സോള്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി തുടരെത്തുടരെ ആണവ മിസൈലുകള്‍ പരീക്ഷിക്കുന്ന ഉത്തര കൊറിയക്ക് മറുപടിയുമായി ദക്ഷിണ കൊറിയയും അമേരിക്കയും. ഇരു രാജ്യങ്ങളും സംയുക്തമായി കഴിഞ്ഞ ദിവസം എട്ട് ബാലിസ്റ്റിക് മിസൈലുകള്‍ (അമേരിക്ക - ഒന്ന്, ദക്ഷിണ കൊറിയ - എഴ്) കടലിലേക്കു വിക്ഷേപിച്ചതായാണു റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ ഭാഗത്തെ കടലിലേക്ക് 10 മിനിറ്റിനുള്ളിലാണ് എട്ട് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഉത്തരകൊറിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും ഉള്ള ശേഷി തങ്ങള്‍ക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ശക്തി പ്രകടനമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് സൂചന.
ഉത്തര കൊറിയയുടെ പ്രകോപനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇരു രാജ്യങ്ങളുടെയും ഈ അഭ്യാസ പ്രകടനം. ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത് ഉള്‍പ്പെടെ 2022-ല്‍ മാത്രം 18 റൗണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിട്ടുണ്ട്. അതേ സമയം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്താന്‍ തയ്യാറാകുകയാണെങ്കില്‍ അതിന് തക്കതായ നയങ്ങള്‍ രൂപികരിക്കുമെന്ന് ദക്ഷിണ കൊറിയന്‍, യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മെയ് 25 ന് ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെത്തുടര്‍ന്ന് യുഎസും ദക്ഷിണ കൊറിയന്‍ സേനയും സമാനമായ രീതിയില്‍ ലൈവ് ഫയര്‍ ഡ്രില്‍ നടത്തിയിരുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദക്ഷിണ കൊറിയയും ജപ്പാനും സന്ദര്‍ശിച്ചിരുന്നു. രണ്ട് സഖ്യകക്ഷികളെയും ശത്രുക്കളില്‍ നിന്ന് പ്രതിരോധിക്കാനുള്ള യുഎസ് പ്രതിബദ്ധത സന്ദര്‍ശനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
തുടര്‍ന്ന് 100,000 ടണ്‍ ആണവോര്‍ജ്ജ ശേഷിയുള്ള യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഫിലിപ്പൈന്‍ കടലില്‍ ദക്ഷിണ കൊറിയയുമായി മൂന്ന് ദിവസത്തെ നാവിക അഭ്യാസവും നടത്തിയിരുന്നു. 2017 നവംബറിന് ശേഷം ഇവര്‍ നടത്തുന്ന ആദ്യത്തെ സംയുക്ത അഭ്യാസമായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.