ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത ബി.ജെ.പി ഇതര പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.
ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നാളെ വൈകുന്നേരം മൂന്നിനാണ് യോഗം ചേരുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം.
22 നേതാക്കളെയാണ് യോഗത്തിന് മമത ബാനര്‍ജി ക്ഷണിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യന്ത്രി ഭഗവന്ത് മാന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള ആളുകളെയാണ് യോഗത്തിന് ക്ഷണിച്ചത്.
പവാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നാണ് പവാറിന്റെ നിലപാട്. യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മമത ശനിയാഴ്ച പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു.
ജൂലായ് 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 21ന് ഫല പ്രഖ്യാപനമുണ്ടാകും. ജൂലായ് 25 ന് പുതിയ രാഷ്ട്രപതി ചുമതലയേലക്കും. ഭരണ മുന്നണിയായ എന്‍ഡിഎയ്ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനുള്ള ഭൂരിപക്ഷമില്ല. 2017 ലെ തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ബിജെഡിയുടെയും പിന്തുണ എന്‍ഡിഎ നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.