പാവങ്ങള്‍ക്കായി ജീവിതം മാറ്റി വച്ച വിശുദ്ധ മറിയം ത്രേസ്യ

പാവങ്ങള്‍ക്കായി ജീവിതം മാറ്റി വച്ച വിശുദ്ധ മറിയം ത്രേസ്യ

അനുദിന വിശുദ്ധര്‍ - ജൂണ്‍ 08

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ചിറമേല്‍ മങ്കിടിയന്‍ തോമായുടെയും അന്നയുടെയും മകളായി 1876 ഏപ്രില്‍ 26 നാണ്് മറിയം ത്രേസ്യാ ജനിച്ചത്. അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരുന്നു മറിയം ത്രേസ്യ. മക്കളെ ആഴമായ ദൈവ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അന്ന പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളെയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്തു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ മനംനൊന്ത് അവളുടെ പിതാവും സഹോദരനും മദ്യപാനത്തിന് അടിമകളായി മാറി. ഇങ്ങനെയുള്ള ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് മറിയം ത്രേസ്യ വിശുദ്ധിയുടെ പൊന്‍ കിരീടം ചൂടിയത്.

മാമ്മോദീസാ പേരായ ത്രേസ്യാ എന്ന പേരിലായിരുന്നു അവള്‍ ആദ്യം അറിയപ്പെട്ടിരുന്നത്. 1904 മുതല്‍ അവള്‍ തന്റെ നാമം മറിയം ത്രേസ്യാ എന്നാക്കി മാറ്റി. കാരണം പരിശുദ്ധ കന്യക അവള്‍ക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും ''മറിയം'' എന്ന പേര് അവളുടെ പേരിന്റെ കൂടെ ചേര്‍ക്കുവാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു. അവള്‍ അപ്രകാരം ചെയ്യുകയും ചെയ്തു.

ആഴ്ചയില്‍ നാല് പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തില്‍ നിരവധി പ്രാവശ്യം ജപമാല ചൊല്ലുന്നതും അവളുടെ പതിവായിരുന്നു. അവള്‍ക്ക് എട്ട് വയസായപ്പോള്‍ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും ജാഗരണ പ്രാര്‍ത്ഥനകളും അനുഷ്ടിക്കുന്നതില്‍ നിന്നും വിലക്കി. പക്ഷേ ത്രേസ്യയാകട്ടെ കൂടുതല്‍ പീഡനങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു. പത്ത് വയസ് പ്രായമായപ്പോഴേക്കും അവള്‍ തന്റെ വിശുദ്ധി ക്രിസ്തുവിനു വേണ്ടി സമര്‍പ്പിച്ചു.

ത്രേസ്യയ്ക്ക് 12 വയസുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. പിന്നീട് തന്റെ ദൈവ നിയോഗം തിരിച്ചറിയുവാനുള്ള ഒരു നീണ്ട അന്വേഷണത്തിലായിരുന്നു അവള്‍.

ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവള്‍ പാവങ്ങളേയും രോഗികളേയും സഹായിക്കുകയും, തന്റെ ഇടവകയില്‍ ഏകാന്തവാസം നയിക്കുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. കുഷ്ഠരോഗികളേയും ചിക്കന്‍പോക്‌സ് പിടിപ്പെട്ടവരേയും വരെ അവള്‍ ശുശ്രൂഷിച്ചിരുന്നു. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.

അപ്രകാരം നോബല്‍ പുരസ്‌കാര ജേതാവും മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയുമായ കല്‍ക്കട്ടയിലെ മദര്‍ തെരേസയുടേതിനു സമാനമായ നേട്ടം കേരളത്തില്‍ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു ഗ്രാമത്തിലെ പ്രേഷിത വേലയിലൂടെ മറിയം ത്രേസ്യ കൈവരിച്ചു. മദര്‍ തെരേസയ്ക്കും അര നൂറ്റാണ്ട് മുന്‍പാണ് മറിയം ത്രേസ്യ പാവങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത്.

ത്രേസ്യായും അവളുടെ മൂന്ന് സഹചാരികളും കൂടി ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷന്‍മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ വീട് വിട്ട് പുറത്ത് പോകാറില്ലെന്ന ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ സഹായിച്ചു.

പ്രവചന വരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ നിഗൂഡമായ ദൈവീക സമ്മാനങ്ങളാല്‍ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിനു സമാനമായി ആത്മീയ ഉന്മാദത്തില്‍ വായുവില്‍ നിലം തൊടാതെ നില്‍ക്കുക തുടങ്ങിയ അത്ഭുതകരമായ സംഭവങ്ങള്‍ അവളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ത്രേസ്യ തന്റെ മുറിയുടെ ഭിത്തിയില്‍ നിലം തൊടാതെ ക്രൂശിത രൂപത്തിന്റെ ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണുവാന്‍ ആളുകള്‍ തടിച്ചു കൂടുമായിരിന്നുവെന്ന് പറയപ്പെടുന്നു.

ഒരുപക്ഷേ, ഇത്തരം നിഗൂഡ വര ദാനങ്ങള്‍ കൊണ്ട് അവള്‍ നിറഞ്ഞിരിന്നെങ്കിലും തന്റെ വിനയവും എളിമയും നിലനിര്‍ത്തുവാന്‍ ദൈവം അവള്‍ക്ക് ചില സഹനങ്ങളും നല്‍കി. പിയട്രേല്‍സിനായിലെ പ്രസിദ്ധനും ധന്യനുമായ പാദ്രേ പിയോയെപോലെ അവള്‍ക്കും പഞ്ചക്ഷതമുണ്ടായി. എന്നാല്‍ അവള്‍ ഇത് ശ്രദ്ധാപൂര്‍വ്വം പൊതുജനങ്ങളില്‍ നിന്നും മറച്ചു വെച്ചു. പിശാചിന്റെ ശല്യം അവളെ വിടാതെ പിന്തുടര്‍ന്നു.

1902 നും 1905നും ഇടക്ക്, മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം അവളുടെ ഇടവക വികാരിയായിരുന്ന ജോസഫ് വിതയത്തില്‍ അച്ചന്റെ കീഴില്‍ അവള്‍ തുടരെ തുടരെ ബാധയൊഴിപ്പിക്കലിന് വിധേയയായി. ത്രേസ്യ പിശാചിന്റെ കയ്യിലെ കളിപ്പാട്ടം പോലെയായിരിക്കുന്നത് കണ്ട് ആ പുരോഹിതന്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ഈ ബാധയൊഴിപ്പിക്കലുകള്‍ ചില ആളുകള്‍ അവളെ വ്യാജയായ വിശുദ്ധ എന്ന് സംശയിക്കുവാന്‍ ഇട നല്‍കി.

1902 മുതല്‍ അവളുടെ മരണം വരെ വിതയത്തില്‍ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്. അവള്‍ തന്റെ ഹൃദയം പൂര്‍ണമായും ആത്മവിശ്വാസത്തോടും കൂടി അദ്ദേഹത്തിന്റെ മുമ്പില്‍ തുറക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു. അവളുടെ 55 എഴുത്തുകളില്‍ 53 എണ്ണം ആത്മീയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തില്‍ അച്ചന് എഴുതിയ കത്തുകളായിരുന്നു.

1903 ല്‍ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്‌തോലിക വികാരി ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേരുവാന്‍ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു.

1912 ല്‍ അദ്ദേഹം അവള്‍ക്ക് ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാല്‍ താന്‍ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടത്തെ കന്യാസ്ത്രീകള്‍ അവളെ തങ്ങളുടെ സഭയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തെങ്കിലും ഇതല്ല തന്റെ ദൈവവിളിയെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു.

അങ്ങനെ 1913 ല്‍ മാര്‍ ജോണ്‍ മേനാച്ചേരി ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാന്‍ അവളെ അനുവദിക്കുകയും അതിന്റെ വെഞ്ചിരിപ്പിനായി തന്റെ സെക്രട്ടറിയെ അയക്കുകയും ചെയ്തു. അധികം വൈകാതെ ത്രേസ്യാ അങ്ങോട്ടേക്ക് മാറുകയും അവളുടെ മൂന്ന് സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു.

അവര്‍ പ്രാര്‍ത്ഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദര്‍ശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അനുഷ്ഠിച്ചു പോന്നു.

മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ സേവിക്കുവാന്‍ വേണ്ടിയുള്ള ഒരു ആത്മീയ സഭയുടെ സാധ്യത മെത്രാന്‍ കണ്ടെത്തി. അങ്ങനെ 1914 മെയ് 14 ന് മറിയം ത്രേസ്യാ നിത്യവൃത വാഗ്ദാനം സ്വീകരിച്ചു കൊണ്ട് ഹോളി ഫാമിലി എന്ന് പേരോട് കൂടിയ സന്യാസിനീ സഭയ്ക്ക് തുടക്കം കുറിച്ചു.

അവളുടെ മൂന്ന് സഹചാരികളും ആ സഭയിലെ പോസ്റ്റുലന്റ്‌സായി ചേര്‍ക്കപ്പെട്ടു. ഈ പുതിയ സന്യാസിനീ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ മറിയം ത്രേസ്യായും ജോസഫ് വിതയത്തില്‍ അച്ചന്‍ ചാപ്ലിനുമായിരുന്നു.

ഒന്നാം ലോകമഹാ യുദ്ധത്തിന് മുന്‍പും പിന്‍പുമുള്ള ബുദ്ധിമുട്ടേറിയ വര്‍ഷങ്ങളില്‍ ദൈവീക പരിപാലനയിലുള്ള വിശ്വാസവും അതിയായ ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് പുതിയ മഠങ്ങളും സ്‌കൂളുകളും രണ്ട് പാര്‍പ്പിടങ്ങളും പഠനത്തിനുള്ള ഒരു ഭവനവും ഒരു അനാഥാലയവും സ്ഥാപിക്കുവാന്‍ ത്രേസ്യായ്ക്ക് കഴിഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മറിയം ത്രേസ്യാ വളരെയേറെ പ്രാധ്യാന്യം കൊടുത്തിരുന്നു. അവളുടെ ലാളിത്യവും, എളിമയും, വിശുദ്ധിയും നിരവധി പെണ്‍കുട്ടികളെ ആകര്‍ഷിച്ചു. അമ്പതാം വയസില്‍ മരിക്കുമ്പോള്‍ 55 കന്യാസ്ത്രീകളും, 30 താമസക്കാരും, 10 അനാഥരും മറിയം ത്രേസ്യയുടെ പരിപാലനയില്‍ ഉണ്ടായിരുന്നു.

1964 ല്‍ സഹസ്ഥാപകനായ വിതയത്തിലച്ചന്‍ മരിക്കുന്നത് വരെ ഈ സഭയുടെ അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. രണ്ടായിരാമാണ്ടായപ്പോഴേക്കും ഈ സന്യാസിനീ സഭയ്ക്ക് കേരളത്തിലും വടക്കെ ഇന്ത്യയിലും ജര്‍മ്മനിയിലും ഘാനയിലുമായി 1584 ഓളം നിത്യവൃതമെടുത്ത കന്യാസ്ത്രീകള്‍ സേവന നിരതരായി ഉണ്ടായി. നിലവില്‍ ഏഴ് പ്രോവിന്‍സുകളും 119 നോവീസുകളും, 176 ഭവനങ്ങളും ഹോളി ഫാമിലി (ഇ.ഒ.എ) സഭയ്ക്കുണ്ട്.

1926 ജൂണ്‍ എട്ടിനാണ് മറിയം ത്രേസ്യാ മരണമടയുന്നത്. ഭാരമുള്ള എന്തോ വസ്തു കാലില്‍ വീണത് മൂലമുള്ള മുറിവ് അതിയായ സഹനങ്ങള്‍ക്ക് വഴി തെളിയിച്ചു. പ്രമേഹരോഗമുണ്ടായിരുന്നതിനാല്‍ ആ മുറിവ് ഭേദമാകാത്തതായിരുന്നു മരണത്തിന്റെ കാരണം. അവളുടെ മരണശേഷം മറിയം ത്രേസ്യായുടെ പ്രസിദ്ധി നാടെങ്ങും പരന്നു. അവളോടുള്ള മാധ്യസ്ഥ സഹായം വഴിയായി നിരവധി രോഗികള്‍ അത്ഭുതകരമായി സുഖപ്പെട്ടു.

മറിയം ത്രേസ്യായുടെ മാധ്യസ്ഥത്തില്‍ നടന്ന നിരവധി അത്ഭുതങ്ങളില്‍ ഒരെണ്ണം 1992 ല്‍ സഭ വളരെ വിശദമായി ഉറപ്പുവരുത്തി. 1956 ല്‍ ജനിച്ച മാത്യു പെല്ലിശേരി ജന്മനാ മുടന്തനായിരുന്നു. തന്റെ പതിനാലാമത്തെ വയസ് വരെ വളരെ ആയാസപ്പെട്ടാണ് അവന്‍ നടന്നിരുന്നത്. അവന്റെ രോഗം ഭേദമാകുന്നതിനായി കുടുംബം ഒന്നടങ്കം 33 ദിവസം ഉപവസിക്കുകയും മറിയം ത്രേസ്യായുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്തു.

1970 ഓഗസ്റ്റ് 21 ന് ഉറങ്ങുന്നതിനിടക്ക് അവന്റെ വലത് കാല്‍ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. തുടര്‍ന്നു 39 ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ശേഷം 1974 ഓഗസ്റ്റ് 28ന് അവന്റെ ഇടത് കാലും ശരിയായി. അതിനു ശേഷം മാത്യുവിന് നടക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

ഈ ഇരട്ട രോഗശാന്തി ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഒമ്പതോളം ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഇത് ദൈവദാസിയായ മറിയം ത്രേസ്യായുടെ മാധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന് വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി ഒന്നിന് അംഗീകരിച്ചു.

ഇതിനിടെ 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചു. അത്ഭുത രോഗശാന്തി സഭാപരമായി മറിയം ത്രേസ്യയുടെ വിശുദ്ധീകരണ പ്രഖ്യാപനത്തിനാവശ്യമായ ഏറ്റവും അവസാനത്തെ കാര്യമായിരുന്നു.

2000 ഏപ്രില്‍ ഒമ്പതിന്് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബുര്‍ഷേയിലെ യുഗാസ്റ്റിയോളാ

2. റൂവെന്‍ ബിഷപ്പായ ജില്ഗാര്‍ഡ്

3. ഇരായിലെ ബിഷപ്പായ ബ്രോണ്‍

4. മെറ്റ്‌സ് ബിഷപ്പായ ക്ലോഡുള്‍ഫുസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26