അനുദിന വിശുദ്ധര്‍ - ജൂണ്‍ 09
സിറിയന്‍ സഭയിലെ ഏക വേദപാരംഗതനാണ് കവിയും വാഗ്മിയുമായ വിശുദ്ധ എഫ്രേം. മെസപ്പെട്ടോമിയായിലെ നിസിബിസിലാണ് ജനനം. പതിനെട്ടാമത്തെ വയസിലായിരുന്നു ജ്ഞാനസ്‌നാനം.
തന്നെ ജ്ഞാനസ്‌നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. വളരെ പെട്ടെന്ന് തന്നെ എഫ്രേം വിശുദ്ധിയിലും അറിവിലും പുരോഗതി കൈവരിക്കുകയും നിസിബിസിലെ വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു.
മെത്രാനായ ജെയിംസിന്റെ മരണ ശേഷം പേര്‍ഷ്യക്കാര്‍ നിസിബിസ് പിടിച്ചടക്കിയപ്പോള്‍ മതമര്‍ദ്ദനം ഭയന്ന് എഫ്രേം ഉള്‍പ്പെടെ നിരവധി ക്രിസ്ത്യാനികള്‍ എദേസയിലേക്ക് പലായനം ചെയ്തു. അവിടെയെത്തിയ എഫ്രേം തുടക്കത്തില്‍ മലനിരകളില്‍ പാര്‍ത്തു വന്നിരുന്ന സന്യാസിമാര്‍ക്കൊപ്പം താമസിക്കുകയും പിന്നീട് തനിക്ക് ചുറ്റും തടിച്ചു കൂടുന്ന ജനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി ഏകാന്തതയില്‍ സന്യാസ ജീവിതമാരംഭിക്കുകയും ചെയ്തു.
എദേസയിലെ ദേവാലയത്തില്‍ ഡീക്കനായി നിയമിതനായെങ്കിലും അദ്ദേഹം എല്ലാ ദിവസവും നിലത്തു കിടന്നാണ് ഉറങ്ങിയിരുന്നത്. രാത്രി കാലങ്ങളില്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും പല ദിവസങ്ങളിലും ഉപവസിക്കുകയും ചെയ്യുമായിരുന്നു. മാനുഷികവും നശ്വരവുമായ എല്ലാത്തിനേയും അദ്ദേഹം ഉപേക്ഷിക്കുകയും ദൈവീകവും, അനശ്വരവുമായവ നേടുന്നതിനായുള്ള പരിശ്രമം തുടരുകയും ചെയ്തു. പിന്നീട് പരിശുദ്ധാത്മാവ് വിശുദ്ധനെ കാപ്പാഡോസിയായിലെ സിസേറിയായിലേക്ക് നയിച്ചു.
അവിടെ വെച്ച് അദ്ദേഹം സഭയുടെ വക്താവായിരുന്ന ബേസിലിനെ കണ്ട് മുട്ടി. അവര്‍ തമ്മിലുണ്ടായ പരസ്പര സംവാദങ്ങളില്‍ നിന്നും ഇരുവരും ഏറെ അറിവ് ആര്‍ജിച്ചു. അക്കാലത്ത് സഭയെ പ്രശ്‌നത്തിലാഴ്ത്തിയിരുന്ന ചില അബദ്ധ ധാരണകളെ തിരുത്തുന്നതിനും യേശു ക്രിസ്തുവിന്റെ ജീവിതത്തിലെ നിഗൂഢതകളെ വിശദീകരിക്കുന്നതിനുമായി സിറിയന്‍ ഭാഷയില്‍ വിശുദ്ധന്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇവയില്‍ മിക്കവയും ഗ്രീക്ക് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടു. അക്കാലത്ത് ദേവാലയങ്ങളില്‍ സുവിശേഷ വായനയ്ക്ക് ശേഷം എഫ്രേം എഴുതിയിട്ടുള്ള കാര്യങ്ങള്‍ വായിക്കാറുണ്ടായിരുന്നുവെന്ന് വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം പ്രസിദ്ധമായിരുന്നു വിശുദ്ധന്റെ രചനകള്‍.
പരിശുദ്ധ മാതാവിനേയും, വിശുദ്ധന്‍മാരേയും സ്തുതിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കവിതകളെ കണക്കിലെടുത്ത് സിറിയക്കാര്‍ ''പരിശുദ്ധാത്മാവിന്റെ സാരംഗി'' എന്നാണ് എഫ്രേമിനെ വിളിച്ചിരുന്നത്. പരിശുദ്ധ മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തി പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നിരവധി യോഗ്യതകളാല്‍ സമ്പൂര്‍ണനായി മെസപ്പെട്ടോമിയയിലെ എദേസയില്‍ വെച്ചാണ് വിശുദ്ധ എഫ്രേം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്.
പുരാതന്‍ റോമന്‍ ദിന സൂചികയനുസരിച്ച് വലെന്‍സിന്റെ ഭരണകാലത്ത് ജൂലൈ മാസം 14 നാണ് വിശുദ്ധന്‍ മരിക്കുന്നത്. പരിശുദ്ധ കത്തോലിക്കാ സഭയിലെ നിരവധി കര്‍ദ്ദിനാള്‍മാരുടേയും മെത്രാപ്പോലീത്തമാരുടേയും മെത്രാന്‍മാരുടേയും പാത്രിയാര്‍ക്കീസുമാരുടേയും ആശ്രമാധിപതിമാരുടേയും സന്യാസ സഭകളുടേയും അപേക്ഷ പ്രകാരം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ, വിശുദ്ധ എഫ്രേമിനെ ആഗോള സഭയുടെ വേദപാരംഗതനായി അംഗീകരിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അയോണായിലെ ബയിത്തിന്‍
2. ഐറിഷുകാരനായ കുമ്മിയാന്‍
3. റോമാക്കാരായ പ്രീമൂസും ഫെലീസിയനും
4. സ്‌കോട്ട്‌ലന്‍ഡിലെ വിശുദ്ധരില്‍ പ്രസിദ്ധനായ കൊളുമ്പ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.