സ്ട്രാസ്ബര്‍ഗ്: ഗര്‍ഭഛിദ്ര ഉത്തരവ് റദ്ദാക്കിയേക്കുമെന്നുള്ള അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ കരട് അഭിപ്രായ രേഖ ചോര്‍ന്ന സംഭവത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്. കരട് അഭിപ്രായം ചോര്‍ന്നതിനെ അപലപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്റെ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രീറ്റോ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി.
യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലാണ് 'ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ക്കെതിരായ ആഗോള ഭീഷണികള്‍: യുഎസിലെ ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കുന്നത്' എന്ന പ്രമേയം വോട്ടിനിട്ട് പാസാക്കിയത്. റോ വി വേഡിനെ യുഎസ് സുപ്രീം കോടതി അസാധുവാക്കിയാല്‍, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശ ലംഘനങ്ങളില്‍ ആശങ്കയുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. 364 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 154 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. 37 പേര്‍ വിട്ടുനിന്നു.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലും യൂറോപ്യന്‍ സ്ഥാപനങ്ങളിലും അനുകൂലമല്ലാത്ത ഒരു പ്രത്യേക പ്രവണതയാണ് വോട്ടെടുപ്പിലൂടെ പ്രകടമായതെന്ന് ഫാ. മാനുവല്‍ ബാരിയോസ് പ്രീറ്റോ വിമര്‍ശിച്ചു. 'ഇത് സഭയുടെ നിലപാടിന് വിരുദ്ധമാണ്, സഭയുടെ മാത്രമല്ല, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിക്കലുമാണ്. അതുകൊണ്ട് തന്നെ പ്രമേയ പാസാക്കിയതിനോട് വിയോജിപ്പും ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മ്മന്‍ പ്രതിനിധി ടെറി റെന്റ്‌കെ ഗര്‍ഭച്ഛിദ്ര അനുകൂലമായ സന്ദേശമുള്ള പച്ച സ്‌കാര്‍ഫ് ധരിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതിനെയും ഫാ. മാനുവല്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള അത് നിരസിച്ചു.
ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ 2021 ലും യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തിരുന്നു. വോട്ടെടുപ്പിനെ കത്തോലിക്കാ ഗ്രൂപ്പുകളും വത്തിക്കാന്‍ 'വിദേശകാര്യ മന്ത്രി' ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗറും അന്നു വിമര്‍ശിച്ചതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.