വെല്ലിംഗ്ടണ്‍: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണെതിരേ ഉയരുന്ന വധഭീഷണികള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിനേഷനു വേണ്ടി ജസീന്ദ കടുത്ത നിലപാട് കൈക്കൊണ്ടതും വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതുമാണ് ഭീഷണികള്‍ വര്‍ധിക്കാന്‍ കാരണമായത്.
പോലീസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ന്യൂസ്ഹബ്ബ് പുറത്തുവിട്ട കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 2019-ല്‍ പ്രധാനമന്ത്രിക്കെതിരേ 18 ഭീഷണികള്‍ ലഭിച്ചതായി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ല്‍ ഇത് 32 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 50 ഭീഷണി സന്ദേശങ്ങളാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ഇ-മെയിലുകളിലൂടെയുമായിരുന്നു കൂടുതല്‍ ഭീഷണികളും വന്നുകൊണ്ടിരുന്നത്.
രാജ്യത്തെ ഉലച്ച വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പ്രധാനമന്ത്രിക്കെതിരേയുള്ള പ്രതിഷേധമായും മാറിയിരുന്നു. ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം ജനങ്ങളും ഇതിനെ പിന്തുണയ്ക്കുമ്പോള്‍ ഒരു വിഭാഗം സമരത്തിനിറങ്ങുകയായിരുന്നു.
പോലീസിനെ ഉപയോഗിച്ച് ശക്തമായ ഭാഷയിലാണ് അക്രമാസക്തമായ പ്രതിഷേധങ്ങളോട് ജസീന്ദ മറുപടി നല്‍കിയത്. പാര്‍ലമെന്റും തെരുവുകളും കൈയേറി നടത്തിയ സമരക്കാരെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഭീഷണികള്‍ വര്‍ധിക്കാന്‍ കാരണമായി. ജസീന്ദയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പരസ്യമായി വിചാരണ ചെയ്യണമെന്നും വധിക്കണമെന്നും ചില പ്രക്ഷോഭകര്‍ വാദിച്ചു.
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭകനെ കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജസീന്ദ ആര്‍ഡണെതിരേ വധഭീഷണികളുണ്ടായി. ആക്രമണത്തിനു തൊട്ടുപിന്നാലെ ഇരകളുടെ മുറിവുണക്കാനും തോക്കുകള്‍ നയന്ത്രിക്കാനും ജസീന്ദ കൈകൊണ്ട നടപടികള്‍ ചില തീവ്ര വലതുപക്ഷക്കാരെ പ്രകോപിപ്പിച്ചിരുന്നു.
ജസീന്ദ ആര്‍ഡണ്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന വാക്സിന്‍ വിരുദ്ധ പ്രക്ഷോഭകര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയത് അടുത്ത കാലത്താണ്. ബേ ഓഫ് ഐലന്‍ഡ്‌സില്‍ വച്ചാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കാര്‍ പിന്തുടര്‍ന്നത്. വാക്സിനെ എതിര്‍ക്കുന്നവരുടെ സംഘം സഞ്ചരിച്ച വാഹനം പ്രധാനമന്ത്രിയുടെ കാറിനെ പിന്തുടരുകയും അവരെ 'നാസി' എന്നു വിളിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിക്കെതിരായ വധഭീഷണികള്‍ക്കൊപ്പം അശ്ലീലവും വിഷലിപ്തവുമായ അഭിപ്രായപ്രകടനങ്ങളും ഈ വര്‍ഷം വലിയതോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2021-2022 കാലയളവിലാണ് ഭീഷണികള്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. എംപിമാരും തങ്ങള്‍ക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.