കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമം വീണ്ടും; അമേരിക്കയില്‍ മൂന്നിടത്ത് പ്രഗ്‌നന്‍സി സെന്ററുകള്‍ അടിച്ചു തകര്‍ത്തു

കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമം വീണ്ടും; അമേരിക്കയില്‍ മൂന്നിടത്ത് പ്രഗ്‌നന്‍സി സെന്ററുകള്‍ അടിച്ചു തകര്‍ത്തു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമങ്ങള്‍ തുടരുന്നു. അലാസ്‌കയിലെ ആങ്കറേജിലെയും വാഷിംഗ്ടണിലെ വാന്‍കൂവറിലെയും ഫ്‌ളോറിഡയിലെ ഹോളിവുഡിലും കാത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെയും പ്രഗ്‌നന്‍സി സെന്ററുകള്‍ക്കു നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായി. സ്ഥാപനത്തിന്റെ ജനാല ചില്ലുകള്‍ തകര്‍ക്കുകയും ചുവരുകളില്‍ ഗര്‍ഭഛിദ്രാനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കുകയും ചെയ്തു.

അലാസ്‌കയിലെ ആങ്കറേജില്‍ കമ്മ്യൂണിറ്റി പ്രെഗ്‌നന്‍സി സെന്ററിന് നേരെ പുലര്‍ച്ചെ 1.30നാണ് ആക്രമണം ഉണ്ടായത്. പാര്‍ക്കിംഗ് സ്ഥലം സ്‌പ്രേ പെയിന്റ് ചെയ്ത് വികൃതമാക്കി. ക്ലിനിക്കിന്റെ മുന്‍വാതിലിലെ ഗ്ലാസും തകര്‍ത്തു. 'ഞങ്ങള്‍ തിരികെ പോകില്ല' എന്ന വാചകം ചുവരില്‍ രേഖപ്പെടുത്തിയതായും ക്ലിനിക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് മൊണ്‍റാഡ് അലാസ്‌ക പറഞ്ഞു.

വാഷിങ്ടണിലെ വാന്‍കൂവറിലെ വിമന്‍സ് ക്ലിനിക്കിന് നേരെ കഴിഞ്ഞ ഒന്‍പതിനാണ് ആക്രമണം ഉണ്ടായത്. ചുവരുകളില്‍ ചുവന്ന പെയിന്റില്‍ 'ജെയ്ന്‍സ് പ്രതികാരം' എന്ന് രേഖപ്പെടുത്തി. ജനാല ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെയാണ് അക്രമണം നടന്നതെന്ന് ക്ലിനിക്കിന്റെ സിഇഒയും പ്രസിഡന്റുമായ പാം മാര്‍ചന്ദ് പറഞ്ഞു.

ഫ്‌ളോറിഡയിലെ ഹോളിവുഡില്‍ അതിരൂപതയുടെ പ്രോ-ലൈഫ് ഗര്‍ഭധാരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 'ജെയ്ന്‍സ് പ്രതികാരം' എഴുതുന്നതായ വീഡിയോ ദൃശ്യങ്ങള്‍ സ്ഥാപനത്തിന്റെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. മുഖംമൂടി ധരിച്ച നാല് പേര്‍ സൗത്ത് ബ്രോവാര്‍ഡ് പ്രെഗ്‌നന്‍സി ഹെല്‍പ്പ് സെന്ററിനെ സമീപിക്കുന്നതും ക്ലിനിക്കിന്റെ ചുമരില്‍ പെയിന്റ് സ്‌പ്രേ ചെയ്യുന്നതും ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് സംഘം സ്ഥലത്തുനിന്നു മടങ്ങി.



ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ 1973-ലെ റോയ് വേഴ്‌സസ് വെയ്ഡ് വിധിന്യായം അസാധുവാക്കുന്നതായുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ കരട് അഭിപ്രായം ചോര്‍ന്നതിനെ തുടര്‍ന്നാണ് അമേരിക്കയിലാകെ ഗര്‍ഭഛിദ്രാനുകൂലികള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഫ്‌ളോറിഡ, വാഷിംഗ്ടണ്‍ ഡിസി, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, മേരിലാന്‍ഡ്, വിസ്‌കോണ്‍സിന്‍, ഒറിഗോണ്‍, ടെക്‌സസ് എന്നിവിടങ്ങളിലെ പ്രോ-ലൈഫ് ഗര്‍ഭധാരണ കേന്ദ്രങ്ങളും അമേരിക്കയിലെ പലഭാഗത്തെ കത്തോലിക്ക് സ്ഥാപനങ്ങളും പള്ളികളും ഇവര്‍ ആക്രമിച്ചു. കേസിന്റെ അന്തിമ വിധിന്യായം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ കോടതി പുറത്തുവിടുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.