'അവര്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ചു': നൈജീരിയയിലെ കൂട്ടക്കൊലയില്‍ മരിച്ച മാതാപിതാക്കളുടെ ഓര്‍മയില്‍ മകള്‍

'അവര്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ചു': നൈജീരിയയിലെ കൂട്ടക്കൊലയില്‍ മരിച്ച മാതാപിതാക്കളുടെ ഓര്‍മയില്‍ മകള്‍

ഓവോ: നൈജീരിയയിലെ കത്തോലിക്ക പള്ളിയിലുണ്ടായ കൂട്ടക്കൊലയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്റെ തീവ്ര വേദനയിലാണ് ലെയ്ഡ് അജാനകു എന്ന യുവതി. ക്രൈസ്തവ വിശ്വാസം മുറുകെപ്പിടിച്ച് സാധാരണ ജീവിതം നയിച്ചിരുന്ന തന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍നിന്ന് ലെയ്ഡ് ഇപ്പോഴും മുക്തയായിട്ടില്ല. സംഭവ ദിവസം പള്ളിയിലുണ്ടായിരുന്ന മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചെന്നറിയാതെ ആശങ്കപ്പെട്ടതും ഒടുവില്‍ ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്ത തന്നെ തേടിയെത്തിയെത്തിയതും ലെയ്ഡ് കണ്ണീരോടെ ഓര്‍ക്കുന്നു.

അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ലെയ്ഡ് അന്നത്തെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ചത്.

തന്റെ മാതാപിതാക്കള്‍ ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല. അന്നത്തെ ദിവസം പള്ളിയില്‍ സ്‌ഫോടനമുണ്ടായെന്നാണ് ആദ്യം അറിഞ്ഞത്. പരിഭ്രാന്തയായ താന്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പലരെയും വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.

'ഡാഡിയുടെ ഫോണ്‍ ഒരു വ്യക്തിയുടെ കൈയിലുണ്ടായിരുന്നു. ആ വ്യക്തി ആരായിരുന്നുവെന്ന് തനിക്കിപ്പോഴും അറിയില്ല. അദ്ദേഹം ഫോണ്‍ എടുത്ത് പറഞ്ഞതിങ്ങനെയാണ് - ഡാഡിക്ക് പരിക്കേറ്റു, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മമ്മി എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കുടുംബ സുഹൃത്തായ വൈദികനാണ് മമ്മി മരിച്ചുവെന്ന് അറിയിച്ചത്.

പിന്നീട് മോര്‍ച്ചറിയില്‍ വെച്ചാണ് മാതാപിതാക്കളുടെ മൃതദേഹം ലെയ്ഡ് തിരിച്ചറിഞ്ഞത്. ജോണ്‍ അഡെസിന അജാനകു (67), ഭാര്യ ഒലബിമ്പെ സൂസന്ന (64) എന്നിവരാണ് ആ ദാരുണ സംഭവത്തില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ പൈശാചിക പ്രവൃത്തിയില്‍ ഒരു നിമിഷം കൊണ്ട് അനാഥയാക്കപ്പെട്ട ലെയ്ഡിനെ സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ ഓര്‍മകള്‍ വിടാതെ പിന്തുടരുകയാണ്.

'അവര്‍ പള്ളിയിലെ എല്ലാ ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. എന്റെ ഡാഡി ഒരു നേതാവായിരുന്നു. കാത്തലിക് മെന്‍സ് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്നു. ക്രൈസ്തവ വിശാസം മുറുകെ പിടിക്കുകയും അത് തന്റെ സഹോദരങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്ന അധ്യാപകനുമായിരുന്നു. ഒരുപാടു സ്‌നേഹമുള്ള ദമ്പതികളായിരുന്നു തന്റെ ഡാഡിയും മമ്മിയും.


ലെയ്ഡും മാതാപിതാക്കളും (ഫയല്‍ ചിത്രം)

അഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളുന്ന പള്ളിയിലുണ്ടായ ആക്രമണത്തിന് മാതാപിതാക്കള്‍ സാക്ഷ്യം വഹിച്ചതായി മനസിലായെങ്കിലും ഇരുവരും ഒരുമിച്ച് തന്നെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല - ലെയ്ഡ് തുടര്‍ന്നു.

മരണത്തിലും ഡാഡിയും മമ്മിയും ഒരുമിച്ചായതില്‍ തനിക്ക് അത്ഭുതമില്ലെന്ന് യുവതി പറഞ്ഞു. ഒരാള്‍ക്ക് മറ്റൊരാളില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല.

നൈജീരിയയിലെ ഒന്‍ഡോ സംസ്ഥാനത്തെ ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് അന്‍പതിലധികം പേര്‍ക്കാണ്. നിരവധി കുട്ടികളും കൊല്ലപ്പെട്ടു. മരിച്ചവരുടെ കൃത്യമായ കണക്ക് ഇപ്പോഴും പോലീസ് പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.