈ വര്‍ഷം യു.എസില്‍ ഇതുവരെ 239 കൂട്ട വെടിവയ്പ് നടന്നിട്ടുണ്ട്.

വെടിവെച്ച ആള്‍ക്ക് പുറമെ നാലോ അതിലധികമോ പേര്‍ വെടിയേറ്റ് കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്നതിനെയാണ് കൂട്ടവെടിവയ്പ്പ് എന്നു പറയുന്നത്. മുകളില്‍ കൊടുത്ത കണക്കുകള്‍ കൂട്ടവെടിവയ്പ്പിന്റെ മാത്രമാണ്. ഒറ്റപ്പെട്ട വെടിവയ്പ്പുകള്‍ അതില്‍ ഉള്‍പ്പെടുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.