ലോകമേ... മത തീവ്രവാദത്തിനെതിരേ ഇനിയെങ്കിലും മിഴി തുറക്കൂ

ലോകമേ... മത തീവ്രവാദത്തിനെതിരേ ഇനിയെങ്കിലും മിഴി തുറക്കൂ

നൈജീരിയ... ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ക്രൈസ്തവ നിലവിളിയുടെ സ്വരമാണ് കാതുകളില്‍ മുഴങ്ങുന്നത്. വര്‍ഷങ്ങളായി ക്രൈസ്തവരുടെ രക്തം വീണ് പാപ പങ്കിലമായ നാട്... ക്രിസ്ത്യാനികളുടെ ശവപ്പറമ്പായി മാറിയ രാജ്യം.

ഓരോ ദിവസവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് വലിയ സൗഭാഗ്യമായാണ് അവിടെയുള്ള ക്രൈസ്തവര്‍ കാണുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ജീവന് യാതൊരു ഉറപ്പുമില്ലാത്തൊരു രാജ്യം. പ്രഭാതം കാണുന്നവര്‍ പ്രദോഷം കാണുമെന്ന് യാതൊരു ഉറപ്പുമില്ല.

ഏതു സമയവും വെടിയുണ്ടകള്‍ ശരീരത്തിലൂടെ തുളഞ്ഞു കയറാം. അല്ലെങ്കില്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം ബോംബുകളാല്‍ ഛിന്നഭിന്നമാക്കപ്പെടാം. ഇത്തരം കടുത്ത അനശ്ചിതാവസ്ഥകള്‍ക്ക് നടുവിലാണ് ആ രാജ്യത്തെ ക്രൈസ്തവ സമൂഹം ജീവിക്കുന്നത്.

നൈജീരിയയിലെ  ഒണ്‍ഡോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലുള്ള സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ ഇന്നലെ പന്തക്കുസ്താ തിരുനാള്‍ ദിനാഘോഷത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ അതിക്രമിച്ചു കയറിയ മുസ്ലീം തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ കുട്ടികളും സ്ത്രീകളുമടക്കം മരിച്ചു വീണത് അമ്പതിലധികം പേരാണ്.

എഴുപതോളം പേര്‍ മരിച്ചതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേര്‍ ഗുരുതര പരിക്കുകളുമായി മരണത്തോട് മല്ലടിക്കുകയാണ്. വെടി വെയ്പിനു ശേഷം സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് പള്ളി തകര്‍ക്കുകയും ചെയ്തു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍... എത്രയെത്ര കൂട്ടക്കുരുതികള്‍.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ 11 ക്രൈസ്തവരെയാണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. 2019 ല്‍ മാത്രം 1000 ക്രിസ്ത്യാനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നൈജീരിയയില്‍ ഏതാണ്ട് പതിനയ്യായിരത്തിലധികം ക്രിസ്ത്യാനികള്‍ക്കാണ് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്നത്.

കൊലപാതകങ്ങള്‍ക്ക് പുറമേ തട്ടിക്കൊണ്ടു പോകലുകളും മാനഭംഗങ്ങളും ഇവിടെ നിത്യ സംഭവമാണ്. വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യാനി പെണ്‍കുട്ടികളുമാണ് ഭീകരന്‍മാരുടെ ഇരകളിലധികവും. പ്രവാചക നിന്ദ ആരോപിച്ച് മതഭ്രാന്തന്‍മാരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും കല്ലേറിനും ഇരയായി സാമുവല്‍ ദെബോറ യാക്കൂബ് എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്.

2009 ല്‍ ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന രൂപം കൊണ്ടതോടെയാണ് നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ശക്തമായത്. ഇസ്ലാം മതം സ്വീകരിക്കുവാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ആയിരത്തോളം ക്രൈസ്തവരെയാണ് ആ വര്‍ഷം തന്നെ ബൊക്കോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

2011 ലെ ക്രിസ്തുമസ് ദിനത്തില്‍ മടല്ല എന്ന സ്ഥലത്തെ കത്തോലിക്കാ പള്ളിക്കു നേരെ നടത്തിയ ബോംബ് ആക്രമണത്തില്‍ 41 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 2012 ല്‍ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 332 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി. 2014 ല്‍ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം മുന്നൂറിലധികമായിരുന്നു.

2015 മുതല്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ക്കൊപ്പം ഫുലാനി തീവ്രവാദികളും ക്രൈസ്തവ നരഹത്യ ആരംഭിച്ചു. 2015 ല്‍ മാത്രം ഏഴായിരത്തോളം ക്രൈസ്തവരാണ് വിവിധ ആക്രമണങ്ങളില്‍ വധിക്കപ്പെട്ടത്. 2018 ല്‍ മൂവായിരത്തോളം ക്രിസ്ത്യാനികളാണ് നൈജീരിയയില്‍ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതെന്ന് ഓപ്പണ്‍ ഡോര്‍സ് യുഎസ്എ വെളിപ്പെടുത്തുന്നു.

ഞെട്ടിക്കുന്ന കൊലപാതക കണക്കുകള്‍ക്കു പുറമേ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടു പോയ നിരവധി ആളുകള്‍ ഇപ്പോഴും തടങ്കലിലാണ്. ഇവര്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല. മേല്‍പ്പറഞ്ഞ മരണ കണക്കുകളെല്ലാം ഔദ്യോഗികമായി പുറത്തു വന്നവ മാത്രമാണ്. പല കലാപങ്ങളിലും ആക്രമണങ്ങളിലുമായി ഔദ്യോഗിക രേഖകളില്‍പ്പെടാത്ത മറ്റനേകം ക്രൈസ്തവ മരണങ്ങളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ തീവ്രവാദ ആക്രമങ്ങളെ ഗോത്രങ്ങള്‍ തമ്മിലുള്ള സഘര്‍ഷങ്ങളായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മറ്റു ചില ലോകോത്തര മാധ്യമങ്ങള്‍ ഇവിടെ നടക്കുന്ന അരും കൊലകളെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.

നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലായി പത്തോളം തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ബൊക്കോ ഹറാം, ഫുലാനി എന്നിവരെ കൂടാതെ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍ മുസ്ലിമീന്‍, ഇസ്ലാമിക് സ്റ്റേസ്റ്റ് വെസ്റ്റ് ആഫ്രിക്ക, അല്‍ ക്വയ്ദ ഇന്‍ ദി ഇസ്ലാമിക് മെഹ്‌റബ് എന്നിവരും പ്രബലരാണ്.

നൈജര്‍, കോഗി സംസ്ഥാനങ്ങളില്‍ ശക്തമായ വേരോട്ടമുള്ള ബൊക്കോ ഹറാം രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടത്തിയ കൂട്ടക്കുരുതി എന്ന് കരുതപ്പെടുന്നു. ഏതായാലും ഈ സംഘടനകള്‍ക്ക് കൊടും തീവ്രവാദ സംഘടനയായ ഐഎസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.

തീവ്രവാദം ഭൂരിപക്ഷ മുസ്ലീങ്ങളുടെ കാഴ്ചപ്പാടല്ലെങ്കില്‍ ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരെ ആഗോള മുസ്ലീം സമൂഹം രംഗത്തു വരണം. ആ സമുദായത്തിന്റെ പേരുപറഞ്ഞ് അവരില്‍ ചെറിയൊരു വിഭാഗം നടത്തി വരുന്ന കൂട്ടക്കുരുതികള്‍ മുസ്ലീം ജനതയെ ഒട്ടാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. നൈജീരിയയില്‍ ഞായറാഴ്ച നടന്ന കൂട്ടക്കുരുതിയെ അപലപിച്ചും തീവ്രവാദത്തെ തള്ളിപ്പറഞ്ഞും യുഎഇ രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്.

ഏത് രാജ്യത്താണെങ്കിലും മത തീവ്രവാദത്തിന്റെ പേരില്‍ ഇത്തരത്തില്‍ നിരപരാധികളുടെ രക്തം തെരുവിലൊഴുക്കുന്നതിനെതിരെ സംഘടിക്കുവാനും ഈ തിന്മയെ ചെറുത്തു തോല്‍പ്പിക്കാനും ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും കടമയുണ്ട്. അത്തരം നീക്കങ്ങളെ ഏകോപിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയണം.

ആഗോള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തുടരുന്ന കുറ്റകരമായ മൗനം വെടിഞ്ഞ് നിര്‍ണായക പങ്ക് വഹിക്കാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ആധുനിക ലോകത്തെ കാര്‍ന്നു തിന്നുന്ന മത തീവ്രവാദമെന്ന മഹാ വിപത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.