ജൂൺ 7,ലോക ഭക്ഷ്യ സുരക്ഷാ ദിനം:നാം കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ?

ജൂൺ 7,ലോക ഭക്ഷ്യ സുരക്ഷാ ദിനം:നാം കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ?

ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ മുദ്രാവാക്യം,"സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം", എന്നതാണ്.മനുഷ്യന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നു. ഭക്ഷണം സുരക്ഷിതമാക്കാൻ ഒരു കൂട്ടം നിർദ്ദിഷ്ട പ്രവർത്തനങ്ങൾ യു.എൻ ലോകത്തോട് ആവശ്യപ്പെടുന്നു.
എവിടെ നിന്നാണ് ഭക്ഷണം ലഭിക്കുന്നത്? എന്ന ചോദ്യത്തിന് ഒരു കുട്ടിയുടെ രസകരമായ മറുപടി. ' ഭക്ഷണം ലഭിക്കുന്ന പ്രധാന ഉറവിടങ്ങള്‍ സസ്യങ്ങള്‍,മൃഗങ്ങള്‍,സ്വിഗ്ഗി,സൊമാറ്റോ പിന്നെ ഫുഡ്പാണ്ട എന്നിങ്ങനെയായിരുന്നു.ആധുനിക  കാലത്തെ 'കിടിലൻ ആധുനിക' മറുപടിയെന്നാണ് മാധ്യമങ്ങൾ  ഇതിനെ നിരീക്ഷിക്കുന്നത്.എന്നാൽ ഈ ഉറവിടങ്ങള്‍ ഇന്ന് സുരക്ഷിതമാണോ?പ്രത്യേകിച്ചും മനുഷ്യർ കൂടുതൽ സുരക്ഷിതത്വം തേടുന്നഈ  കാലത്ത് ഈ വലിയ  ചോദ്യം നമ്മുടെ മുൻപിൽ ഉണ്ട്.
സക്രിയവും ആരോഗ്യപരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം,ആവശ്യമായത്രവ ആവശ്യമായ സമയത്ത്, ജനങ്ങളുടെ ആഹാര രീതിക്കും ഭക്ഷണ ശീലങ്ങള്‍ക്കും ഇണങ്ങുംവിധം ലഭ്യമാക്കുന്ന ഭൗതികവും സാമ്പത്തികവുമായ സൗകര്യങ്ങളുടെ ലഭ്യതയാണ് ഭക്ഷ്യസുരക്ഷ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
 
പണ്ടു കാലത്തെ അതിജീവനം,എന്ന അവസ്ഥയില്‍ നിന്ന് ആവിഷ്‌കാരം എന്ന നിലയിലേക്ക് ഇന്ന് ഭക്ഷണത്തില്‍ മാറ്റമുണ്ടായിരിക്കുന്നു.പണ്ടുകാലത്ത് വിശപ്പ് മാറ്റാനുള്ള, ക്ഷീണം തീര്‍ക്കാനുള്ള മാര്‍ഗമായിരുന്നു ഭക്ഷണം.എന്നാല്‍ ഇന്ന് സംസ്കാരത്തിന്റെയും സുരക്ഷിതത്തിന്റെയും അടയാളംകൂടിയാണ് ഭക്ഷണം.പക്ഷെ,ഭക്ഷണം അനിവാര്യത എന്ന അവസ്ഥയില്‍ നിന്ന് ആഡംബരത്തിലേക്ക് മാറിയിരിക്കുകയാണ്.ആഡംബരം കൂടുമ്പോൾ എല്ലാവർക്കുമുള്ള ഭക്ഷ്യ സുരക്ഷയുടെ അനുപാതം കുറയുന്നു.
 
ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന, ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടിവരുന്ന കോടിക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്പോള്‍,ഭക്ഷണം ബാക്കിയാക്കി വലിച്ചെറിയുന്ന ആളുകളുടെ എണ്ണവും കൂടിവരുകയാണ്.വിശപ്പിന്റെ വിളി മനസ്സിലാക്കിയവന് ഒരിക്കലും ഭക്ഷണം നശിപ്പിക്കാനോ പാഴാക്കാനോ കഴിയുകയില്ല. ആവശ്യത്തിനുമാത്രം ആഹാരം സ്വീകരിക്കുകയും അവ പാഴാക്കാതെ മുഴുവനായും ഭക്ഷിക്കാനും നാം ശീലിക്കണം.
 
ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍,പകര്‍ച്ചവ്യാധി പോലെയുള്ള മാറാരോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു.ഒരു നേരത്തെ ആഹാരം ലഭിക്കാന്‍ ഏതെങ്കിലും രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപൊതിക്ക് വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍...വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ചകൾ.....  വാര്‍ത്താ മാധ്യമങ്ങളില്‍ നാം ദിവസേന കണ്ടു കൊണ്ടിരിക്കുകയാണ്.
കോവിഡ് 19 മഹാമാരിയും യുദ്ധങ്ങളും ,ദരിദ്രരായ ആളുകളെ വിട്ടുമാറാത്ത വിശപ്പിനും ക്ലേശങ്ങൾക്കും ഇടയിലാക്കി.സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കാരണം,അവരുടെ സ്ഥിതി ദിവസം തോറും വഷളായിക്കൊണ്ടിരിക്കുകയാണ്.നമ്മുടെ ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് ഒരു നിമിഷം എങ്കിലും നാം  ഓര്‍ക്കണം.മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നാം വെറുതെ കളയുന്നതെന്ന്?ഭക്ഷ്യ സുരക്ഷ നമുക്ക് വേണ്ടി മാത്രമല്ല,മറ്റുള്ളവർക്ക് വേണ്ടിയുള്ള കരുതലുമാണെന്നും ഓർക്കുക.ഏകദേശം 30 വർഷം മുൻപ്  ഭക്ഷണം പുറത്ത് കളയുക എന്നത് കുറ്റകരമായ പ്രവൃത്തിയായിരുന്നു.ഭക്ഷണ അച്ചടക്കം എല്ലാ സമൂഹത്തിലുമുണ്ടായിരുന്നു.എത്ര മാത്രം ബാക്കിവെക്കുന്നു എന്നതാണ് ഇന്ന് കേമത്തരമായി കരുതുന്നത്.
വീടുകളിലും ഹോട്ടലുകളിലും പാഴാക്കുന്ന ഭക്ഷണം കൊണ്ട് മാത്രം വിശക്കുന്ന എത്രയോ പേരുടെ വിശപ്പ് മാറ്റാന്‍ കഴിയും.മദര്‍തെരേസയാണ് ഇക്കാര്യത്തില്‍ വിപ്ലവകരമായ പ്രവര്‍ത്തനം നടത്തിയത്.കൊൽക്കത്തയിലെ ഹോട്ടലുകളില്‍ ചെന്ന് ആ വിശുദ്ധ പറഞ്ഞു, "നിങ്ങളുടെ എച്ചിലുകള്‍ ഞങ്ങള്‍ എടുത്തോളാമെന്ന്". എച്ചിലുകള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ അമൃതിന്റെ സ്ഥാനമാണ്.മദര്‍ തേരേസയുടെ ഈ കാമ്പയിന്‍ പ്രസക്തമാണ്.മനുഷ്യസ്‌നേഹികള്‍ക്ക് പിന്തുടരാവുന്നതാണ്.
കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട വ്രതങ്ങള്‍.ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യസംരക്ഷണം നടത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം.ആരോഗ്യ സംരക്ഷണോപാധികളാണ് ഓരോ വ്രതങ്ങളും.ഇന്ന് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് ഓർമിക്കുമ്പോൾ ഇത്തരം വ്രതങ്ങളുടെ ആവശ്യകതയും പ്രസക്തമാണ്.
.
സ്വന്തം ആഹാരശീലങ്ങൾ പോലും അസുഖങ്ങളുടെ വ്യാപനത്തിന് കാരണമായേക്കുമോ ആശങ്കയിലാണ് എല്ലാവരും കഴിയുന്നത്.ലോകജനതയുടെ സുരക്ഷക്കായി ലോകാരോഗ്യ സംഘടന ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അഞ്ചു നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുകയാണ്‌.ശുചിത്വം പാലിക്കുക,പാകം ചെയ്തതും ചെയ്യാത്തതും വെവ്വേറെ സൂക്ഷിക്കുക,നല്ലപോലെ വേവിച്ചു മാത്രം കഴിക്കുക,ആഹാരവസ്തുക്കൾ സുരക്ഷിതമായ താപനിലകളിൽ സൂക്ഷിക്കുക,ശുദ്ധമായ വെള്ളം, ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉപയോഗിച്ച് മാത്രം ഭക്ഷണം പാകം ചെയ്യുക എന്നിവയാണ് ആ നിർദേശങ്ങൾ.
ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭക്ഷണരീതി ആരോഗ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.നമ്മുടെ ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാർഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യയുടെ രാജ്യം മുഴുവനുമുള്ള പ്രവർത്തനം മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് : ഭക്ഷ്യ സുരക്ഷ (സുരക്ഷിതമല്ലാത്തത് ഭക്ഷണമല്ല),ആരോഗ്യം (ഭക്ഷണം വിളമ്പുന്ന പ്‌ളേറ്റിനൊപ്പം ശരീരത്തെയും മനസിനെയും കൂടി സമ്പന്നമാക്കണം),സുസ്ഥിരത (ജനങ്ങൾക്കും ഭൂമിക്കും നന്മ നൽകുന്നതാകണം ഭക്ഷണം).
ഇന്ന്  ലോകം മുഴുവന്‍ അനാരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെയാണ് കടന്നുപോകുന്നത്.ചിതലരിച്ചുതീർത്ത ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഒരു പുര പോലെയാണ് ആധുനിക മനുഷ്യന്റെ ശരീരം.തീർത്തും സുരക്ഷിതമായ ഭക്ഷണരീതികളിലൂടെ നാം കടന്നു പോകേണ്ടിയിരിക്കുന്നു.കോവിഡ് മഹാമാരി ഭക്ഷ്യമേഖലയുടെ ക്ഷേമത്തിനും,സുരക്ഷയ്ക്കും അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്.എന്നാൽ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും സഹായത്തോടെ നമുക്ക് ഈ വെല്ലുവിളികളെ അതിജീവിച്ച് ജനങ്ങൾക്ക് സുരക്ഷിതവും പോഷകവും മതിയായതുമായ ഭക്ഷണം നൽകുന്നതിൽ വിജയിക്കാനാകും എന്നുള്ളത് തീർച്ചയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.