മല്‍സരം നടന്ന 16 ല്‍ ഒന്‍പതിലും ജയിച്ചത് ബിജെപി; കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന മൂന്നു സീറ്റുകള്‍ കൈവിട്ടത് പാര്‍ട്ടിയിലെ തമ്മിലടി മൂലം

മല്‍സരം നടന്ന 16 ല്‍ ഒന്‍പതിലും ജയിച്ചത് ബിജെപി; കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന മൂന്നു സീറ്റുകള്‍ കൈവിട്ടത് പാര്‍ട്ടിയിലെ തമ്മിലടി മൂലം

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശ. രാജസ്ഥാനില്‍ ബിജെപിയുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കി തുടങ്ങിയ കോണ്‍ഗ്രസിന് പക്ഷേ കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ അടിപതറി. പാര്‍ട്ടിയിലെ തമ്മിലടിക്കൊപ്പം സഖ്യകക്ഷികളുടെ പിന്നില്‍ നിന്നുള്ള കുത്തലും കോണ്‍ഗ്രസിന് തിരിച്ചടിയായി.

രാജ്യസഭയില്‍ മല്‍സരം നടന്നത് 16 സീറ്റുകളിലേക്കായിരുന്നു. ഇതില്‍ ഒന്‍പതെണ്ണം ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് കിട്ടിയത് അഞ്ച് സീറ്റുകളാണ്. കൈയിലിരുന്ന മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് കൊണ്ടുപോയി തുലച്ചെന്ന് പറയാം. കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു പേരെ അനായാസമായി ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേനെ.

സ്ഥാനാര്‍ഥി നിര്‍ണയമാണ് ഹരിയാനയിലും കര്‍ണാടകയിലും കോണ്‍ഗ്രസിന് വിനയായത്. പുറത്തു നിന്നുള്ള അജയ് മാക്കാനെ ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള നീക്കത്തില്‍ സംസ്ഥാന ഘടകം പ്രതിഷേധത്തിലായിരുന്നു. തങ്ങളുടെ സംസ്ഥാനത്തു നിന്നുള്ളവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ തീരുമാനം മാറ്റാന്‍ സോണിയ ഗാന്ധിയോ രാഹുലോ തയാറായില്ല.

പിസിസി പ്രസിഡന്റാക്കാതെ മാറ്റിനിര്‍ത്തപ്പെട്ട കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ മാധ്യമപ്രവര്‍ത്തകന്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഹരിയാനയില്‍ നിന്നൊരാളെ സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ ഈ സീറ്റ് കോണ്‍ഗ്രസിന് കൈവിട്ടു പോകില്ലായിരുന്നു.

കര്‍ണാടകയില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താമെന്ന ജെഡിഎസിന്റെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത്. ജെഡിഎസ് എംഎല്‍എയുടെ വോട്ട് ലഭിച്ചെങ്കിലും അതൊന്നും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചില്ല. ജെഡിഎസ് എംഎല്‍എമാരുടെ കൂടെ വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലാണ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്. ശിവസേനയും എന്‍സിപിയും ഒപ്പമുണ്ടായിട്ടും മഹാവികാസ് അഘാഡിയുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ സഖ്യത്തിനായില്ല. വരുംദിവസങ്ങളില്‍ മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ വലിയ പൊട്ടിത്തെറിക്ക് ഇത് ഇടവരുത്തിയേക്കും. മഹാ അഘാഡി സഖ്യത്തില്‍ നിന്ന് 10 എംഎല്‍എമാരുടെ വോട്ടുകളാണ് ബിജെപിയുടെ സ്ഥാനാര്‍ഥി ധനഞ്ജയ് മഹാധിക്കിന് ലഭിച്ചത്.

അവസാന കണക്കുകൂട്ടലില്‍ നഷ്ടമേറെ കോണ്‍ഗ്രസിന് തന്നെയാണ്. വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെ, മറ്റ് കക്ഷികളോട് ആലോചിക്കാതെ ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ നീക്കങ്ങളാണ് പാളിയത്. കോണ്‍ഗ്രസ് പുനസംഘടന അടുത്തു നില്‍ക്കെ കോണ്‍ഗ്രസിലെ വിമതര്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് രാജ്യസഭ തെരഞ്ഞെടുപ്പിലെ പാളിച്ചകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.