അമേരിക്കയില്‍ തോക്ക് വാങ്ങാനുള്ള പ്രായം 21 ആക്കാന്‍ ശ്രമം; ജനപ്രതിനിധിസഭ അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പ് സെനറ്റില്‍ തിരിച്ചടിയാകും

അമേരിക്കയില്‍ തോക്ക് വാങ്ങാനുള്ള പ്രായം 21 ആക്കാന്‍ ശ്രമം; ജനപ്രതിനിധിസഭ അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പ് സെനറ്റില്‍ തിരിച്ചടിയാകും

വാഷിങ്ടണ്‍: തുടര്‍ച്ചയായ തോക്ക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ സ്വയംസുരക്ഷയ്ക്കായി സ്വകാര്യ വ്യക്തികള്‍ക്ക് തോക്ക് വാങ്ങാനുള്ള പ്രായം 18 വയസില്‍ നിന്ന് 21 ആക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ജനപ്രതിനിധി സഭയില്‍ ബുധനാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ സഭാംഗങ്ങള്‍ ഏകാഭിപ്രായത്തോടെ ബില്ലിനെ അനുകൂലിച്ചു. നിയമനിര്‍മാതാക്കളുടെ ശുപാര്‍ശ ബില്‍ സെനറ്റിന്റെ അംഗീകാരത്തിനായി നല്‍കി. റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പുള്ളതിനാല്‍ സെനറ്റില്‍ തിരിച്ചടി ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

50 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പുതിയ തോക്ക് നിയമത്തോട് തുറന്ന സമീപനം ഉളളത്. തോക്ക് സുരക്ഷയ്ക്ക് നിയന്ത്രണമല്ല ബോധവത്കരണമാണ് വേണ്ടതെന്ന് അഭിപ്രായമാണ് റിപ്പബ്ലിക്കന്‍മാര്‍ക്ക്. ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ച എന്ന നിലയില്‍ അനുകൂലിച്ചേക്കാം. എങ്കിലും ഭൂരിപക്ഷാഭിപ്രായം നേടിയെടുക്കുക എന്നത് വലിയ കടമ്പയാണ്. ഈ ആഴ്ച്ച അവസാനത്തോടെ അന്തിമ ധാരണയിലെത്തിയേക്കും.

15 റൗണ്ടില്‍ കൂടുതല്‍ ശേഷിയുള്ള തോക്കുകള്‍ വില്‍ക്കുന്നതിനും ബില്ലില്‍ നിരോധനമുണ്ട്. മാനസിക രോഗമോ ക്രിമിനല്‍ ചരിത്രമോ ഉള്ള വ്യക്തികളെ തോക്ക് വാങ്ങാനാകില്ല. വാങ്ങുന്ന ആളുടെ പശ്ചാത്തല പരിശോധന തോക്ക് വാങ്ങുന്ന ഘട്ടത്തില്‍ ഉണ്ടാകും. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഉവാള്‍ഡെ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ് ഇരയായ 11 വയസുകാരി മിയ സെറില്ലോ ഉള്‍പ്പെടെ, അടുത്തിടെ വെടിവയ്പ്പില്‍ ഇരയായവരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അനുഭവം കേട്ടതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ആക്രമണത്തില്‍ മിയയുടെ സഹപാഠി കൊല്ലപ്പെട്ടിരുന്നു. ''ക്ലാസ് മുറിയില്‍ അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് തോക്ക്ധാരി ഉളളിലേക്ക് വന്ന് വെടിയുതിര്‍ത്തത്. ഇതു കണ്ട അധ്യാപകന്‍ എല്ലാവരോടും പുറത്തേക്ക് ഇറങ്ങി ഓടാന്‍ പറഞ്ഞു. ഇതിനിടെ പല കുട്ടികള്‍ക്കും വെടിയേറ്റു. കൂട്ടത്തില്‍ 'അവള്‍ക്കും'. അവളുടെ തലയിലാണ് വെടിയേറ്റത്.'' മിയ സെറില്ലോ പറഞ്ഞു.

സംഭവത്തിന് ശേഷം ആഘാതത്തില്‍ നിന്ന് മകള്‍ മോചിതയായിട്ടില്ലെന്ന്് മിയയുടെ പിതാവ് മിഗ്വല്‍ സെറില്ലോ പറഞ്ഞു. ''ഞങ്ങള്‍ക്കൊപ്പം ഉല്ലസിച്ചിരുന്ന കുട്ടിയല്ല അവളിപ്പോള്‍. സ്‌കൂളുകളും സുരക്ഷിതമല്ലാതായിരിക്കുന്നു.'' മിഗ്വല്‍ സെറില്ലോ പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ ലെക്‌സി റൂബിയോയുടെ മാതാപിതാക്കളില്‍ നിന്നും അനുഭവങ്ങള്‍ കേട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.