പോളണ്ട്: രണ്ടാം ലോക മഹാ യുദ്ധകാലത്ത് രക്തസാക്ഷികളായ പത്ത് പോളിഷ് സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 1945-ല്‍ സോവിയറ്റ് പട്ടാളക്കാര്‍ കൊലപ്പെടുത്തിയ സന്യാസിനികളെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ജൂണ്‍ 11-ന് പോളണ്ടിലെ വ്‌റോക്ലാവിലെ കത്തീഡ്രലില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മധ്യേയായിരുന്നു വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ മാര്‍സലോ സെമറാറോ മുഖ്യകാര്‍മികത്വം വഹിച്ചു.
യുദ്ധകാലത്ത് പ്രായമായവരെയും രോഗികളെയും കുട്ടികളെയും പരിചരിച്ചിരുന്ന, സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീ സഭാംഗങ്ങളാണ് ഈ സന്യാസിനികള്‍. പോളണ്ടിലെ വിവിധ മഠങ്ങളിലെ അന്തേവാസികളായിരുന്ന ഇവരെല്ലാം 1944-45 കാലഘട്ടത്തിലാണ് കൊല ചെയ്യപ്പെട്ടത്.
വത്തിക്കാനില്‍ ഞായറാഴ്ച നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അവസാനം ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ട സന്യാസിനികളുടെ ജീവിതസാക്ഷ്യത്തിന് ആദരവ് അര്‍പ്പിച്ചു.
ബ്രഹ്‌മചര്യവൃതത്തിലും സന്യാസ ജീവിതത്തിലും വിശ്വസ്ഥത പുലര്‍ത്തി ജീവിച്ച സന്യാസിനികളെ 'റെഡ് ആര്‍മി' എന്ന പേരില്‍ കുപ്രസിദ്ധരായ സോവിയറ്റ് പട്ടാളക്കാരാണ് കൊലപ്പെടുത്തിയത്. ഈ സഹോദരിമാരുടെ ജീവിതം മുഴുവന്‍ രോഗികള്‍ക്കും എളിയവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുകയായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍സലോ പറഞ്ഞു. ഇവരുടെ രക്തസാക്ഷിത്വത്തെ ഉക്രെയ്‌നിലെ നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
റെഡ് ആര്‍മി വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും തങ്ങളുടെ സംരക്ഷണയിലുണ്ടായിരുന്നവരെ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ തയാറാകാതിരുന്നതാണ് അവരെല്ലാം ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടാന്‍ കാരണം. അവരുടെ നിസ്വാര്‍ത്ഥ സ്‌നേഹം വീരോചിതമായിരുന്നു എന്ന് കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
10 കന്യസ്ത്രീകളുടെ രക്തസാക്ഷിത്വം ഉക്രെയ്‌നെ പീഡിപ്പിക്കുന്ന വിദ്വേഷ മനോഭാവത്തെ മനസിലേക്ക് കൊണ്ടുവരുന്നതായി കര്‍ദ്ദിനാള്‍ പറഞ്ഞു. നിസ്വാര്‍ത്ഥ സ്നേഹവും മറ്റുള്ളവരോടുള്ള കരുതലും യുദ്ധക്കെടുതികളോടുള്ള പ്രതികരണമാണെന്നും സമാധാനം കെട്ടിപ്പടുക്കാന്‍ അത് സഹായിക്കുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധക്കെടുതികളില്‍നിന്നുള്ള മുക്തിക്കായി ഇവരുടെ മാധ്യസ്ഥം തേടണമെന്നും ഓര്‍മിപ്പിച്ചു.
ഉക്രെയ്ന്‍ ജനതയെയും കുടിയേറ്റക്കാരെയും സമാധാനത്തിനായുള്ള നമ്മുടെ അന്വേഷണത്തെയും നവ വാഴ്ത്തപ്പെട്ടവരില്‍ ഭരമേല്‍പ്പിക്കാമെന്നും കര്‍ദ്ദിനാള്‍ പ്രാര്‍ഥിച്ചു.
യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രെയ്ന്‍കാര്‍ക്ക് അതിര്‍ത്തികളും ഹൃദയങ്ങളും വീടുകളുടെ വാതിലുകളും തുറന്നുകൊടുത്ത പോളണ്ടുകാര്‍ക്ക് നന്ദി പറയുന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെയും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.