തെക്കന്‍ ചൈനയില്‍ പേമാരിയും വെള്ളപ്പൊക്കവും; 32 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തെക്കന്‍ ചൈനയില്‍ പേമാരിയും വെള്ളപ്പൊക്കവും; 32 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹോങ്കോങ്: തെക്കന്‍ ചൈനയില്‍ കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 32 മരണം. ദശലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. വീടുകളും വ്യാപാര സ്ഥാപനങ്ങളും പ്രളയത്തില്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. വാഹനങ്ങള്‍ ഒലിച്ചുപോയി. 600 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. വീടുകള്‍ക്കുള്ളിലും കെട്ടിടങ്ങളിലുമൊക്കെ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. 286,000 ആളുകളെ ഒഴിപ്പിച്ചു. 2,700 ലധികം വീടുകള്‍ തകരുകയോ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തു. 96,160 ഹെക്ടര്‍ വിളകള്‍ നശിച്ചു. 1.79 ദശലക്ഷം താമസക്കാരെ ബാധിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



ഗുവാങ്സി പ്രവിശ്യയില്‍ വ്യാഴാഴ്ച മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാളെ കാണാതായി. ഈ മാസം തന്നെ ഇവിടെ 10 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഫുജിയാന്‍ പ്രവിശ്യയില്‍ എട്ട് പേരും തെക്ക് പടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയില്‍ അഞ്ച് പേരും ഗ്വാങ്സി പ്രവിശ്യയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളും മരിച്ചു.

മരണം ഏറെ റിപ്പോര്‍ട്ട് ചെയ്ത ഷെങ്ഷൗ മേഖലയില്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് നല്‍കിയ അഞ്ച് റെഡ് അലേര്‍ട്ടുകള്‍ക്ക് സ്വീകരിക്കുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. നഗരത്തിലെ സബ് വേകളില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. സബ് വേകളിലെ വെള്ളക്കെട്ടില്‍ പെട്ട് 12 പേര്‍ മരിക്കുന്ന ദാരുണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.



വേനല്‍ വെള്ളപ്പൊക്കം ചൈനയില്‍ ഒരു സ്ഥിരം സംഭവമാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 398 പേര്‍ മരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയോടെയാണ് പ്രളയ ബാധിത പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്.

ആഗോളതാപനം ഇതിനകം തന്നെ തെക്കന്‍ ചൈന ഉള്‍പ്പെടുന്ന കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ മഴയുടെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂമി കൂടുതല്‍ ചൂടാകുന്നതിനനുസരിച്ച് അതിശക്തമായ മഴയുടെ തീവ്രതയും ആവൃത്തിയും ഉയരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ എണ്ണവും വര്‍ദ്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.