ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളു പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങനെയാണ് ചെള്ളി പനി ബാധിക്കുന്നതെന്നും രോഗലക്ഷണങ്ങളും പ്രതിരോധവും എങ്ങനെയാണെന്ന് പരിശോധിക്കാം.
എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന് കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്ത ധമനികളില്‍ കടന്നു കൂടുന്നു. പുനരുല്‍പാദനം നടത്തി ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പു നിറം പ്രത്യക്ഷപ്പെടും. പത്ത് ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക.
ലക്ഷണങ്ങള്‍
പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്) കാണപ്പെടുന്നു.
രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തു മൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റി നിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.
ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച ഉടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം. രോഗം തടയാന്‍ വാക്സിനുകള്‍ ലഭ്യമല്ല.
രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണ കാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.