മലയോര കര്‍ഷകന്റെ അതിജീവന പോരാട്ടത്തിന് സഭയും കത്തോലിക്കാ കോണ്‍ഗ്രസും നേതൃത്വം നല്‍കും: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

മലയോര കര്‍ഷകന്റെ അതിജീവന പോരാട്ടത്തിന് സഭയും കത്തോലിക്കാ കോണ്‍ഗ്രസും നേതൃത്വം നല്‍കും: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: മലയോര കര്‍ഷകരെ ദ്രോഹിക്കുന്ന ബഫര്‍ സോണ്‍ എന്ന കരിനിയമത്തിനെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്. ഇടുക്കി വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയിലെ മാര്‍ ആനിക്കുഴിക്കാട്ടില്‍ നഗറില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത വാര്‍ഷികം സഭയുടെ ജനപക്ഷ നിലപാടുകളുടെ വേദി കൂടിയായി മാറി.

ബഫര്‍ സോണ്‍ കരിനിയമത്തിനെതിരേ പ്രതിഷേധ ജ്വാല തെളിയിച്ചാണ് മലയോര ജനതയുടെ പോരാട്ടത്തിന് സഭ ഐകദാര്‍ഡ്യം പ്രഖ്യാപിച്ചത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ബഫര്‍ സോണ്‍ നിയമത്തിനെതിരായ പോരാട്ടത്തിന് സഭയും കത്തോലിക്കാ കോണ്‍ഗ്രസും നേതൃത്വം നല്‍കുമെന്ന് വ്യക്തമാക്കി.

വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മലയോര ജനത ആശങ്കയിലാണ്. സുപ്രീംകോടതി വിധി സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. വന്യജീവികളുടെ ആക്രമണം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന ജനതയ്ക്ക് കോടതി വിധി തിരിച്ചടിയാണ്. ഈ വിധി മാറ്റി കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം.

ആളുകള്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകേണ്ട സ്ഥിതിയാണ് വന്നു ചേരുന്നത്. ഇവിടെ ജീവിക്കുന്നവര്‍ മനുഷ്യരാണെന്ന ചിന്തയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണ് നടത്തണം. ഇത് ഇടുക്കിയുടെ മാത്രം പ്രശ്‌നമല്ല. മറ്റ് ജില്ലകളെയും ബാധിക്കും. എന്നിരുന്നാലും ഇടുക്കി ജില്ലയെയാണ് കൂടുതല്‍ ബാധിക്കുക.

ജനങ്ങളുടെ ആശങ്കയാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഈ നാട് ഭരിക്കുന്നവരും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മതനേതാക്കളും ജനങ്ങളും ഒന്നു ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദം ചെലുത്തണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഇവിടുത്തെ അവസ്ഥ അറിയിക്കണം. കോടതി വിധി നടപ്പിലാക്കിയാല്‍ ഇവിടെ ഇടുക്കിയും കട്ടപ്പനയും കുമളിയും അടിമാലിയും ഉണ്ടാകുമോയെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ചോദിച്ചു.

ജനങ്ങളുടെ അവസ്ഥ എന്തായി മാറും. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ മലയോര കര്‍ഷകന്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. നഗരങ്ങളുടെ സൗകര്യങ്ങളിലിരുന്ന് മണ്ണുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

അനുകൂലമായ തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ടു പോകണം. പിന്നില്‍ നിന്നല്ല ഒപ്പംനിന്നും പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നിന്നു നയിക്കാനും അല്‍മായര്‍ക്ക് കഴിയട്ടെയെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആശംസിച്ചു.

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരേ തുടര്‍ സമരങ്ങള്‍ നടത്താന്‍ പ്രതിനിധി സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ നേതൃത്വത്തെ ചുമതലപ്പെടുത്തി. പൊതുസമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി.

പത്തൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, യൂത്ത് കൗണ്‍സില്‍, ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഉദ്ഘാടനം വനിതാ കൗണ്‍സില്‍ എന്നിവയും നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി നിര്‍വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ ഗ്ലോബല്‍ ട്രഷറര്‍ ഡോ. ജോബി കാക്കശേരി, രൂപത ഡയറക്ടര്‍ ഫദര്‍ ഫ്രാന്‍സിസ് ഇടവക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷിക സമ്മേളത്തില്‍ വച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നല്‍കുന്ന ലീലാമ്മ തോമസ് മെമ്മോറിയല്‍ അമ്മയോടൊപ്പം എഡോമെന്റ് ഇരുപത്തിയയ്യാരിരം രൂപയും മെമന്റൊയോയും വിതരണം ചെയ്തു.

2022-23 പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതി രൂപതാ ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ അവതരിപ്പിച്ചു. വിവിധ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു കൊണ്ട് ബേബി കൊടക്കല്ലില്‍, ജോസുകുട്ടി മാടപ്പളളില്‍, ജോസഫ് കുര്യന്‍ ഏറമ്പടം, വി.റ്റി തോമസ്, മാത്യൂസ് ഐക്കര, അഡ്വ. മാത്യു മലേക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊതു സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജോസ് തോമസ് ഒഴുകയില്‍, ടോമി ഇളംതുരുത്തി, ഷാജി കുന്നുപുറത്ത്, സണ്ണി കരുവേലിക്കല്‍, ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ജോയി വളളിയാംന്തടം, അഗസ്റ്റിന്‍ പരത്തിനാല്‍ എന്നിവര്‍ സംസാരിച്ചു. രൂപതാ കമ്മിറ്റി അംഗങ്ങളായ ഷാജി പുരയിടത്തില്‍, സിബി വലിയമറ്റം, റ്റോമി കണ്ടത്തില്‍, രാജു കണ്ടത്തിന്‍കര, ബെന്നി മുക്കിലക്കാട്ട്, ഷിബു മഠത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.